Pravasimalayaly

News headlines

പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ
2021 | ജൂൺ 17 | 1196 മിഥുനം 3 | വ്യാഴാഴ്ച | പൂരം |

🔳ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

🔳കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നില്‍ തലകുനിക്കുമെന്നും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അജണ്ട ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്തെ കൊവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കൊവിഡ് ബാധിച്ച് മരിച്ചവരുടെയും കൊവിഡില്‍ പ്രതിസന്ധിയിലായ കുടുംബങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കും യഥാര്‍ത്ഥ കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന ആരോപണമുള്ള സാഹചര്യത്തിലാണ് തീരുമാനം. മൂന്നുകോടി കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വിവരം തേടാനാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗുജറാത്തില്‍ നടത്തിയ പ്രാഥമിക വിവരശേഖരത്തില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി വിവര ശേഖരണം നടത്തുന്നത്.

🔳ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും പാസിന്റെ ആവശ്യമില്ല, പകരം സത്യവാങ്മൂലം കയ്യില്‍ കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും പാസ് ആവശ്യമാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.

🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വ്വീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.

🔳സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇന്ന് മുതല്‍ പുനഃരാരംഭിക്കും. കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമേ മദ്യശാലകള്‍ തുറക്കൂ.

🔳ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവില്‍ സോളാര്‍ ബോട്ടുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 75 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് സോളാര്‍ ബോട്ടുകളാണ് വാങ്ങുന്നതെന്നും ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു

🔳ബിസിനസിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ധര്‍മരാജനോട് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധര്‍മരാജന്‍ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.

🔳ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് വ്യാജ കേസ് ആണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഭരണഘടനയില്‍ വിശ്വാസമുണ്ട്. നീതി വേണം. എന്നാല്‍ ഇപ്പോള്‍ നീതി വൈകുകയാണ്. ഇത് നീതി നിഷേധത്തിന് തുല്യമാണെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. മഥുരയിലെ കോടതിയില്‍നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

🔳ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

🔳നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. 2010ലെ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ് എ ശാന്തകുമാര്‍.

🔳കേരളത്തില്‍ ഇന്നലെ 1,12,521 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228.

🔳സംസ്ഥാനത്ത് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 908 ഹോട്ട് സ്‌പോട്ടുകള്‍.

🔳രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടതായി സൂചനകള്‍. രാജസ്ഥാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

🔳ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മോചനം ഡല്‍ഹി പോലീസ് വൈകിക്കുന്നുവെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ജാമ്യം ലഭിച്ച വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാര്‍ഥികളുടെ മോചനം വൈകിപ്പിക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചത്.

🔳രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയൊഴിഞ്ഞതിന്റെ പിന്നാലെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ബുധനാഴ്ചയാണ് താജ്മഹല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് താജ്മഹല്‍ വീണ്ടും തുറന്നത്.

🔳ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന് അഭിഭാഷകനെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 5 വരെ പാകിസ്താന്‍ കോടതി മാറ്റിവച്ചു. രാജ്യത്തെ ഉന്നത നിയമ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന മാനിച്ചാണ് കേസ് മാറ്റിവെച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു.

🔳രാജ്യത്ത് ഇന്നലെ 67,256 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,03,853 പേര്‍ രോഗമുക്തി നേടി. മരണം 2,329. ഇതോടെ ആകെ മരണം 3,81,931 ആയി. ഇതുവരെ 2,96,99,555 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 8.21 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 10,448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,107 പേര്‍ക്കും കര്‍ണാടകയില്‍ 7,345 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 6,617 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,187 പേര്‍ക്കും ഒഡീഷയില്‍ 3,535 പേര്‍ക്കും ആസാമില്‍ 3,386 പേര്‍ക്കും തെലുങ്കാനയില്‍ 1,486 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,76,223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 12,343 പേര്‍ക്കും ബ്രസീലില്‍ 84,735 പേര്‍ക്കും അര്‍ജന്റീനയില്‍ 25,878 പേര്‍ക്കും കൊളംബിയയില്‍ 27,827 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,704 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 395 പേരും ബ്രസീലില്‍ 2,529 പേരും കൊളംബിയയില്‍ 595 പേരും അര്‍ജന്റീനയില്‍ 646 പേരും റഷ്യയില്‍ 396 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.47 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്ക്. സംസ്ഥാനത്തെ 70 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ന്യൂയോര്‍ക്ക് സംസ്ഥാനം നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. ചൊവ്വാഴ്ച രാത്രി, സംസ്ഥാനത്തൊട്ടാകെ പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനം ആഘോഷിച്ചത്.

🔳പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷന്‍ വ്യാപകമാകുന്നതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിച്ചത്.

🔳ക്രിസ്റ്റ്യാനോയുടെ മാര്‍ഗം പിന്തുടര്‍ന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും. ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ തന്നെ വിട്ടുനിന്നിരുന്നു.

🔳യൂറോകപ്പില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റഷ്യ വിജയം ആഘോഷിച്ചത്. അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയം റഷ്യയുടെ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

🔳യൂറോ കപ്പിലെ കറുത്ത കുതിരകളായ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി വെയ്ല്‍സ്. ആരോണ്‍ റാംസിയും കോണര്‍ റോബേര്‍ട്‌സുമാണ് ടീമിനായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ വെയ്ല്‍സ് നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. മറുവശത്ത് തുര്‍ക്കിയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.

🔳യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് അസൂറികള്‍
പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികള്‍ക്കായി മൂന്നാം ഗോള്‍ നേടി.

🔳കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതായി സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഇടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കുന്ന സേവനത്തിനായുള്ള ആപ്പുകള്‍ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഒപ്പം സാമ്പത്തിക തട്ടിപ്പുകളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

🔳സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും ചേര്‍ന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായി സ്ഥാപിച്ച നവി ജനറല്‍ ഇന്‍ഷുറന്‍സ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് തുടക്കമിട്ടു. നവി ഹെല്‍ത്ത് ആപ്പിലൂടെ തീര്‍ത്തും പേപ്പര്‍രഹിതമായും 2 മിനിറ്റുകൊണ്ട് എടുക്കാവുന്ന പോളിസിക്ക് മാസം തോറും 240 രൂപ മുതല്‍ ഇഎംഐ ഓപ്ഷനുകളുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 2 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ കവര്‍ ചെയ്യുന്ന പോളിസികളാണ് ലഭ്യമായിട്ടുള്ളത്.

🔳’ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍’ എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന, ലീന മണിമേഖല സംവിധാനം ചെയ്ത ‘മാടത്തി’ ജൂണ്‍ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും. ഈ ചിത്രം തമിഴ്‌നാടിന്റെ വിദൂര ഭാഗത്ത് സമൂഹം വിലക്കു കല്‍പിച്ച ജാതി വിഭാഗത്തില്‍ ജനിച്ച ഒരു കൗമാരക്കാരിയുടെ കഥയാണ്. ദലിതരുടെ വസ്ത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിതരായ പുതിരെയ് വണ്ണാരുകളെ കുറിച്ചും, അവരുടെ സമുദായത്തിലെ മരണമടഞ്ഞവരും, ആര്‍ത്തവമുള്ളവരുമായ സ്ത്രീകള്‍ സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് മറഞ്ഞിരിക്കണം, കാരണം അവരെ കാണുന്നത് തന്നെ മലിനമാണെന്നു മറ്റുള്ളവര്‍ കരുതുന്നു. ലിംഗഭേദം, ജാതി, സ്വത്വം, മതവിശ്വാസം, അക്രമം എന്നിവയുടെ പ്രതിഫലനമാണ് ഈ സിനിമ. ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായില്‍, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കള്‍.

🔳ഹെലന്‍ സിനിമയില്‍ ഹെലന്റെ കാമുകനായ അസറിനെ അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല. ചിത്രത്തിന്റെ കഥ എഴുതിയ നോബിള്‍ ബാബു തോമസ് ആയിരുന്നു ഹെലനില്‍ നായകനായി എത്തിയത്. ഇപ്പോഴിതാ സംവിധായകനായി എത്തുകയാണ് നോബിള്‍. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്. പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് മേഡ് ഇന്‍ ഹെവന്‍ ആല്‍ബം. ക്ലൈമാക്സില്‍ ഒരു ഉഗ്രന്‍ സസ്പെന്‍സും മ്യൂസിക് വീഡിയോയില്‍ ഉണ്ട്. നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച ഏതാനും മോഡലുകള്‍ തിരിച്ച് വിളിക്കുന്നു. സേഫ്റ്റി റിഫ്‌ളക്ടറുകളിലെ പോരായ്മ പരിഹരിക്കുന്നതിനായാണ് ഹോണ്ടയുടെ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നത്. കമ്പനിയുടെ ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന സിബി300ആര്‍, ഹൈനസ് സിബി350 എന്നിവയും മറ്റു മോഡലുകളായ ഹോര്‍നെറ്റ് 2.0, എക്സ് ബ്ലേഡ്, സിബി ഷൈന്‍, ആക്ടിവ 5ജി, ആക്ടിവ 6ജി, ആക്ടിവ 125 എന്നീ മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 നവംബര്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ നിര്‍മിച്ച യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. റിഫ്ലെക്സ് റിഫ്ലക്ടറുകളുടെ തെറ്റായ സ്ഥാനമാണ് തിരിച്ചുവിളിക്കാന്‍ കാരണമായതെന്നാണ് സൂചന.

🔳ഭാഷയെക്കുറിച്ചു പഠിച്ചും പറഞ്ഞും വിസ്തരിച്ചു പടര്‍ന്നുപോകുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങള്‍. ഭാഷാശാസ്ത്രവും വ്യാകരണവും ജീവിതവും കലര്‍ന്ന ഭാഷാവിചാരം ഭാവനയുടെ പിന്‍ബലമുള്ള ആലോചനകളായി ഇവിടെ രൂപാന്തരപ്പെടുന്നു. ‘ജീവല്‍ ഭാഷയുടെ പുസ്തകം’. സി ജെ ജോര്‍ജ്ജ്. ഇന്‍സൈറ്റ് പബ്ളിക്ക. വില 439 രൂപ.

Exit mobile version