പ്രഭാത വാർത്തകൾ
2021 | സെപ്റ്റംബർ 27 | 1197 | കന്നി 11 | തിങ്കൾ | രോഹിണി
➖➖➖➖➖➖➖➖
🔳കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. കൊവിഡ് നമ്മെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയില്‍ അവ നിര്‍ണ്ണായകമാകാം. മലിനീകരണത്തില്‍ നിന്ന് നദികളെ മുക്തമാക്കണം. നദീദിനം എല്ലാ വര്‍ഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.
🔳വനിതകള്‍ക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം താന്‍ ഇവിടെ ഇല്ലെങ്കിലും സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🔳രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകള്‍ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും ഡിജിറ്റലൈസേഷന്റെ വളര്‍ച്ച ഉള്‍ക്കൊള്ളാനും കഴിയേണ്ടതുണ്ടെന്ന് അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
🔳മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ തിരിച്ചെത്തി. ദില്ലിയിലെ പാലം വിമാനത്താവളത്തില്‍ ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്ണില്‍ വന്നിറങ്ങിയ മോദിക്ക് വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു.
🔳മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പത്ത് സംസ്ഥാനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യത്തെ മാവോയിസ്റ്റ് വെല്ലുവിളി പരിശോധിക്കുകയായിരുന്നു യോഗത്തിന്റെ അജന്‍ഡ. മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
🔳പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്ത സൈറ്റില്‍ എത്തിയത്. മുന്‍കൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പ്രധാനമന്ത്രി എത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം സൈറ്റില്‍ ചെലവഴിക്കുകയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 26,996 കോവിഡ് രോഗികളില്‍ 59.08 ശതമാനമായ 15,951 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 276 മരണങ്ങളില്‍ 59.78 ശതമാനമായ 165 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,93,580 സജീവരോഗികളില്‍ 55.63 ശതമാനമായ 1,63,326 രോഗികളും കേരളത്തിലാണുള്ളത്.
🔳രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
🔳കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ട് നേതൃത്വം. കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു. പുതിയ നേതൃത്വം സുവര്‍ണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനം സുധീരന്‍ സതീശനെ അറിയിച്ചതല്ലാതെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും സുധീരന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, വി എം സുധീരന് അഭിപ്രായം പറയാന്‍ അവസരം നല്‍കിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നുള്ള വിമര്‍ശനമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഏറ്റവുമൊടുവില്‍ ഉന്നയിച്ചത്. സുധീരന്റെ വീട്ടില്‍ പോയി ക്ഷമ പറഞ്ഞയാളാണ് താന്‍. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
🔳കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് കടുത്ത അതൃപ്തി രേഖപ്പെടുത്തി രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ടി എന്‍ പ്രതാപന്‍ കത്തയച്ചു. സുധീരന്‍ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും കേരളത്തിലെ പൊതു സമൂഹത്തിന്റെ ശബ്ദമാണ് അദ്ദേഹമെന്നും കത്തില്‍ എംപി ചൂണ്ടികാട്ടുന്നുണ്ട്.
🔳കേരളത്തിലെ സംഘടനാ പ്രശ്നത്തില്‍ അതൃപ്തി അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. അത്യപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരളത്തിലെ പുതിയ നേതൃത്വത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതാണെന്നും മുതിര്‍ന്ന നേതാക്കളെയടക്കം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണമെന്നും താരീഖ് അന്‍വര്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
🔳പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നിലപാടുകളെ പി ചിദംബരം അഭിനന്ദിക്കുകയും ചെയ്തു.
🔳പാലാ ബിഷപ്പിന് എതിരായ പി ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും സുധാകരന്‍ പറഞ്ഞു.
🔳കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അംഗത്വം നല്‍കി സ്വീകരിച്ചു. റിഷി പല്‍പ്പുവിനൊപ്പം തൃശൂരില്‍ ചില പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുഴല്‍പ്പണ വിവാദത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തെ പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് റിഷി പല്‍പ്പുവിനെ ബിജെപി പുറത്താക്കിയത്.
🔳ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ സഹയാത്രികനായ നടന്‍ സന്തോഷ് കെ നായര്‍. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും, അതിന് ഭഗവാന്‍ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണെന്നും ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ടെന്നും ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും സന്തോഷ് പറഞ്ഞു.
🔳ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനുളള അപേക്ഷ വിദേശ കാര്യമന്ത്രാലയം തള്ളിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നെ എത്ര സ്ഥലങ്ങളില്‍ പോകുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുകയെന്നും എല്ലാക്കാലവും നിങ്ങള്‍ക്കെന്നെ തടയാനാവില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ രൂക്ഷ പ്രതികരണം.
🔳മനുഷ്യാവകാശത്തിന് വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍. വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്റെ ക്രൂരത. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്‌ക്വയറില്‍ ഇന്നലൊണ് താലിബാന്‍ പ്രഖ്യാപനങ്ങളെ കാറ്റില്‍ പറത്തി കിരാത നടപടി കാണിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട്.
🔳ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രവീന്ദ്ര ജഡേജയുടെ വെടിക്കെട്ടിനൊടുവില്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ചെന്നൈയിനെ എട്ട് പന്തില്‍ 22 റണ്‍സെടുത്ത ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്.
🔳ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഹര്‍ഷാല്‍ പട്ടേലിന്റെ ഹാട്രിക് കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞ് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 54 റണ്‍സിനാണ് രോഹിത് ശര്‍മ്മയുടെ ടീമിനെതിരെ വിരാട് കോലിയുടേയും സംഘത്തിന്റേയും വിജയം. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനേയായുള്ളൂ. ഹര്‍ഷാല്‍ നാലും ചാഹല്‍ മൂന്നും മാക്‌സ്വെല്‍ രണ്ടും സിറാജ് ഒരു വിക്കറ്റും നേടി.
🔳കേരളത്തില്‍ ഇന്നലെ 1,03,484 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,658 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,63,280 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനമായ 2,45,13,969 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 39.6 ശതമാനമായ 1,05,85,762 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200.
🔳രാജ്യത്ത് ഇന്നലെ 26,996 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29,621 പേര്‍ രോഗമുക്തി നേടി. മരണം 276. ഇതോടെ ആകെ മരണം 4,47,225 ആയി. ഇതുവരെ 3,36,78,243 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.93 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,206 പേര്‍ക്കും തമിഴ്നാട്ടില്‍ 1,694 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,184 പേര്‍ക്കും മിസോറാമില്‍ 1,478 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,21,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,343 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,417 പേര്‍ക്കും റഷ്യയില്‍ 22,498 പേര്‍ക്കും തുര്‍ക്കിയില്‍ 25,861 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,755 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,804 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 259 പേരും ബ്രസീലില്‍ 277 പേരും റഷ്യയില്‍ 805 പേരും ഇറാനില്‍ 288 പേരും മെക്‌സിക്കോയില്‍ 596 പേരും മലേഷ്യയില്‍ 278 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.61 ലക്ഷം.
🔳തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളം അദാനി ഗ്രൂപ്പ് രണ്ടാഴ്ചക്കുള്ളില്‍ ഏറ്റെടുക്കും. ഒക്ടോബര്‍ 14-ാം തീയതി മുതല്‍ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനായിരിക്കും. നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലംമാറ്റും. മറ്റുള്ളവര്‍ തിരുവനന്തപുരത്ത് തുടരും. വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്.
🔳ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖല ബാങ്കുകള്‍ 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ ഉടന്‍ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പിഎന്‍ബി ചെക്ക് ബുക്ക് കൈപ്പറ്റണം. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ ചെക്ക്ബുക്കിന് അപേക്ഷിക്കാം. കോള്‍ സെന്റര്‍ വഴിയും ആവശ്യപ്പെടാം.
🔳ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ശിവരാജ് കുമാര്‍ നായകനായി എത്തുന്ന ചിത്രം ഒക്ടോബര്‍ 29ന് തീയറ്ററിലൂടെയാണ് റിലീസിന് എത്തുന്നത്. രാജ്യത്തും വിദേശത്തുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.
🔳ടി. ജി രവി, ഇര്‍ഷാദ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന അവകാശികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിയല്‍ വ്യൂ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം, പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ടി ജി രവിയുടെ 250-ാം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശബരിമല ഉള്‍പ്പൈടെയുള്ള വിഷയങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
🔳ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാറുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോഴ്‌സ്. ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ലൂസിഡ് മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങിനേക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധി. 651 കിലോമീറ്ററാണ് ടെസ്ല മോഡല്‍ എസ് ലോങ്ങിന്റെ ദൂരപരിധി. ലൂസിഡ് എയര്‍ ഡ്രീം എഡിഷന് 169,000 ഡോളറാണ് (ഏകദേശം 1,24,47,000 രൂപ) വില നിശ്ചയിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ നിരത്തിലിറക്കുമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
🔳സൂഫികഥാപാരമ്പര്യത്തിന്റെ അലയൊലികള്‍ പേറുന്ന കഥകളുടെ സമാഹാരം. പൗരാണിക ഈജിപ്ഷ്യന്‍ തെരുവുകളിലേക്കുള്ള വിചിത്രമായ ഒരു യാത്രാനുഭവമായിരിക്കും ഈ കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുക. നൊബേല്‍ സമ്മാനം നേടിയ, അറബിനോവല്‍ ശാഖയുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്ന നജീബ് മഹ്ഫൂസിന്റെ 18 കഥകളുടെ സമാഹാരം. പരിഭാഷ: ഡോ.എന്‍. ഷംനാദ്. ‘നക്ഷത്രങ്ങള്‍ മന്ത്രിച്ചത്’. മാതൃഭൂമി. വില 144 രൂപ.
🔳ഗര്‍ഭകാലത്തോ അതിനു ശേഷമോ വിഷാദരോഗത്തിന് അടിമപ്പെടുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലേക്കും വിഷാദരോഗം പടരാമെന്ന് പഠനം. കുഞ്ഞുങ്ങള്‍ വളര്‍ന്ന് 24 വയസ്സിനോട് അടുക്കുമ്പോഴാണ് വിഷാദരോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഗര്‍ഭകാലത്തോ പ്രസവാനന്തരമോ വിഷാദമുണ്ടായ അമ്മമാരുടെ മക്കളില്‍ വിഷാദരോഗ സ്‌കോര്‍ മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് പോയിന്റ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 5029 പേരെ 10 മുതല്‍ 24 വയസ്സു വരെ 14 വര്‍ഷക്കാലം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. കുട്ടിക്കാലത്തും കൗമാരത്തിലും ഇവരുടെ വിഷാദരോഗ സാധ്യത ഗവേഷണ സംഘം നിരീക്ഷിച്ചു. പ്രസവാനന്തരം വിഷാദമുണ്ടായ അമ്മാരുടെ മക്കളില്‍ വിഷാദ രോഗ ലക്ഷണങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വന്നതായി ഗവേഷകര്‍ പറയുന്നു. അതേ സമയം പ്രസവത്തിനു മുന്‍പേ ഗര്‍ഭകാലത്ത് തന്നെ വിഷാദമുണ്ടായ അമ്മമാരുടെ മക്കളിലാണ് ഉയര്‍ന്ന തോതിലുള്ള വിഷാദ രോഗം കണ്ടെത്തിയത്. ഗര്‍ഭകാലത്തും പ്രസവാനന്തരവും വിഷാദരോഗത്തിലേക്ക് അമ്മമാര്‍ വീണു പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിചരണവും അവര്‍ക്ക് നല്‍കേണ്ടതിന്റെ ആവശ്യകത പഠനം അടിവരയിടുന്നു. ഗര്‍ഭകാലത്ത് അമ്മമാരുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഇതിന് പ്രാധാന്യം ഏറുകയാണ്. ബിജെസൈക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.