2022 | ഫെബ്രുവരി 19 | ശനി | 1197 | കുംഭം 7 | ഉത്രം
➖➖➖➖➖➖➖➖
🔳പതിനയ്യായിരം സ്റ്റാര്‍ട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലും കേരളം ലക്ഷ്യമിടുന്നുതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2026 ആകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക്, ഇന്നൊവേഷന്‍ ടെക്‌നോളജി ലാബുകള്‍, ഇന്‍കുബേറ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹര്‍ഡില്‍ ഗ്ലോബല്‍ 2022 കോണ്‍ഫറന്‍സ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പുകളുണ്ടായിരുന്നെങ്കില്‍ 2021 ല്‍ എണ്ണം 3900 ആയി. 35,000 പേര്‍ക്കു ജോലി ലഭിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 2300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലെത്തിയത്. 2020-21 ല്‍ മാത്രം 1900 കോടി രൂപയുടെ നിക്ഷേപമുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു.
🔳സംസ്ഥാനത്തു പകല്‍ ഗാര്‍ഹിക വൈദ്യുതിക്കു നിരക്കു കുറയ്ക്കാനും രാത്രി നിരക്കു കൂട്ടാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചേ തീരൂവെന്ന അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.
🔳കെഎസ്ഇബിയിലെ ഇടതു ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. സമരക്കാര്‍ക്കു വഴങ്ങിയ സര്‍ക്കാര്‍ എസ്ഐഎസ്എഫ് സെക്യുരിറ്റി വിന്യാസം പിന്‍വലിക്കും. എസ്ഐഎസ്എഫ് സെക്യുരിറ്റി കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളില്‍ മാത്രമാക്കും. ഗേറ്റുകള്‍, പ്രധാനകവാടം, ചെയര്‍മാന്റെ ഓഫീസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കും. സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയുമുണ്ടാകില്ല.
🔳സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ തോതില്‍. ശുചീകരണം അടക്കമുള്ള ഒരുക്കങ്ങളുമായി പിടിഎയും സന്നദ്ധ പ്രവര്‍ത്തകരും. തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്തത്. 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തില്‍ പരം അധ്യാപകരും തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തും. യൂണിഫോമില്‍ കടുംപിടുത്തമില്ല. ഹാജറും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
🔳കോഴിക്കോട് കളക്ടറേറ്റില്‍ ഭരണസ്തംഭനം. സ്ഥലംമാറ്റ ഉത്തരവിനെതിരെ ആയിരത്തിലേറെ ജീവനക്കാര്‍ ഉച്ചവരെ സമരം ചെയ്തു. റവന്യൂ വകുപ്പിലെ 16 ഓഫീസര്‍മാരെ സ്ഥലം മാറ്റിയതിനു പിറകേയാണ് സമരം തുടങ്ങിയത്. ഭരണപക്ഷ സംഘടനകളായ എന്‍ജിഒ യൂണിയനും ജോയന്റ് കൗണ്‍സിലും തമ്മിലുള്ള ഉള്‍പ്പോരാണ് യഥാര്‍ത്ഥത്തില്‍ സമരത്തിനു പിന്നില്‍. പ്രതിഷേധവിവരം അറിഞ്ഞതിനാലാകാം ഉച്ചവരെ ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി കളക്ടറേറ്റില്‍ എത്തിയില്ല. കളക്ടര്‍ ഓഫീസിലെത്തിയാല്‍ വീണ്ടും സമരമെന്ന് യൂണിയന്‍ നേതാക്കള്‍.
🔳മുന്‍മന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്തു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഗവര്‍ണര്‍. ‘പേര് ബാലന്‍ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളര്‍ന്നിട്ടില്ലേ?’ ഗവര്‍ണര്‍ പരിഹസിച്ചു. ഗവര്‍ണര്‍ക്ക് രണ്ടാം ശൈശവമാണെന്നും വയസുകാലത്ത് പലതും പറയുമെന്നും മുന്‍മന്ത്രി എ കെ ബാലന്‍ പരിഹസിച്ചിരുന്നു.
🔳പദവികള്‍ തേടി അഞ്ചു പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നു തിരിച്ചടിച്ച് വി.ഡി സതീശന്‍. അഞ്ചു പാര്‍ട്ടി റെക്കോഡ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നത്. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ അപമാനകരമെന്നും സതീശന്‍.
🔳ആരുടെ സമീപനമാണു ബാലിശമെന്നു ജനം തീരുമാനിക്കട്ടെയെന്ന് എ.കെ. ബാലന്‍. ഗവര്‍ണറെ അപമാനിച്ചിട്ടില്ല. സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ ഭിന്നതയുമില്ല. ബാലന്‍ പറഞ്ഞു.
🔳വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തില്‍ ഒളിവിലായിരുന്ന വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ആദിവാസി കോളനിയിലുള്ളവരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
🔳പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിനു നല്‍കിയ റവന്യൂ പുറമ്പോക്കു ഭൂമിയില്‍ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം കുഞ്ഞുമോന്‍ തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക് പ്രസിഡന്റ് പറഞ്ഞത്. വി എം കുഞ്ഞുമോന്‍ മുന്‍മന്ത്രി എം.എം മണിയുടെ മരുമകനാണ്. പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്.
🔳ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ഒന്നാം പ്രതി എംഎല്‍എ ശ്രീനിജനാണെന്നും പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ അവിടെയെത്തിയത്, ബക്കറ്റ് പിരിവിനല്ല. വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു. ദീപുവിന്റെ അയല്‍വാസികള്‍ പോലും എംഎല്‍എയ്ക്കെതിരെ പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
🔳ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നാലു പ്രതികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
🔳ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്ത് നാട് എംഎല്‍എ പി.വി.ശ്രീനിജന്‍. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്കു തന്നെ വലിച്ചിഴക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ശ്രീനിജന്‍.
🔳നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശി കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.
🔳ഐഎന്‍എല്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടി വരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. യോഗം ചേര്‍ന്നവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി കിട്ടണം. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുമായി ഇന്നലെ നടത്തിയത് സ്വകാര്യ ചര്‍ച്ചയാണെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
🔳വിരുന്നിനെത്തിയ വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവ്. 2006 സെപ്റ്റംബര്‍ 24 ന് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.
🔳വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് ജില്ലാ സെഷന്‍സ് കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഉറങ്ങിക്കിടന്നിരുന്ന വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ 2018 ജൂലൈ ആറിനു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് വിധി.
🔳സിബിഐ അന്വേഷിക്കുന്ന പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടല്‍ തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അഛന്‍ പറഞ്ഞു. 24 പേരെ പ്രതിചേര്‍ത്ത് ഡിസംബര്‍ മൂന്നിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
🔳പത്തനംതിട്ട ജില്ലയിലെ എല്‍ഡിഎഫ് പരിപാടികള്‍ സിപിഐ ബഹിഷ്‌കരിക്കും. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഉഭയകക്ഷിചര്‍ച്ചകളിലെ വ്യവസ്ഥകള്‍ സിപിഎം പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആരോപണം. കുറ്റക്കാരായ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു.
🔳കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവയില്‍ ആസിഡ് ഉപയോഗിച്ചവരെ കണ്ടെത്തുന്നതിനു പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും.
🔳സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. മുന്‍കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറിന ആറുമാസം മുമ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതാണ്. സ്വപ്നയുടെ നിയമനം നിയമവിധേയമാണെന്നും ബിജു കൃഷ്ണന്‍ പറഞ്ഞു.
🔳സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നിയമനം നല്‍കിയ എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . സിപിഎമ്മിനാണ് സ്ഥാപനവുമായി ബന്ധമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
🔳മാല പാര്‍വതി മരിച്ചെന്നു വ്യാജ വാര്‍ത്ത. ഓണ്‍ലൈന്‍ മാധ്യമത്തിലാണു വ്യാജ വാര്‍ത്ത. ‘മരിച്ചിട്ടില്ല എന്നു പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല.’ എന്നാണു മാല പാര്‍വതിയുടെ പ്രതികരണം. വ്യാജ വാര്‍ത്ത കാരണം രണ്ടു പരസ്യങ്ങളുടെ ഓഡിഷന്‍ നഷ്ടമായെന്നും മാല പാര്‍വതി പറയുന്നു.
🔳അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന ചായക്കടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
🔳ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലുകളില്‍നിന്ന് ബാറ്ററി മോഷ്ടിച്ചിരുന്ന ദമ്പതികളെ സിറ്റി പൊലീസ് പിടികൂടി. 2021 ജൂണിനും 2022 ജനുവരിക്കും ഇടയില്‍ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളില്‍ നിന്നായി 230 ബാറ്ററികളാണ് മോഷ്ടിച്ചത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. കിലോയ്ക്കു നൂറു രൂപയക്കാണ് ഇവ വിറ്റത്. മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തൊമ്പതുകാരിയായ നസ്മ സിക്കന്ദറുമാണ് അറസ്റ്റിലായത്.
🔳പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. റിക്കവറി നോട്ടീസ് പിന്‍വലിക്കല്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തെ ബാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തുടര്‍ നടപടി. സമരക്കാരില്‍ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
🔳ഡിസംബറില്‍ 1.29 കോടി വരിക്കാര്‍ റിലയന്‍സ് ജിയോയെ ഉപേക്ഷിച്ചെന്നു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. എന്നിട്ടും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്. എയര്‍ടെല്‍ 30.81 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഡിസംബറില്‍ എയര്‍ടെലിന് 4.5 ലക്ഷം വരിക്കാരുടെ വര്‍ധനയുണ്ടായി.
🔳യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ സ്‌കേറ്റിംഗ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ടു താഴെവീണ് പതിനാറുകാരന്‍ മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയാണ് മരിച്ചത്.
🔳ചൈനയുടെ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡും നടത്തുന്ന ഇ-കൊമേഴ്സ് സൈറ്റുകള്‍ യുഎസ് ഗവണ്‍മെന്റിന്റെ ‘കുപ്രസിദ്ധ വിപണി’ പട്ടികയില്‍ ചേര്‍ത്തതായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യുഎസ്ടിആര്‍) അറിയിച്ചു. വ്യാപാരമുദ്ര വ്യാജമായതോ പകര്‍പ്പവകാശ പൈറസിയില്‍ ഏര്‍പ്പെടുകയോ സുഗമമാക്കുകയോ ചെയ്യുന്ന 42 ഓണ്‍ലൈന്‍ വിപണികളെയും 35 ഫിസിക്കല്‍ മാര്‍ക്കറ്റുകളെയും പട്ടിക വെളിപ്പെടുത്തുന്നു. ഇതില്‍ ആദ്യമായിയാണ് ചൈനയുടെ രണ്ട് സുപ്രധാന ഇ-കൊമേഴ്സ് പരിസ്ഥിതിയായ അലിഎക്‌സ്പ്രസും വീചാറ്റും ഉള്‍പ്പെടുന്നത്. ചൈന ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളായ ബൈഡു, ഡിഎച്ച്‌ഗേറ്റ് എന്നിവയും പട്ടികയിലുണ്ട്. ചൈനയില്‍ സ്ഥിതി ചെയ്യുന്നമറ്റ് ഒമ്പത് ഫിസിക്കല്‍ മാര്‍ക്കറ്റുകളും ലിസ്റ്റിലുണ്ട്.
🔳സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കൂടിയ വില ഇന്ന് 240 രൂപ ഇടിഞ്ഞു. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില 30 രൂപ കുറഞ്ഞ് 4600 രൂപയായി. ഈ മാസം 12ന് കുതിച്ചുകയറിയ സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16ന് വില തിരിച്ചിറങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.
🔳മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. അന്യഭാഷക്കാരിയായ നടി ആണെങ്കിലും മലയാളികള്‍ക്ക് മേഘ്ന രാജിനോട് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്മുണ്ട്. മേഘ്ന രാജ് നായികയാകുന്ന ചിത്രത്തെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്. ‘ശബ്ദ’ എന്ന ചിത്രത്തിലാണ് മേഘ്ന രാജ് ഇനി അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്നയ്ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.
🔳ധനുഷ് നായകനാകുന്ന ചിത്രമാണ് ‘മാരന്‍’. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് നരേന്റെ സംവിധാനത്തില്‍ ഇതാദ്യമായിട്ടാണ് ധനുഷ് നായകനാകുന്നത്. മാളവിക മോഹനന്‍ നായിയാകുന്ന ചിത്രമായ ‘മാരനി’ലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘അണ്ണനാ താലാട്ടും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണിയാണ് ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
🔳ഒരുപിടി നല്ല സിനിമകളിലൂടെ ജനമനസുകളില്‍ ഇടംനേടിയ സംവിധായകനാണ് വെട്രിമാരന്‍. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ അദ്ദേഹം തന്റെ യാത്രകള്‍ക്കായി ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ആര്‍ നയണ്‍ ടി സ്‌ക്രാംബ്ലറാണ് അദ്ദേഹം സ്വന്തമാക്കിയ ബൈക്ക്. റെട്രോ സ്‌റ്റൈലില്‍ ബി.എം.ഡബ്ല്യു നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഈ ആഡംബര ബൈക്കിന് 16.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
🔳ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. ‘ലതാ മങ്കേഷ്‌കര്‍ : സംഗീതവും ജീവിതവും’. ജമാല്‍ കൊച്ചങ്ങാടി. മാതൃഭൂമി. വില 140 രൂപ.
🔳രോഗപ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെട്ട വൈറ്റമിന്‍ ആണ് സി. മനുഷ്യശരീരത്തിന് ഉല്‍പാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധിക്കാത്ത വൈറ്റമിന്‍ ആണിത്. അതുകൊണ്ടു തന്നെ കൂടിയ അളവില്‍ ഇത് ശരീരത്തിന് ആവശ്യവുമാണ്. ചെറുരക്തക്കുഴലുകള്‍, എല്ലുകള്‍, പല്ലുകള്‍, കൊളാജന്‍ കലകള്‍ എന്നിവയ്ക്കെല്ലാം വൈറ്റമിന്‍ സി ആവശ്യമാണ്. കുറഞ്ഞത് 90 മിഗ്രാം വൈറ്റമിന്‍ സി എങ്കിലും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായതാണ് ഓറഞ്ചും ചെറുനാരങ്ങയും. 100 ഗ്രാം സെര്‍വിങ്ങില്‍ 53.2 മിഗ്രാം വൈറ്റമിന്‍ സി ഓറഞ്ചിലും 53 മി.ഗ്രാം വൈറ്റമിന്‍ സി നാരങ്ങയിലും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സിയുടെ മികച്ച ഉറവിടമാണ് പൈനാപ്പിള്‍. ഒരു സെര്‍വിങ്ങില്‍ 79 മി.ഗ്രാം വൈറ്റമിന്‍ സി പൈനാപ്പിളിലുണ്ട്. ഒരു കപ്പ് പപ്പായയില്‍ 88 മി.ഗാം വൈറ്റമിന്‍ സി ഉണ്ട്. അന്നജവും നാരുകളും മിതമായ അളവില്‍ അടങ്ങിയ പേരയ്ക്ക വൈറ്റമിന്‍ സിയുടെ കലവറയാണ്. ഒരു പേരയ്ക്കയില്‍ 126 മി.ഗ്രാം വിമൈിന്‍ സി അടങ്ങിയിട്ടുണ്ട്. രണ്ടു കിവിപ്പഴം 137 മി.ഗ്രാം വൈറ്റമിന്‍ സി തരും. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം വൈറ്റമിന്‍ സി ധാരാളമായടങ്ങിയ ഒന്നാണ്. ഇടത്തരം വലുപ്പമുള്ള ഒരു ചുവപ്പു കാപ്സിക്കത്തില്‍ 152 മി.ഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. പച്ച കാപ്സിക്കത്തില്‍ 96 മി.ഗ്രാമും മഞ്ഞ കാപ്സിക്കത്തില്‍ 218 മി. ഗ്രാം വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.68, പൗണ്ട് – 101.53, യൂറോ – 84.52, സ്വിസ് ഫ്രാങ്ക് – 81.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.60, ബഹറിന്‍ ദിനാര്‍ – 198.08, കുവൈത്ത് ദിനാര്‍ -247.00, ഒമാനി റിയാല്‍ – 194.00, സൗദി റിയാല്‍ – 19.90, യു.എ.ഇ ദിര്‍ഹം – 20.33, ഖത്തര്‍ റിയാല്‍ – 20.51, കനേഡിയന്‍ ഡോളര്‍ – 58.62.
➖➖➖➖➖➖➖➖