Saturday, November 23, 2024
HomeNewsNews headlines

News headlines

🔳രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര സൈനികന്‍ വൈശാഖിന് വീരോചിത യാത്രയയപ്പ് നല്‍കി ജന്മനാട്. പൂഞ്ചില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂര്‍ ഗ്രാമത്തില്‍ തടിച്ച് കൂടിയത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍പി സ്‌കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാല്‍ മുഖരിതമായിരുന്നു അന്തരീക്ഷം.

🔳ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

🔳കൊവിഡ് 19 വെറസിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സംഘത്തിനാണ് രൂപം നല്‍കിയത്. കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നല്‍കി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒന്നര വര്‍ഷം പിന്നിട്ടു. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതാണോ, ഏതെങ്കിലും ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസ്സം.

🔳അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയില്‍ തിരച്ചില്‍, കസ്റ്റഡി, അറസ്റ്റ് എന്നിവക്കാണ് ബിഎസ്എഫിന് അധികാരം നല്‍കിയത്. നേരത്തെ ഇത് 15 കിലോമീറ്ററായിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പഞ്ചാബ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും, ഇത് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാണെന്നും വ്യക്തമാക്കി.

🔳കെപിസിസി പുന:സംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ വനിതാ പ്രാതിനിധ്യം ഉള്‍പ്പെടുത്തി. തിരുവനന്തപുരത്ത് നിന്നുള്ള സീനിയര്‍ നേതാവ് രമണി പി നായര്‍ കെപിസിസി വൈസ് പ്രസിഡന്റായേക്കും. ഭാരവാഹികളെ സംബന്ധിച്ച് അന്തിമധാരണയിലെത്തിയ സാഹചര്യത്തില്‍ കെപിസിസി ഭാരവാഹിപ്പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐ ജി. മൊബൈല്‍ കാണാതായപ്പോള്‍ പൊലീസുകാരി ജാഗ്രത പുലര്‍ത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് കണ്ടെത്തി. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

🔳മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും. അനിത അറിഞ്ഞുകൊണ്ടാണ് മോന്‍സന്റെ പല ഇടപാടും നടന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിളിച്ച് വരുത്തുന്നത്. മോന്‍സനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. മോന്‍സന്റെ ശേഖരത്തിലെ ചില വസ്തുക്കള്‍ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്.

🔳പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരെ ചര്‍ച്ചയ്ക്ക് വിളിച്ച് സിപിഎം. മറ്റന്നാള്‍ ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം ചര്‍ച്ചക്ക് ഒരുങ്ങിയത്. അതേസമയം, ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. സൊസൈറ്റി പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നാണ് കണ്ടെത്തല്‍. ചിട്ടിക്ക് പുറമെ ലതര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

🔳മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് സാമഗ്രികളുടെ കയറ്റിറക്കിന് സ്ഥാപന ഉടമകള്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിക്കാമെന്ന് കേരളാ ഹൈക്കോടതി. അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് സാമഗ്രികള്‍ സ്വന്തം നിലയില്‍ കയറ്റിറക്ക് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം ഇത്തരം സ്ഥാപനങ്ങളിലെ സൂക്ഷമത ആവശ്യമില്ലാത്ത വസ്തുക്കളുടെ കയറ്റിറക്ക് ചുമട്ടു തൊഴിലാളികള്‍ക്ക് നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു.

🔳സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി. 17 വരെ വ്യാപക മഴയ്ക്കാണ് സാധ്യത. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🔳കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍. പാംഓയില്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാര്‍ഷിക സെസില്‍ കുറവുവരുത്തുകയുംചെയ്തു. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപമുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്.

🔳ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ ഇടക്കാല പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ട്. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ഇതോടെ ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നത് വൈകുമെന്നുറപ്പായി.

🔳ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഫൈനലിനെത്തുന്നത്. 2012ലും 2014ലും ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോഴാണ് ടീം ഇതിന് മുന്‍പ് ഫൈനലിലെത്തിയത്. ഇരു തവണയും ടീം കപ്പുയര്‍ത്തുകയും ചെയ്തു. 2012ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനേയും തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ ചാമ്പ്യന്‍മാരായി. ഫൈനലിലെത്തിയപ്പോഴെല്ലാം കപ്പുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രം കലാശപ്പോരില്‍ ചെന്നൈയുടെ ചങ്കിടിപ്പ് കൂട്ടും.

🔳 കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സുഗന്ധ വ്യഞ്ജന സത്ത് നിര്‍മാതാക്കളായ പ്ലാന്റ് ലിപിഡ്‌സ്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ക്രിട്ടിക്കല്‍ എക്‌സ്ട്രാക്ഷന്‍ പ്ലാന്റുകളിലൊന്നാണ് കോലഞ്ചേരിയില്‍ നിര്‍മിക്കുന്നത്. ഇതോടൊപ്പം നാച്വറല്‍ ഫുഡ് കളര്‍ , നാച്വറല്‍ പ്രോഡക്ട്‌സ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കും. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്‌പൈസ് ഓയില്‍ ഉല്‍പാദകരിലൊന്നാണ് പ്ലാന്റ് ലിപിഡ്‌സ്. കോലഞ്ചേരി ആസ്ഥാനമായ കമ്പനി 90 രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന സത്ത് കയറ്റുമതി ചെയ്യുന്നുണ്ട്.

🔳ചരിത്രപരമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുശേഷം കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായിരുന്ന അലയന്‍സ് എയര്‍ ഉള്‍പ്പെടെയുള്ള നാലു സംരംഭങ്ങളാണ് നിലവില്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ ഈ സ്ഥാപനങ്ങളുടെ 14,700 കോടി രൂപ മൂല്യം വരുന്ന ഭൂമി, കെട്ടിടം തുടങ്ങിയ ആസ്തികളും വിറ്റഴിക്കും.

🔳സ്വാതി റെഡ്ഡി നായികയാകുന്ന ചിത്രമാണ് പഞ്ചതന്ത്രം. ഹര്‍ഷ പുലിപക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹര്‍ഷ പുലികയുടേതാണ് തിരക്കഥയും. പഞ്ചതന്ത്രം എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡോ. ബ്രഹ്മാനന്ദവും പഞ്ചതന്ത്രമെന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. രാഹുല്‍ വിജയ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. പ്രശാന്ത് ആര്‍ വിഹാരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

🔳ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്ക് ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ കൂടി ചുവടുവെക്കുകയാണ്. ഋത്വിക് റോഷന്‍, റണ്‍ബീര്‍ കപൂര്‍ എന്നിവരാണ് പട്ടികയിലെ അവസാനത്തെ പേരുകള്‍. നിതേഷ് തിവാരി ഒരുക്കുന്ന രാമായണം വെബ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ഋത്വിക് റോഷനും റണ്‍ബീര്‍ കപൂറുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമന്റേയും രാവണന്റേയും വേഷങ്ങളിലാണ് ഇരുവരും എത്തുക. 75 കോടി രൂപയാണ് റണ്‍ബീറും ഋത്വിക്കും വാങ്ങിക്കുന്നതെന്നാണ് വിവരം. 750 കോടി ബജറ്റാണ് സീരീസിനായി പ്രതീക്ഷിക്കുന്ന ചെലവ്.

🔳

🔳ഉറുമ്പുകളുടെയും അവരെക്കാള്‍ അഞ്ചിരട്ടി ആയുസ്സുള്ള, ശത്രുക്കളായ വേട്ടാളരാക്ഷസന്മാരുടെയും കഥയാണിത്. സുനന്ദന്‍, കഠോരന്‍, മാരന്‍ എന്നീ ധീരന്മാരായ മൂന്ന് ഉറുമ്പുയുവാക്കള്‍ കാക്കരയെ രക്ഷിക്കാന്‍ പുറപ്പെടുന്നു. മികച്ച ബാലസാഹിത്യകൃതിക്കുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് നേടിയ കൃതി. ഇ. സന്തോഷ് കുമാര്‍ കുട്ടികള്‍ക്കു വേണ്ടി രചിച്ച പുസ്തകം. ‘കാക്കര ദേ

🔳അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്‌ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഫാറ്റി ലിവര്‍ രോഗമുള്ള ഒരാള്‍ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവര്‍ കൂടാനും സാധ്യതയേറെയാണ്. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഫാറ്റി ലിവര്‍ പ്രശ്നമുള്ളവര്‍ എണ്ണയിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളില്‍ കൊഴുപ്പുണ്ടാകാനുള്ള സാധ്യക കൂട്ടുന്നു. സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികള്‍ ഒഴിവാക്കുക. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments