2021 | നവംബർ 6 | 1197 | തുലാം 21 | ശനി | അനിഴം
🔳ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം. വില കുറയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വീണ്ടും അഭ്യര്‍ത്ഥിച്ചു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചെന്നും യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചത്. എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തീരുമാനം പിന്തുടര്‍ന്നു. എന്നാല്‍ മൂല്യവര്‍ധിത നികുതി കുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് ഉയര്‍ന്ന വിലയുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാല്‍ ആശ്വാസം പകരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആത്മാര്‍ത്ഥമാണെങ്കില്‍ ഇരുപത്തിയഞ്ചോ അന്‍പതോ രൂപയെങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടര്‍ മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 980 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍വേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്.
🔳സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
🔳കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം. യാത്രാക്ളേശത്തില്‍ ജനം ഇന്നും വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചതോടെ 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി. ഇതൊരു താക്കീതാണെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരായ പണിമുടക്ക് ഇന്നും തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നത് അംഗീകൃത യൂണിയനായ ടിഡിഎഫ് മാത്രമാണ്. എഐടിയുസി യൂണിയനും പിന്തുണച്ചു. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ പണിമുടക്ക് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു.
🔳നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇവര്‍ പ്രതികരിച്ചില്ല.
🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
🔳മുസ്ലീം പേരുള്ള സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്ലാം മതത്തിനുമേല്‍ ആരും കെട്ടിവെക്കരുതെന്ന് സമസ്ത. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്ലാമിന്റെ ആശയമല്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത സംഘടിപ്പിച്ച ജിഹാദ് – വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലമായ ഭാഷാ അര്‍ത്ഥത്തില്‍ ഖുര്‍ആനെ വിവര്‍ത്തനം ചെയ്യുന്നവരാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
🔳എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്ന് ആരാഞ്ഞിട്ടുണ്ട്. സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
🔳നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി മോഹന്‍ . മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ട്. എന്നാല്‍ ഉറപ്പല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും ദീപ പറഞ്ഞു. അധ്യാപകന് എതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ദീപ വ്യക്തമാക്കി
🔳ഇന്ധന വിലവര്‍ധയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരമുഖം തുറന്ന് കോണ്‍ഗ്രസ്. ചക്രസ്തംഭന സമരം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നവംബര്‍ എട്ടിനാണ് സമരം നടത്തുക. അന്നേദിവസം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടക്കും. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. കൊച്ചിയിലെ വഴി തടയല്‍ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്നും കെ.സുധാകരന്‍ നടത്തിയത്. സിപിഎം നടത്തിയ സമരമാണ് ജോജു തടയാന്‍ പോയതെങ്കില്‍ അയാളുടെ അനുശോചന യോഗം നടത്തേണ്ടി വന്നേനെയെന്നും സുധാകരന്‍ പറഞ്ഞു.
🔳ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു. മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്. എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. ഒത്തുതീര്‍പ്പ് ശ്രമത്തില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കെ ബാബു ആരോപിച്ചു. സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞു.
🔳നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.ജെ. ജോസഫ് അറസ്റ്റിലായിരുന്നു.
🔳മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
🔳ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. മരണം 38. ബേട്ടിയില്‍ 15 ഉം ഗോപാല്‍ഗഞ്ചില്‍ 11 ഉം മുസാഫര്‍പൂര്‍ ഹാജിപൂര്‍ എന്നിവിടങ്ങളില്‍ ആറ് പേരുമാണ് മരിച്ചത്. അതേസമയം കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
🔳ഹിസാറില്‍ ബിജെപി എംപിക്ക് നേരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് കേസ് എടുത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കര്‍ഷകന്റെ നില ഗുരുതരമായി തുടരുന്നതിനിടയിലാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ഹിസാറില്‍ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജന്‍ഗറെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷകസമരം നടത്തുന്നത് തൊഴില്‍ ഇല്ലാത്ത മദ്യപന്മാരാണെന്ന എംപിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം.
🔳അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് റഷ്യ. ഇറാനും യോഗത്തിന് എത്തുമെന്ന് അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം.
🔳ബ്രസീലിയന്‍ യുവഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു. ഇരുപത്താറുകാരിയായ മരീലിയ മെന്തോന്‍സയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ട ചെറുവിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസറും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
🔳ടി20 ലോകകപ്പില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനേയും മറികടന്ന് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ എത്തുമെന്ന അവകാശവാദവുമായി സ്പിന്നര്‍ റാഷിദ് ഖാന്‍. കിവീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിക്കാന്‍ ടീം സര്‍വ്വശക്തിയുമെടുത്ത് പൊരുതുമെന്നും അഫ്ഗാന്‍ സൂപ്പര്‍ താരം പറഞ്ഞു. നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം.
🔳ടി20 ലോകകപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. മരണഗ്രൂപ്പായ ഒന്നില്‍ ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസുമായും ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയുമായും ഏറ്റുമുട്ടും. നാല് കളികളില്‍ നിന്ന് 8 പോയിന്റുള്ള ഇംഗ്ലണ്ട് നേരത്തെ തന്നെ സെമി ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ നാല് കളികളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള സൗത്ത് ആഫ്രിക്കക്കും ഓസ്ട്രേലിയക്കും സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ കളി ജയിച്ചേ മതിയാകൂ.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപ. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഒരാഴ്ച പിന്നിടുമ്പോള്‍ ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ എത്തുന്നത്. ഇന്നലെയും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.
🔳കഴിഞ്ഞ വര്‍ഷത്തെ ദീപാവലി മുതല്‍ ഈ ദീപാവലി വരെ കല്‍ക്കരിയില്‍ നിന്ന് ലഭിച്ച വരുമാനത്തേക്കുറിച്ച് പറയുകയാണെങ്കില്‍ കല്‍ക്കരിയാണ് സ്വര്‍ണത്തേക്കാള്‍ തിളങ്ങിയതെന്ന് പറയാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കല്‍ക്കരി വില 188 ശതമാനം വര്‍ധിച്ചു. രാജ്യത്ത് ഓസ്‌ട്രേലിയന്‍ കല്‍ക്കരി വില കഴിഞ്ഞ 12 മാസത്തിനിടെ 188 ശതമാനം വര്‍ധിച്ചപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം 95 ശതമാനം വര്‍ധിച്ചു. ഇതൊക്കെയാണെങ്കിലും, നിക്ഷേപകര്‍ക്ക് ലഭിച്ചത് 38 ശതമാനം വരുമാനം മാത്രമാണ്. മറുവശത്ത്, സ്വര്‍ണ്ണവും വെള്ളിയും യഥാക്രമം 4.7 ശതമാനവും 2.9 ശതമാനവും മാത്രമാണ് ആദായം നല്‍കിയത്.
🔳52-ാമത് ഐഎഫ്എഫ്ഐയിലെ ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളില്ല. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി , ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇടംനേടിയ ചിത്രങ്ങള്‍. ദിമാസ ഭാഷയിലെ സേംഖോര്‍ എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ ഓപണിംഗ് ചിത്രം.
🔳സൂപ്പര്‍താരം രജനീകാന്ത് നായകനായെത്തിയ അണ്ണാത്തെ കുതിപ്പു തുടരുന്നു. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 112.82 കോടി രൂപയാണ് വേള്‍ഡ് വൈഡ് ബോക്‌സ് ഓഫിസില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് അണ്ണാത്തെ വാരിയത്. റെക്കോര്‍ഡ് കുറിച്ച് തമിഴ്‌നാട്ടില്‍ ചിത്രം വിജയകരമായി മുന്നേറ്റം തുടരുകയാണ്. തമിഴ്‌നാട്ടിന് പുറമെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച കളക്ഷനാണ് ആദ്യ ദിവസങ്ങളില്‍ നേടിയത്. ആദ്യത്തെ ദിവസം 70. 19 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്നു മാത്രം ചിത്രം 35 കോടിയോളം രൂപ നേടിയിരുന്നു.
🔳തങ്ങളുടെ ഇലക്ട്രിക്ക് കാറായ കൂപ്പര്‍ എസ് ഇ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി. വാഹനത്തിനുള്ള ബുക്കിംഗ് അടുത്തിടെയാണ് കമ്പനി തുടങ്ങിയത്. എന്നാല്‍ ബുക്കിംഗ് തുടങ്ങി വെറും രണ്ടു മണിക്കൂറിനകം ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന മുഴുവന്‍ കൂപ്പര്‍ എസ് ഇ യൂണിറ്റുകളും വിറ്റും തീര്‍ന്നു. ബുക്കിംഗ് ഒക്ടോബര്‍ 29-ന് ഒരു ലക്ഷം രൂപയ്ക്കാണ് ആരംഭിച്ചത്.
🔳ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. ‘ഇസഹാക്കിന്റെ വിരുന്ന്’. മോസ് വര്‍ഗീസ്. ഗ്രീന്‍ ബുക്സ്. വില 233 രൂപ.
🔳കേരളത്തില്‍ കാണപ്പെടുന്ന മണത്തക്കാളി കരള്‍ അര്‍ബുദ ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ശാസ്ത്രസംഘത്തിന്റെ ഈ ഗവേഷണ ഫലത്തിന് അമേരിക്കയുടെ എഫ്ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് അംഗീകാരം ലഭിച്ചു. മണത്തക്കാളിയുടെ ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തമാണ് കരള്‍ അര്‍ബുദത്തിനെതിരെ മരുന്നാണെന്ന് കണ്ടെത്തിയത്. കരളിനെ അനിയന്ത്രിതമായ കോശ വളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങള്‍ മണത്തക്കാളിയുടെ ഇലകളില്‍ ഉണ്ടെന്നാണ് സീനിയര്‍ സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോ, വിദ്യാര്‍ഥിനി ഡോ. ലക്ഷ്മി ആര്‍.നാഥ് എന്നിവരുടെ കണ്ടെത്തല്‍. ഇത് കരള്‍ രോഗ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. നിലവില്‍ കരള്‍ അര്‍ബുദത്തിന് എഫ്ഡിഐ അംഗീകരമുള്ള ഒരു മരുന്ന് മാത്രമാണുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ ഫലപ്രദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റൂബി ജോണ്‍ പറഞ്ഞു. ഇവക്ക് കരളിലെ കൊഴുപ്പ് മൂലമുണ്ടാകുന്ന രോഗം, നോണ്‍ ആല്‍ക്കഹോളിക് സ്റ്റിറോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷബാധമൂലമുണ്ടാകുന്ന കരള്‍ അര്‍ബുദം എന്നിവക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.19, പൗണ്ട് – 100.14, യൂറോ – 85.83, സ്വിസ് ഫ്രാങ്ക് – 81.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 196.79, കുവൈത്ത് ദിനാര്‍ -245.72, ഒമാനി റിയാല്‍ – 192.71, യു.എ.ഇ ദിര്‍ഹം – 20.20, ഖത്തര്‍ റിയാല്‍ – 20.38, കനേഡിയന്‍ ഡോളര്‍ – 59.58.
➖➖➖➖➖➖➖➖