*സായാഹ്‌ന വാർത്തകൾ*2021 | നവംബർ 4 | 1197 | തുലാം 19 | വ്യാഴം | ചിത്തിര, ചോതി
🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ഇത്തവണ ജമ്മു കശ്മീരിലെ സൈനികര്‍ക്കൊപ്പം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാര്‍ഗം ജമ്മു കശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ ലാന്‍ഡ് ചെയ്ത ശേഷം മോദി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനികകുടുംബത്തിലെ ഒരംഗമായാണ് താനെത്തിയതെന്ന് മോദി സൈനികരെ അഭിസംബോധന ചെയ്യവേ പറഞ്ഞു.🔳അയോധ്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയൂ നദീതീരത്ത് തെളിയിച്ചത് 9 ലക്ഷം ചെരാതുകള്‍. ഒപ്പം ദീപം തെളിയിക്കലില്‍ പുതിയ ഗിന്നസ് ലോകറെക്കോര്‍ഡും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയൂ നദീതീരത്ത് മണ്‍ചെരാതുകള്‍ തെളിഞ്ഞത്.🔳കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദീര്‍ഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതിവേഗ വാക്സിനേഷന്‍ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.🔳കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയുടെ യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് ആണ് അനുമതി നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്സീന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്സീന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.🔳ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തില്‍ രാജ്യം. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്റെ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 🔳പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല.🔳പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നും കുറ്റപ്പെടുത്തി.🔳എക്സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്നമെന്ന് ആവശ്യപ്പെട്ടു. നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന് എതിരെ മാത്രമാക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.🔳കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. 🔳ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ കൊച്ചി വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതികരിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയില്‍ യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം നടത്തി.🔳ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.🔳കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. നോട്ടില്‍ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ കറന്‍സി താന്‍ അധ്വാനിച്ച് നേടുന്നതാണെന്നും അതില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ജസ്റ്റിസ് എന്‍.നാഗരേഷ് പരാമര്‍ശിച്ചു.🔳ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. ശമ്പള പരിഷ്‌കരണത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആര്‍ടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.🔳കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തെരഞ്ഞെടുപ്പ് നടത്തുന്നത് എഐസിസിയാണ്. സംഘടനാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം, പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗ്രൂപ്പ് നേതാക്കളും. കെ സുധാകരന്‍ പൊതുവികാരം അംഗീകരിക്കണം എന്നാണവര്‍ പറയുന്നത്. ഇല്ലെങ്കില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് തീരുമാനം.🔳എംഎസ്എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എം എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ അബ്ദുല്‍ വഹാബിന്റെ പേരില്ല.🔳എംജി സര്‍വകലാശാലയ്ക്ക് മുന്നിലെ ദളിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ജാതീയ വിവേചനവും ലൈംഗിക അതിക്രമവും ആരോപിച്ചാണ് സമരം. ഗവേഷണം പൂര്‍ത്തിയാക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്ന് വൈസ് ചാന്‍സലര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ നാനോ സയന്‍സസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതിക്കാരി.🔳2021ലെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഡാമണ്‍ ഗാല്‍ഗട്ട് സ്വന്തമാക്കി. ദി പ്രോമിസ് എന്ന നോവലിനാണ് ഗാല്‍ഗട്ടിന് ബുക്കര്‍ സമ്മാനം ലഭിച്ചത്. 2003ലും 2010ലും പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആ രണ്ട് തവണയും ഗാല്‍ഗട്ടിന് പുരസ്‌കാരം ലഭിച്ചിരുന്നില്ല.🔳ടി20 ലോകകപ്പിലെ ഇന്നത്തെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഇന്നത്തെ കളി ഓസ്ട്രേലിയക്ക് ഏറെ നിര്‍ണായകമാണ്. മൂന്ന് കളികളില്‍ നിന്ന് 4 പോയിന്റുള്ള ഓസ്ട്രേലിയ ഗ്രൂപ്പില്‍ മൂന്നാമതാണ്. കളിച്ച നാല് കളികളിലും തോറ്റ ബംഗ്ലാദേശും വിജയത്തിനായ് പൊരുതുമ്പോള്‍ കളി തീപ്പാറുമെന്ന് പ്രതീക്ഷിക്കാം.🔳ടി20 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ശ്രീലങ്കയുമായി ഏറ്റുമുട്ടും. നാല് കളികളില്‍ നിന്ന് 2 പോയിന്റ് മാത്രമുള്ള ശ്രീലങ്കക്കും മൂന്ന് കളികളില്‍ നിന്ന് 2 പോയിന്റ് മാത്രമുള്ള വെസ്റ്റിന്‍ഡീസിനും സെമി സാദ്ധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ കളി ജയിച്ചേ മതിയാകൂ.🔳രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ ഫാബ്രിക് കെയര്‍ വിഭാഗം 25.2 ശതമാനവും ഡിഷ് വാഷ് വിഭാഗം 12.7 ശതമാനവും ഗാര്‍ഹിക ഇന്‍സെക്ടിസൈഡ്സ് വിഭാഗം 4.1 ശതമാനവും പേഴ്സണല്‍ കെയര്‍ വിഭാഗം 5.3 ശതമാനവും വളര്‍ച്ച നേടി.🔳കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലും മറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും, ഇന്ത്യന്‍ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനും കൈകോര്‍ക്കുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ടു ഷാര്‍ജയിലെത്തിക്കാനാണ് ഇരുവരും ധാരണയായത്. കാശ്മീരില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യും. ഡിസംബര്‍ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണു ശ്രമിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാകും ഗോ ഫസ്റ്റ് നടത്തുക.🔳41 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ ‘മിഴിയോരം നനഞ്ഞൊഴുകും..’ എന്ന എവര്‍ഗ്രീന്‍ ഗാനം റീമാസ്റ്റര്‍ ചെയ്ത് ജാന്‍ -എ- മന്‍ ടീം. മഞ്ജു വാര്യരാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി സോങ്ങ് റിലീസ് ചെയ്തത്. പഴയ ഗാനത്തിന് ഒരു മങ്ങളും ഏല്‍ക്കാതെ പൊടിപ്പും തൊങ്ങലും ഒന്നുമില്ലാതെ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ജാനേമന്നില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ധാരാളം പുതുമുഖങ്ങളും ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നു.🔳വിജയ് സേതുപതി നായകനാകുന്ന വെട്രിമാരന്‍ ചിത്രമായ ‘വിടുതലൈ’യില്‍ ഗായകനായി ധനുഷ് എത്തുന്നു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം. ഇളയാരാജയുടെ കടുത്ത ആരാധകനായ ധനുഷ് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ആദ്യമായ് പാടുന്നു എന്ന പ്രത്യേകതയും പാട്ടിനുണ്ട്. കൂടാതെ വെട്രിമാരന്‍ ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കുന്നത്. സ്വന്തം ചിത്രത്തിനു വേണ്ടി പല തവണ ധനുഷ് ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നത്. ‘വിടുതലൈ’ക്കു വേണ്ടി മെലഡി ഗാനമാണ് ധനുഷിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നത്.🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ പുതുക്കിയ എ8 ഫ്ലാഗ്ഷിപ്പ് സെഡാന്‍ പുറത്തിറക്കി. പുതിയ എല്‍ഇഡി മാട്രിക്സ് ലൈറ്റുകള്‍ക്കൊപ്പം പുതിയതും വലുതുമായ ഗ്രില്‍ സഹിതം എ8 സെഡാനെ അപ്ഡേറ്റ് ചെയ്തതായും വാഹനം അന്താരാഷ്ട്ര വിപണിയില്‍ ഡിസംബര്‍ മുതല്‍ വില്‍പ്പനയ്‌ക്കെത്തും എന്നും കമ്പനി അറിയിച്ചു. ഡിസ്ട്രിക്റ്റ് ഗ്രീന്‍, ഫിര്‍മമെന്റ് ബ്ലൂ, മാന്‍ഹട്ടന്‍ ഗ്രേ, അള്‍ട്രാ ബ്ലൂ എന്നീ നാല് പുതിയ മെറ്റാലിക് പെയിന്റ് ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകും.🔳ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോള്‍ ആദ്യപുസ്തകത്തിന്റെ മുന്‍കാലമാണ് ഇതില്‍ പ്രതിപാദിക്കപ്പെടുന്നത്. 1920കള്‍ മുതല്‍ നൂറു വര്‍ഷക്കാലത്തുടര്‍ച്ചയില്‍ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതില്‍ എഴുതുന്നത്. ‘അമ്മ ചീന്തകള്‍’. ഡിസി ബുക്സ്. വില 332 രൂപ.🔳ഹൃദയത്തിന്റെയും പേശികളുടെയും അടക്കം ശരിയായ പ്രവര്‍ത്തനത്തിനും കാല്‍സ്യം സുപ്രധാനമാണ്. കാല്‍സ്യത്തിന്റെ അഭാവമുള്ളവര്‍ക്ക് പേശീ വേദന, ഞരമ്പ് വലി, കോച്ചിപിടുത്തം പോലുള്ള പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാകാം. നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടകള്‍ക്കും കൈകള്‍ക്കും വേദനയും അനുഭവപ്പെടാം. കൈകള്‍ക്കും കാലുകള്‍ക്കും വായ്ക്കു ചുറ്റും തരിപ്പും മരവിപ്പും വരുന്നതും കാല്‍സ്യം അഭാവത്തിന്റെ ലക്ഷണമാണ്. കടുത്ത കാല്‍സ്യം അഭാവം ഹൃദയത്തിന്റെ താളം തെറ്റുന്നതിലേക്കും മരണത്തിലേക്കും വരെ നയിക്കാം. കടുത്ത ക്ഷീണത്തിനും കാല്‍സ്യം അഭാവം കാരണാകും. തലകറക്കം, ആശയക്കുഴപ്പം, ബ്രെയിന്‍ ഫോഗ്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. ദീര്‍ഘകാലമായുള്ള കാല്‍സ്യം അഭാവം വരണ്ട ചര്‍മ്മത്തിനും വരണ്ടതും പെട്ടെന്ന് ഒടിയുന്നതുമായ നഖത്തിനും പരുക്കന്‍ മുടിക്കും ചൊറിച്ചിലിനും എക്സീമ, സോറിയാസിസ് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ശരീരത്തിലെ കാല്‍സ്യം തോത് മൊത്തത്തില്‍ താഴേക്ക് പോകുമ്പോള്‍ എല്ലുകളില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കാല്‍സ്യം ശരീരം ഉപയോഗപ്പെടുത്താന്‍ തുടങ്ങും. ഇത് എല്ലുകളുടെ സാന്ദ്രത കുറയ്ക്കുന്ന ഓസ്റ്റിയോപെനിയയിലേക്കും പിന്നീട് എല്ലുകള്‍ ദുര്‍ബലമായി പെട്ടെന്ന് ഒടിയാന്‍ പരുവത്തിലാകുന്ന ഓസ്റ്റിയോപോറോസിസിലേക്കും നയിക്കാം. ശരീരത്തിലെ കാല്‍സ്യം തോത് കുറയുമ്പോള്‍ എല്ലുകളില്‍ നിന്നെന്ന പോലെ പല്ലുകളില്‍ നിന്നും ശരീരം കാല്‍സ്യം വലിച്ചെടുക്കും. ഇത് പല്ല് കേടാകുന്നതിലേക്കും പെട്ടെന്ന് പൊട്ടി പോകുന്നതിലേക്കും മോണ പ്രശ്നങ്ങളിലേക്കും പല്ലിന്റെ വേരുകള്‍ ദുര്‍ബലമാകുന്നതിലേക്കും നയിക്കാം. വിഷാദ രോഗം ഉള്‍പ്പെടെ മാനസിക പ്രശ്നങ്ങള്‍ക്കും കാല്‍സ്യം അഭാവം കാരണമാകാം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.*ഇന്നത്തെ വിനിമയ നിരക്ക്*ഡോളര്‍ – 74.45, പൗണ്ട് – 101.65, യൂറോ – 86.04, സ്വിസ് ഫ്രാങ്ക് – 81.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.37, ബഹറിന്‍ ദിനാര്‍ – 197.45, കുവൈത്ത് ദിനാര്‍ -246.75, ഒമാനി റിയാല്‍ – 193.38, സൗദി റിയാല്‍ – 19.85, യു.എ.ഇ ദിര്‍ഹം – 20.27, ഖത്തര്‍ റിയാല്‍ – 20.44, കനേഡിയന്‍ ഡോളര്‍ – 60.03.➖➖➖➖➖➖➖➖