Pravasimalayaly

ഇന്നത്തെ പ്രധാന വാർത്തകൾ

🙏🙏 പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ജൂൺ 16 | 1196 മിഥുനം 02 | ബുധനാഴ്ച | മകം |

🔳കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു.

🔳കോവിഡ് മുക്തി നേടിയയാള്‍ക്ക് മധ്യപ്രദേശില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിതെന്നാണ് കരുതുന്നത്. ഇന്‍ഡോറില്‍ നിന്നുളള 34 കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

🔳പത്തനാപുരം പാടം ഗ്രാമത്തില്‍ വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍നിന്നു ബോംബുനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിന് മുമ്പ് ആയുധ പരിശീലനം നടന്നതായി സംശയം . കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി വനമേഖലയില്‍പ്പെടുന്ന തട്ടാക്കുടിയില്‍ ജനുവരി 21-ന് വാഗമണ്‍ തീവ്രവാദ ക്യാമ്പിന്റെ മാതൃകയില്‍ ആയുധപരിശീലനം നടന്നതായാണ് സംശയം. ഇക്കാര്യം വെവ്വേറെ അന്വേഷിച്ച തമിഴ്നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

🔳സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് പ്രവര്‍ത്തകരോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇന്ദിരാ ഭവനില്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണമെന്നും അതൊരു പ്രതിജ്ഞയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

🔳കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണെന്ന് രമേശ് ചെന്നിത്തല. തനിക്കെതിരേ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോള്‍ താന്‍ പ്രതികരിച്ചുവെന്നും, അതായിരിക്കണം കോണ്‍ഗ്രസുകാരുടെ വികാരമെന്നും വ്യക്തമാക്കി. ഇന്ദിരാ ഭവനില്‍ കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳’പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട്’ എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ഏറ്റെടുത്ത് കെ മുരളീധരന്‍. ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരന്‍ ചെന്നിത്തലക്ക് ഇപ്പോഴാണ് പലതും മനസിലായതെന്നും തനിക്ക് ഇതെല്ലാം നേരത്തെ മനസിലായതാണെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ഇതൊക്കെ നേരത്തെ അനുഭവിച്ചതുകൊണ്ടാണ് പാര്‍ട്ടിയില്‍ പലപ്പോഴും നിസംഗഭാവം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു.

🔳സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. മദ്യം ബുക്ക് ചെയ്യാന്‍ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ്-ബെവ്‌കോ പ്രതിനിധികള്‍ ഇന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.

🔳തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്എസ്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എന്‍എസ്എസ് ആരോപിച്ചു.

🔳ഹാഥ്റസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് കോടതി. മഥുര കോടതിയുടെതാണ് വിധി. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. എന്നാല്‍ കാപ്പനെതിരെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കിയിട്ടില്ല.

🔳പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.70 രൂപയും ഡീസല്‍ വില 93.93 രൂപയും എത്തി. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബിഹാര്‍, മണിപ്പൂര്‍, ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറുകടന്നു. ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ചില ഇടങ്ങളില്‍ ഡീസല്‍ വിലയും നൂറ് കടന്നു.

🔳പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യഭൂമിയില്‍ ഭരണകൂടം കൊടിനാട്ടിയെന്ന് പരാതി. കവരത്തിയിലെ സ്വകാര്യ ഭൂമിയില്‍ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്.

🔳പഞ്ചാബില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോര് കനക്കുന്നു. തനിക്ക് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് ഇടഞ്ഞുനില്‍ക്കുന്ന നവജ്യോത് സിങ് സിദ്ദു അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് സിദ്ദുവിന് ആശങ്കയുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

🔳അസമില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഏഴ് പ്രതികളെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പെണ്‍കുട്ടികളെ കൊക്രാജറിലെ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളായ 16,14 വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. എന്നാല്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ തുടക്കത്തിലേ ആരോപിച്ചിരുന്നു.

🔳പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്.

🔳ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്ക് ബലൂണ്‍ ബോംബ് പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്. ഗാസയില്‍ നിന്നുവന്ന ബലൂണുകള്‍ തെക്കന്‍ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കും. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന് ബാക്കിയുള്ള വേതനം നല്‍കി ബ്ലാസ്റ്റേഴ്സ് പ്രശ്നം പരിഹരിച്ചു. മുഴുവന്‍ വേതനവും നല്‍കിയിട്ടില്ലെന്ന പൊപ്ലാനികിന്റെ പരാതിയിലാണ് ഫിഫ ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

🔳ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സ്ഥാനം നിലനിര്‍ത്തി. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയും തിരിച്ചെത്തി. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബൗളര്‍മാര്‍. ജഡേജയ്ക്കൊപ്പം ആര്‍ അശ്വിനാണ് സ്പിന്‍ ബൗളറായിയുള്ളത്.ഹനുമ വിഹാരിയും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.

🔳പുഷ്‌കാസ് സ്റ്റേഡിയത്തില്‍ ഹംഗറിക്കായി ആരവുമയര്‍ത്തിയ അറുപതിനായിരത്തോളം കാണികളെ സാക്ഷിയാക്കി പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തം പേരിലാക്കിയത് ചരിത്രനേട്ടങ്ങള്‍. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ ക്രിസ്റ്റിയാനോ അഞ്ച് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായും മാറി. തുടര്‍ച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോള്‍ കണ്ടെത്തുന്ന ആദ്യ താരവും ക്രിസ്റ്റിയാനോ തന്നെ. യൂറോ കപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ പേരിലായിരുന്നു. ഹംഗറിക്കെതിരെ ഇരട്ടഗോളുകള്‍ നേടിയ താരം ഇതുവരെ യൂറോ കപ്പില്‍ അടിച്ചത് 11 ഗോളുകളാണ്.

🔳യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയപ്പോള്‍ കൊക്കോ കോള കമ്പനിക്ക് നഷ്ടപ്പെട്ടത് കോടികള്‍. വാര്‍ത്താ സമ്മേളനത്തിനിടെ സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കു വലിയ നഷ്ടമുണ്ടാക്കിയിരിക്കുകയാണിപ്പോള്‍. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായിയെന്ന് റിപ്പോര്‍ട്ടുകള്‍.

🔳ബോണ്ട് വില്‍പനയിലൂടെ ഐസിഐസിഐ ബാങ്ക് സമാഹരിച്ചത് 2,827 കോടി രൂപ. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ ബോണ്ടുകളിലൂടെ ഫണ്ട് സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഡെറ്റ് സെക്യൂരിറ്റി ബോണ്ടുകള്‍ വഴി ധനസമാഹരണത്തിന് ആയിരുന്നു അനുമതി. ഇതനുസരിച്ച് 28,274 റെഡീം ചെയ്യാവുന്ന ദീര്‍ഘകാല ബോണ്ടുകള്‍ ആണ് ബാങ്ക് അനുവദിച്ചത്. ഇതിലൂടെയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. 2021 ജൂണ്‍ 15 ആണ് അലോട്ട്മെന്റ് ഡേറ്റ്. ബോണ്ടുകളുടെ റിഡംപ്ഷന്‍ ഡേറ്റ് 2028 ജൂണ്‍ 15 ആയിരിക്കും. പ്രതിവര്‍ഷം 6.45 ശതമാനം എന്ന കണക്കില്‍ ബോണ്ടുകള്‍ക്ക് കൂപ്പണ്‍ ഉണ്ടായിരിക്കും.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്.

🔳ധനുഷ് നായകനാകുന്ന സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലാണ് റിലീസ് ചെയ്യുക. 18ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോര്‍ജുവും പ്രധാന കഥാപാത്രമായി എത്തുന്നു. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.

🔳നവാഗതനായ വിഷ്ണു ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘തക്കം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സുരേഷ് ഗോപിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ചേര്‍ന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദിന്റേതാണ്. മാജിക് മൊമന്റ്‌സിന്റെ ബാനറില്‍ ബിജു രാമകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.

🔳ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ 300 എന്‍കെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. 2.29 ലക്ഷം രൂപയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിന് എക്‌സ് ഷോറൂം വില. 2021 മാര്‍ച്ചിലാണ് കമ്പനി ആദ്യ ബിഎസ് 6 മോഡലിനെ അവതരിപ്പിക്കുന്നത്. 250 സിസി മുതല്‍ 650 സിസി സെഗ്മെന്റുകളിലെ മോഡലുകളുമായി രണ്ട് വര്‍ഷം മുമ്പാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ സിഎഫ്മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

Exit mobile version