Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ

സായാഹ്‌ന വാർത്തകൾ

2021 | സെപ്റ്റംബർ 20 | 1197 | കന്നി 4 | തിങ്കൾ | പൂരുട്ടാതി

🔳ഇന്ത്യയില്‍ വികസിപ്പിച്ച വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ബ്രിട്ടണ്‍. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിര്‍ദേശങ്ങളില്‍ കൊവിഷീല്‍ഡിന്റെയും കൊവാക്സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വാക്സീനെടുക്കാത്തവര്‍ക്കും ഒരേ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്റേത് വംശീയമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് വിമര്‍ശിച്ചു.

🔳അധികാരത്തിലെത്തിയാല്‍ ചേരിതിരിവ് പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുണ്ടാകും. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി.

🔳പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിവിധ മത നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ അധ്യക്ഷതയിലാണ് വൈകിട്ട് യോഗം നടക്കുക. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

🔳പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടതെന്നും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണെന്നും താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

🔳എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മുരളീധരന്‍. കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് എതിരായ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്നം പരിഹരിയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നാണ് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഇന്നലെ മുരളീധരന്‍ പറഞ്ഞത്.

🔳ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

🔳പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. ഇത് അങ്ങേയറ്റം ആപല്‍ക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബി ജെ പി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരനടക്കം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശ വിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. ബിജെപി വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. ആ ശൈലി കോണ്‍ഗ്രസും പിന്തുടരുന്നു.വി ഡി സതീശനും രമേശ് ചെന്നിത്തലയും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിതര്‍ക്ക പ്രശ്നത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി.സര്‍ക്കാരിന്റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവിട്ടാല്‍ അത് നടപ്പാക്കണ്ട സംവിധാനം സര്‍ക്കാരിനുണ്ട്. എന്നാല്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു . എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.

🔳പള്ളിത്തര്‍ക്ക കേസില്‍ കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കാന്‍ ഏതൊരു സര്‍ക്കാരിനും ബാധ്യത ഉണ്ട്. ക്രമസമാധാനത്തിന്റെ പേരില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാതെ ഇരുന്നാല്‍, അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. നീതി നിഷേധത്തിനു സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് കരുതുന്നുവെന്നും നിയമത്തോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ പാലിച്ചേ മതിയാകൂവെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

🔳കരുവന്നൂരില്‍ കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടില്‍ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് പറയുന്നത്. തൃശൂര്‍ മാടായിക്കോണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുമ്പില്‍ ഒറ്റയാന്‍ സമരം നടത്തിയിരുന്നു

🔳കേരളത്തില്‍ സമഗ്ര സാമൂഹിക സര്‍വേ നടത്താന്‍ ആര്‍.എസ്.എസ്. ഒരുങ്ങുന്നു. സംഘടനയ്ക്ക് കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരുമുണ്ടെങ്കിലും സമൂഹത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ആര്‍.എസ്.എസ് രൂപവത്കരിച്ചിട്ട് നൂറുവര്‍ഷം തികയുന്ന 2025-ല്‍ കൈവരിക്കേണ്ട സംഘടനാവികാസം സംബന്ധിച്ച ആസൂത്രണത്തിനും സര്‍വേ വിവരങ്ങള്‍ ഉപയോഗിക്കും.

🔳കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സംസ്ഥാന വ്യാപക ധര്‍ണയുമായി യുഡിഎഫ്. രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ധര്‍ണ. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ മുമ്പിലാണ് ധര്‍ണ നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ ധര്‍ണ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

🔳മുന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരേ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഫെയ്സ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിനു പിന്നാലെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ താന്‍ കളക്ടറായിരുന്ന സമയത്ത് തനിക്കെതിരേ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ആളില്ലാത്ത പോസ്റ്റില്‍ കയറി ഗോളടിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

🔳കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്. അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.

🔳ഗാന്ധിജിയുടെ വസ്ത്രധാരണത്തെ രാഖി സാവന്തിന്റേതുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശത്തില്‍ വിവാദത്തിലായി ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത്. ഗാന്ധിജി തുച്ഛമായ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാള്‍ വലിയവനാവുമെങ്കില്‍ രാഖി സാവന്ത് ഗാന്ധിയേക്കാള്‍ വലിയ ആളാവുമായിരുന്നു’ എന്നാണ് ഹൃദയ് നാരായണിന്റെ പരാമര്‍ശം.

🔳പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് അമരീന്ദര്‍ സിംഗ് ബഹിഷ്‌ക്കരിച്ചു. ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷം ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു.
ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കള്‍ ട്വീറ്റ് ചെയ്തത്.

🔳റഷ്യന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പ്. സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം.

🔳ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആര്‍സിബിയുടെ എതിരാളി. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 34,640 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45,972 നിലവാരത്തിലാണ്.

🔳കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഡ്രൂം ഓഹരി വിപണിയിലേക്ക് എത്തുന്നു. 1,000 കോടി രൂപ സമാഹരിക്കാനാണ് ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോമായ ഡ്രൂം ലക്ഷ്യമിടുന്നത്. 2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡ്രൂം, ഈ വര്‍ഷം ജൂലൈയില്‍ ഐപിഒയ്ക്ക് മുന്നോടിയായി ഫണ്ട് സമാഹരിച്ചിരുന്നു. 1.2 ബില്യണ്‍ ഡോളര്‍ മൂല്യമാണ് സ്റ്റാര്‍ട്ട്അപ്പിനുള്ളത്. ഡ്രൂമിലൂടെയുള്ള വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും കാറുകളാണ്.

🔳മികച്ച ചിത്രങ്ങളുമായി സംവിധായകന്‍ സജിന്‍ലാല്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, അതിജീവനത്തിന്റെ പെണ്‍കരുത്തായ ഫുലാന്‍ദേവിയുടെ ജീവിത കഥആസ്പദമാക്കി പറയുന്ന ഗാംഗ്സ്റ്റര്‍ ഓഫ് ഫുലാന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാനാണ് സജിന്‍ലാലിന്റെ തീരുമാനം. രണ്ടു ചരിത്ര സിനിമകള്‍ സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ട്രീ സിനിമാസാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സജിന്‍ ലാല്‍ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ഫൂലാന്‍ എന്ന സിനിമ അടുത്തമാസം ചിത്രീകരണം ആരംഭിക്കും.

🔳ലോക്ക്ഡൗണില്‍ പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടി ജീവിക്കുന്ന മൂന്നുപേരുടെ കഥയുമായി എത്തിയിരിക്കുകയാണ് നവാഗതനായ വിഘ്നേശ് രാജശോഭ്. പേനയും പെന്‍സിലും കട്ടറുമാണ് ആ മൂന്ന് പേര്‍. ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം. ചെത്തി തീരാറായ ഡിങ്കിരി പെന്‍സിലും മിന്നു കട്ടറുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരുടേയും സംസാരത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ‘ചു പൂ വാ’ അഥവ ‘ചുവപ്പു പൂക്കള്‍ വാടാറില്ല’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഒരേസമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

🔳പരിഷ്‌കരിച്ച കാര്‍ണിവലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കിയ ഇന്ത്യ. ചില ഫീച്ചര്‍ മാറ്റങ്ങളും ഒപ്പം പുതിയ ലിമോസിന്‍ പ്ലസ് വേരിയന്റുമാണ് 2021 കിയ കാര്‍ണിവലിന്റെ ആകര്‍ഷണം. ഇതോടൊപ്പം, എല്ലാ വേരിയന്റുകളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 കാര്‍ണിവല്‍ പതിപ്പിന്റെ ആകര്‍ഷണം പുതിയ കിയ ലോഗോയാണ്. ഇതോടൊപ്പം കാര്‍ണിവലിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇപ്പോള്‍ 18-ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് സ്റ്റാന്‍ഡേര്‍ഡ് ആണ്.

🔳പ്രമേയമെന്തായാലും കഥ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന്റെ വൈകാരിക സത്യവും ഭാഷാപരമായ ഔചിത്യവും ഭാവാത്മകമായ ആധികാരികതയും ഭാഷാപരമായ കൃത്യതയുമാണ് ചെറുകഥയുടെ വിജയത്തെ കരുപ്പിടിപ്പിക്കുന്നത്. തനിക്കു ബോധ്യമുള്ള ജീവിതത്തെ ഏകാഗ്രതയോടെയും സത്യനിഷ്ഠയോടെയും അധികം ദൈര്‍ഘ്യമില്ലാത്ത കഥകളിലൂടെ അമ്മു സന്തോഷ് അവതരിപ്പിച്ചിരിക്കുന്നു. കൈരളി ബുക്സ്. വില 152 രൂപ.

🔳പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പ് നിറം ഉണ്ടാകാം. ഉറക്കക്കുറവ്, സ്ട്രെസ് അല്ലെങ്കില്‍ അമിത ഉറക്കം എന്നിവയുടെ ഫലമായി ക്ഷീണം സംഭവിക്കാം. ഇതെല്ലാം കണ്ണുകള്‍ക്ക് താഴെ ഡാര്‍ക്ക് സര്‍ക്കിള്‍ രൂപപ്പെടാന്‍ കാരണമാകും. ഉറക്കക്കുറവാണ് പ്രശ്നമെങ്കില്‍ കണ്ണുകള്‍ക്ക് താഴേ ഡാര്‍ക്ക് സര്‍ക്കിള്‍ വളരെ പെട്ടെന്ന് ഉണ്ടാകും. കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാന്‍ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടി ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുക. 10 മിനുട്ടിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറാന്‍ സഹായിക്കും. തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 73.66, പൗണ്ട് – 100.65, യൂറോ – 86.25, സ്വിസ് ഫ്രാങ്ക് – 79.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.30, ബഹറിന്‍ ദിനാര്‍ – 195.44, കുവൈത്ത് ദിനാര്‍ -244.72, ഒമാനി റിയാല്‍ – 191.58, സൗദി റിയാല്‍ – 19.64, യു.എ.ഇ ദിര്‍ഹം – 20.05, ഖത്തര്‍ റിയാല്‍ – 20.23, കനേഡിയന്‍ ഡോളര്‍ – 57.53.

Exit mobile version