Monday, October 7, 2024
HomeNewsNews Headlines

News Headlines

പ്രഭാത വാർത്തകൾ
2021 ജൂൺ 15 | 1196 മിഥുനം 01 | ചൊവ്വ | ആയില്യം |

🔳മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

🔳രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിന്റേയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കും. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് കോവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഡോസിന് 150 രൂപയ്ക്കാണ് വാങ്ങുന്നത്. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരന്‍മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ വാങ്ങികൊണ്ടിരുന്ന വാക്‌സിനുകള്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് വാങ്ങേണ്ടിവരും. ഇതാണ് സര്‍ക്കാരിനെ വില പുനര്‍നിര്‍ണയത്തിന് പ്രേരിപ്പിക്കുന്നത്.

🔳നോവവാക്‌സ് കോവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യു.എസില്‍ നടന്ന വലിയ രീതിയിലുള്ള പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്‌സ് അറിയിച്ചു. മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

🔳കോവിഡ് വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി. കഴിഞ്ഞ മാസം കോവിഡ് തരംഗം ശക്തിപ്രാപിച്ചതിനും പ്രതിപക്ഷം വിമര്‍ശനം രൂക്ഷമാക്കിയതിനും പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ‘സേവാ ഹി സംഘാടന്‍’ എന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്.

🔳കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും. റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബിജെപി നേതാക്കളുടേയും മുതിര്‍ന്ന മന്ത്രിമാരുടേയും യോഗം നടന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയരുമായിട്ടാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. പുനഃസംഘടനയുടെ അന്തിമ തീരുമാനം ഉടനുണ്ടാകും. അഴിച്ചുപണിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ നീണ്ട പട്ടികയുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്..

🔳സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വാക്‌സിന്‍ എടുത്തവരും കോവിഡ് ഭേദമായവരും തുടര്‍ന്നും കോവിഡ് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹിക പ്രതിരോധം കൈവരിച്ച് രോഗം നിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അതുകൊണ്ട് തന്നെ മൂന്നാമതൊരു ലോക്ക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം ഈ മാസം 15-മുതല്‍ ജില്ലാ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മരണങ്ങള്‍ നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍മാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

🔳ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

🔳കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

🔳കോവിഡില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കടലാക്രമണത്തില്‍ തകര്‍ന്ന ഫോര്‍ട്ടുകൊച്ചി സൗത്ത് ബീച്ച് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചിയെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 68,573 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്‌പോട്ടുകള്‍.

🔳സിപിഎമ്മാണ് മുഖ്യശത്രു എന്ന രീതിയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പറയേണ്ടത് അവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് നേതൃത്വമാണെന്നും ഇത് നേരത്തെയും ഉന്നയിച്ച പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

🔳അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ, മെറിന്‍ ജോസഫ്, സോണിയ സെബാസ്റ്റിയന്‍, റഫീല എന്നിവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇന്ത്യ തള്ളിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന ചോദ്യത്തിനാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി മറുപടി നല്‍കിയത്.

🔳മരംമുറി വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ വഴി തേടി സിപിഐ. മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ.രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. നല്ല ഉദ്ദേശത്തോടെ ഇറക്കിയ ഉത്തരവായിരുന്നുവെന്നും അതിനെ ചിലര്‍ ദുര്‍വാഖ്യാനം ചെയ്ത് മരംമുറിയിലേക്ക് പോകുകയായിരുന്നുവെന്നുമാണ് നേരത്തെ, ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നല്‍കിയിരുന്ന വിശദീകരണം.

🔳കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ തള്ളി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തള്ളിയത്. ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

🔳പത്തനാപുരത്ത് ബോംബ് ശേഖരം കണ്ടെത്തി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍തോട്ടത്തില്‍നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തും. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്താന്‍ പോകുന്നതെന്നാണ് സൂചന.

🔳കൊല്ലം പ്രാക്കുളം ഗോസ്തലക്കാവില്‍ ദമ്പതിമാരുള്‍പ്പെടെ മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു. സന്തോഷ് ഭവനത്തില്‍ റംല (45), ഭര്‍ത്താവ് സന്തോഷ് (48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ് മരിച്ചത്.

🔳രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നാണ് ആയിഷയുടെ പ്രധാന വാദം. കവരത്തിയില്‍ എത്തിയാല്‍ അറസ്റ്റു ചെയ്‌തേക്കുമെന്ന ഭീതിയിലാണ് ഹര്‍ജി.

🔳വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിന് (38) മസ്തിഷ്‌ക മരണം സംഭവിച്ചു. ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. നടന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

🔳പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

🔳മദ്യപിക്കാനുള്ള പണത്തിനായി രണ്ട് വയസ്സുള്ള മകളെ പിതാവ് 5000 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം. ബിന്‍ജഹരപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രമേശ് എന്നയാളാണ് മകളെ 5000 രൂപയ്ക്ക് മീട്ടുജെന എന്നയാള്‍ക്ക് വിറ്റത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുവിന്റെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തി.

🔳ഓണ്‍ലൈന്‍ കോഡിംഗ് ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

🔳ചൈനയുടെ ഒരു ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായതായി യു.എസിന്റെ വിലയിരുത്തല്‍. തായ്ഷാന്‍ നൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയില്‍ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു.

🔳രാജ്യത്ത് ഇന്നലെ 59,958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,17,232 പേര്‍ രോഗമുക്തി നേടി. മരണം 2732. ഇതോടെ ആകെ മരണം 3,77,061 ആയി. ഇതുവരെ 2,95,70,035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 9.08 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 12,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 8,129 പേര്‍ക്കും കര്‍ണാടകയില്‍ 6,835 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,549 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,519 പേര്‍ക്കും ഒഡീഷയില്‍ 4,339 പേര്‍ക്കും തെലുങ്കാനയില്‍ 1,511 പേര്‍ക്കും ഡല്‍ഹിയില്‍ 131 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 2,89,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 8,341 പേര്‍ക്കും ബ്രസീലില്‍ 38,616 പേര്‍ക്കും അര്‍ജന്റീനയില്‍ 21,292 പേര്‍ക്കും കൊളംബിയയില്‍ 24,376 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.70 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,067 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 171 പേരും ബ്രസീലില്‍ 752 പേരും കൊളംബിയയില്‍ 588 പേരും അര്‍ജന്റീനയില്‍ 686 പേരും റഷ്യയില് 371 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.26 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳യൂറോ കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോള്‍ പിറന്ന കളിയില്‍ സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക്. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്തത്.

🔳പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിക്കാതെ സ്പാനിഷ് നിര. യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോള്‍രഹിത സമനില.

🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി സ്ലൊവാക്യ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ തോല്‍വി. 62-ാം മിനിറ്റില്‍ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് പോളണ്ട് മത്സരം പൂര്‍ത്തിയാക്കിയത്.

🔳കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി.

🔳ബൈജൂസ് ആപ്പ് വീണ്ടും ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായിരിക്കുകയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കമ്പനി 16.5 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയര്‍ന്നതായി റിപ്പോര്‍ട്ട്. യുബിഎസ്, സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണ്‍, അബുദാബി സ്റ്റേറ്റ് ഫണ്ട് എഡിക്യു, ഫീനിക്സ് റൈസിംഗ്, വീഡിയോ കോണ്‍ഫറന്‍സ് സ്ഥാപനമായ സൂമിന്റെ സ്ഥാപകന്‍ എറിക് യുവാന്‍ എന്നിവരില്‍ നിന്ന് ബൈജു 350 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റെഗുലേറ്ററി ഫയലിംഗുകള്‍ അറിയിച്ചു. ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ 16 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തെ മറികടന്നാണ് ഓണ്‍ലൈന്‍ പഠന സ്ഥാപനമായ ബൈജൂസ് നിലവിലെ ഫണ്ടിംഗ് റൗണ്ടില്‍ 16.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പായത്. കഴിഞ്ഞ 18 മാസത്തിനിടെ ബൈജൂസ് 1.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് കണക്കുകള്‍.

🔳ബിറ്റ്‌കോയിന്‍ നിലപാടില്‍ വീണ്ടും മലക്കംമറിഞ്ഞ് ടെസ്-ല മേധാവി ഇലോണ്‍ മസ്‌ക്. ടെസ്-ലയുമായുള്ള ഇടപാടുകള്‍ക്ക് ബിറ്റ്‌കോയിന്‍ ഉപയോഗിക്കാം എന്നാണ് ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ പ്രസ്താവന. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മസ്‌ക് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതോടെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം കുത്തനെ വര്‍ദ്ധിച്ചു. എന്നാല്‍ കഴിഞ്ഞ മാസം മസ്‌ക് നിലപാട് മാറ്റി. ഇതോടെ ക്രിപ്‌റ്റോ കറന്‍സി വലിയ പ്രതിസന്ധിയിലായി. ഈ നിലപാടാണ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ മസ്‌ക് വീണ്ടും മാറ്റിയത്. ടെസ്-ല മേധാവിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 9ന് ശേഷം ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണിതെന്നാണ് കോയിന്‍മാര്‍ക്കറ്റ്കാപ്പ്.കോം കണക്കുകള്‍ പറയുന്നു.

🔳ടെലികോം നെറ്റ്-വര്‍ക്കായ ജിയോയുടെ സിനിമപ്ലാറ്റ്ഫോമായ ജിയോസ്റ്റുഡിയോസില്‍ ഇനി കൂടുതല്‍ മലയാളം സിനിമകള്‍. ജൂണ്‍ 18 മുതല്‍ ജൂലൈ 7 വരെ 6 മലയാള സിനിമകളാണ് ജിയോപ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുന്നത്. ഇവയുടെ എല്ലാം ഡിജിറ്റല്‍ പ്രീമിയം ഷോകളാണ് നടക്കുക. 18ന് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം കായംകുളം കൊച്ചുണ്ണി, 19ന് രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം കമ്മാരസംഭവം, 25ന് ഹരികുമാറിന്റെ ക്ലിന്റ് എന്നിവ കാണിക്കും. ജൂലൈ ഒന്നിന് വിജീഷ് മണി സംവിധാനം ചെയ്ത പുഴയമ്മ എന്ന ചിത്രത്തിന്റെ റിലീസ് തന്നെ ജിയോയിലൂടെയാണ്. ജൂലൈ 4ന് ജീത്തുജോസഫിന്റെ കാളിദാസ് ജയറാം ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയും ജൂലൈ ഏഴിന് വി.എം വിനുവിന്റെ ശ്രീനിവാസന്‍ ചിത്രം കുട്ടിമാമയും കാണാം.

🔳ആറു കഥകള്‍ ചേര്‍ന്ന ചെരാതുകള്‍ എന്ന ആന്തോളജി സിനിമ ജൂണ്‍ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. മറീന മൈക്കിള്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വ്വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി പരിഷ്‌കരിച്ച 2022 വള്‍ക്കന്‍ എസ്‌-നെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാര്‍ഷിക അപ്ഡേറ്റിന്റെ ഭാഗമായി മിഡില്‍വെയ്റ്റ് ക്രൂയിസറില്‍ ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല. വാര്‍ഷിക നവീകരണത്തോടെ, മാറ്റ് ഗ്രാഫൈറ്റ് ഗ്രേ കളര്‍ സ്‌കീമിനൊപ്പം പുതിയ മെറ്റാലിക് മാറ്റ് ഗ്രാഫൈന്‍ സ്റ്റീല്‍ ഗ്രേ കളര്‍ ഓപ്ഷനും ബൈക്കിന് ലഭിക്കുന്നു. ഇന്ത്യയിലെ ലോഞ്ച് 2021-ന്റെ അവസാനത്തില്‍ നടക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments