സായാഹ്‌ന വാർത്തകൾ
*2021 | ജൂൺ 17 | 1196 മിഥുനം 3 | വ്യാഴം | പൂരം |
🔳ബയോളജിക്കല്‍ ഇ യുടെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ കോവിഡിനെതിരേ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക പാനലിലെ അംഗമായ ഡോ.എന്‍.കെ.അറോറ. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിന്‍ ‘ഗെയിം ചേഞ്ചറാ’യിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🔳രാജ്യാന്തരതലത്തില്‍ കമ്മോഡിറ്റികളുടെ വിലവര്‍ധനവിനെതുടര്‍ന്നുള്ള പണപ്പെരുപ്പം കുതിക്കുന്നു. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിലപാടില്‍ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ സൂചിപ്പിച്ചു.ആഗോള തലത്തില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ആര്‍ബിഐക്കു മാത്രം മൂകസാക്ഷിയാകാനാവില്ല. നടപ്പുസാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളില്‍ മാറ്റംവരുത്താന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തല്‍.
🔳കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിനെ ഇളവില്‍ പെടുത്തിയിട്ടില്ല.
🔳തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഉള്‍പ്പെടെ 52 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. സാധാരണ കാര്‍ഗോ, നയതന്ത്ര കാര്‍ഗോ ആക്കി മാറ്റാന്‍ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലില്‍ യുഎഇ ആസ്ഥാനമായുള്ള രണ്ട് വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കും.
🔳വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് ഒരു കത്തിലും പറയുന്നില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.
🔳സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ആഴ്ചകള്‍ക്ക് ശേഷം തുറന്ന മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ച് അച്ചടക്കത്തോടെ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.
🔳കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതിനെതിരേയുളള വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ.പി.സി.സി ആസ്ഥാനത്തെ തിരക്കൊഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും കെ.പി.സി.സി ഓഫീസിന്റെ ഗേറ്റ് വരെ അടച്ച് തിരക്കൊഴിവാക്കാന്‍ ശ്രമം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സതീശന്‍ പറഞ്ഞു. കേസെടുത്തതിന് എതിരല്ലെന്ന് പറഞ്ഞ സതീശന്‍, കേസ് ഏകപക്ഷീയമാകരുതെന്നും അഭിപ്രായപ്പെട്ടു.
🔳ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്സുകളുടെ പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കുന്നു. പരീക്ഷയെഴുതാനെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആര്‍.ടി.പി.സി.ആര്‍. ചെയ്യേണ്ടിവരും.
🔳ഒരു ഫാക്ടറിയില്‍ സേഫ്റ്റി ഓഫീസറുടെ തസ്തികയില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും യോഗ്യതയുണ്ടെന്ന്് ഹൈക്കോടതി വിധിച്ചു. തൊഴിലെടുക്കാന്‍ പൂര്‍ണ വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിച്ചു. എഞ്ചിനീയറിങ് ബിരുദമുള്ള ട്രീസ ജോസഫൈന്‍ എന്ന യുവതിക്ക് കേരള മെറ്റല്‍സ് ആന്റ് മിനറല്‍സില്‍ സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ പരിഗണിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
🔳പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയത്തിന് സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ തയ്യാറാക്കിയ മാര്‍ഗ്ഗ രേഖ സുപ്രീം കോടതി അംഗീകരിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും മൂല്യനിര്‍ണ്ണയം എന്ന് സിബിഎസ്ഇ വ്യക്തമാക്കി. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്‌റ്റേജും 12ാം ക്ലാസിലെ യൂണിറ്റ്, ടെം, പ്രീ ബോര്‍ഡ് പരീക്ഷകള്‍ക്ക് 40 ശതമാനം വെയിറ്റേജുംനല്‍കുന്നതാണ് സിബിഎസ്ഇ മുന്നോട്ട് വച്ച മാര്‍ഗ്ഗ രേഖ. ജൂലൈ 31 നകം ഫലപ്രഖ്യാപനം നടത്തുമെന്നും ഇരു ബോര്‍ഡുകളും കോടതിയില്‍ വ്യക്തമാക്കി.
🔳പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21-കാരിയെ യുവാവ് കുത്തിക്കൊന്നു. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
🔳ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
🔳തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കോവിഡ് 19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
🔳ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ മോചനം. ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ മോചിപ്പിക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ജാമ്യം ലഭിച്ച വിദ്യാര്‍ഥികളുടെ മോചനം ഡല്‍ഹി പോലീസ് വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.
🔳കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകള്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരില്‍ വന്‍ അഴിമതി നടന്നത്. ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷം നടത്താന്‍ ഉത്തരഖാണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു.സ്വകാര്യ ലാബുകള്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങള്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂര്‍ത്തീകരിക്കുന്നതിനാണ് ലാബുകള്‍ ക്രമക്കേട് നടത്തിയതെന്നാണ് വിവരം. മേളയക്കെത്തുന്നവരെ പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു.
🔳പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരായ മമത ബാനര്‍ജിയുടെ പോരാട്ടത്തിന് അപ്രതീക്ഷിത പിന്തുണയുമായി ബദ്ധവൈരികളായ ഇടതുപക്ഷം. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ജഗദീപ് ധന്‍ഖര്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെ ഇടതുപക്ഷവും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ബി.ജെ.പിയുടെ മുഖപത്രത്തെ പോലെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നുവെന്നും പക്ഷപാതപരമായി ഇടപെടലുകള്‍ നടത്തുന്നുവെന്നും ഇടത് പക്ഷം കുറ്റപ്പെടുത്തി.
🔳തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബി.ജെ.പി. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബി.ജെ.പി. നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം മുകുള്‍ റോയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
🔳ഗംഗാ നദിയില്‍ മരം കൊണ്ടുണ്ടാക്കിയ പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തി. ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടില്‍നിന്ന് പ്രദേശവാസിയായ തോണിക്കാരനാണ് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. ജാതകവും പെട്ടിക്കകത്ത് ഉണ്ട്. സംഭവം അറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔳ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ അശ്രദ്ധയിലൂടെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാറഡോണയെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകന്‍. മാറഡോണയുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.
🔳പതിനാറ് സീസണ്‍ നീണ്ട സുദീര്‍ഘമായ കരിയറിന് വിരാമമിട്ട് സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി വഴിപിരിയുന്നു. ദീര്‍ഘകാലം ടീമിന്റെ നായകനായിരുന്ന മുപ്പത്തിയഞ്ചുകാരനായ റാമോസിന് റയലുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുകയാണ്.
🔳ബ്രെന്റ് ക്രൂഡ് ഓയില്‍ വില 78-80 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് എംകെ വെല്‍ത്ത് മാനേജ്‌മെന്റ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്. 68-70 യുഎസ് ഡോളറിനു താഴേക്ക് വില സമീപഭാവിയില്‍ പോകില്ലെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ യുഎസ് ഡോളറിന്റെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് വിലക്കയറ്റം പരിമിതപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏഷ്യയിലെ ആവശ്യകത പ്രീ-പാന്‍ഡെമിക് തലങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ല. എങ്കിലും ആവശ്യകത ഉയരുന്നത് വരും ദിവസങ്ങളില്‍ ഉയര്‍ന്ന എണ്ണവിലയ്ക്ക് വഴിയൊരുക്കുമെന്നും കമ്പനിയുടെ പഠനം പറയുന്നു.
🔳മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വര്‍ഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്സ് വിമാനക്കമ്പനി. 6 ബില്യണ്‍ ഡോളര്‍ (22.1 ബില്യണ്‍ ദിര്‍ഹം) നഷ്ടമാണ് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ച കഴിഞ്ഞ വര്‍ഷം 456 മില്യണ്‍ ഡോളറായിരുന്നു(1.7 ബില്യണ്‍ ദിര്‍ഹം) എമിറേറ്റ്സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വര്‍ഷം 9.7 ബില്യണ്‍ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാന്‍ഡ് തകര്‍ച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാനകാരണമായി കമ്പനി പറഞ്ഞിരിക്കുന്നത്.
🔳സമീപകാലത്ത് ഒരു വര്‍ഷം ഒന്നോ രണ്ടോ സിനിമകള്‍ എന്നതാണ് വിജയ്യുടെ കണക്ക്. വന്‍ ബജറ്റിലാണ് സിനിമകള്‍ ചെയ്യുന്നതും. വിജയ്യുടെ സിനിമകള്‍ ഹിറ്റായി മാറുകയും ചെയ്യാറുണ്ട്. ഇപോഴിതാ തെലുങ്ക് സിനിമയില്‍ വിജയ്യ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ളതാണ് ചര്‍ച്ച. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് വിജയ് വന്‍ പ്രതിഫലം വാങ്ങിക്കുന്നത്. 100 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് വിജയ് ഒരു തെലുങ്ക് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
🔳ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പൃഥ്വിരാജ്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, ആ നിയന്ത്രണങ്ങള്‍ക്കകത്തു നിന്നുകൊണ്ടു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൃഥ്വിരാജ് കുറിച്ചു. മകള്‍ ആലി എഴുതിയ ഒരു കഥയിലെ ചില വരികളുടെ ചിത്രവും നടന്‍ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ലോക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും മികച്ച കഥയാണിതെന്നും പക്ഷേ ഈ മഹാമാരി കാലത്ത് ഈ കഥ ചിത്രീകരിക്കുക അസാധ്യമായതിനാല്‍ പുതിയ ഒരു കഥയെ പറ്റി ആലോചിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു അച്ഛനും മകനും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയതും രണ്ട് വര്‍ഷത്തിനു ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ വീട്ടിലെത്തി സന്തോഷത്തോടെ ജീവിച്ചതുമാണ്, പൃഥ്വിരാജിന്റെ മകള്‍ ആലിയുടെ കഥ.
🔳ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ആര്‍-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 ഐ പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 ഐ പെട്രോള്‍ എന്‍ജിന്‍ 184 കി.വാട്ട് പവറും 365 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ 2.0 ഐ ഡീസല്‍ എന്‍ജിന്‍ 150 കി.വാട്ട് പവറും 430 എന്‍എം ടോര്‍ക്കും നല്‍കുന്നു. 79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.