വാർത്തകൾ ചുരുക്കത്തിൽ

0
26

മന്ത്രി കെ.ടി ജലീലിന്റെ മൊഴിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലേക്ക്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ആസ്ഥാനത്തേക്കു സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങളും മറ്റും കൊണ്ടുവരികയും വിദേശ രാജ്യത്തുനിന്നു സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്തതു സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചത്. മൊഴിയെടുത്തെന്ന വിവരം ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് സ്ഥിരീകരിച്ചത്.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായി. ബിജെപിയും യൂത്ത് കോണ്‍ഗ്രസുമാണ് മാര്‍ച്ച് നടത്തിയത്. ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് ലാത്തിവീശി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാലു തവണ ജല പീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാര്‍ച്ച്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടക്കുമെന്ന് കെ.സുരേന്ദ്രന്‍.

‘സത്യം മാത്രമേ ജയിക്കൂ’ എന്ന് മന്ത്രി കെ.ടി ജലീല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനു ശേഷമാണ് ഫേയ്സ്ബുക്കില്‍ ജലീല്‍ ഇങ്ങനെ കുറിച്ചത്. ‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’.

കോണ്‍ഗ്രസില്‍ അഴിച്ചുപണി. കത്ത് വിവാദത്തില്‍പ്പെട്ട ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. മോത്തിലാല്‍ വോറ, അംബികാ സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും. മുകുള്‍ വാസ്‌നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിങ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ തുടരും. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാനുള്ള ആറംഗ സമിതിയുടെ അധ്യക്ഷന്‍ എ.കെ ആന്റണിയാണ്. അഹമദ് പട്ടേല്‍, അംബികാ സോണി, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവര്‍ ഈ കമ്മിറ്റിയിലുണ്ട്. രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്നവരെ ഉള്‍പെടുത്തിയാണു കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തുമെന്നതിന്റെ സൂചനയാണെന്നു റിപ്പോര്‍ട്ട്.  

രാജ്യത്ത് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പാഠ്യപദ്ധതി മാറ്റുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേയ്ക്കാണ് സ്റ്റേ. പി.ജെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്നു സുപ്രീം കോടതി. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി.

കേരളത്തില്‍ ഇന്നലെ 2,988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 410 ആയി. 27,877 പേരാണ് ചികിത്സയിലുള്ളത്. 2,03,256 പേരാണ് നിരീക്ഷണത്തിലുള്ളത്. 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 594 ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ രോഗമുക്തരായ 1326 പേരടക്കം 73,904 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

സമ്പര്‍ക്കത്തിലൂടെ 2,738 പേര്‍ക്കു രോഗം ബാധിച്ചു. 285 പേരുടെ ഉറവിടം വ്യക്തമല്ല. 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു.

ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28.

കോവിഡ് ബാധിച്ചു മരിച്ചവര്‍: തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75), തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66).

പുതിയ 18 ഹോട്ട് സ്‌പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13), വയനാട് ജില്ലയിലെ മേപ്പാടി (4, 7, 11, 15), തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2).

ഹോട്ട് സ്‌പോട്ടില്‍ നിന്നു ഒഴിവാക്കിയ 17 പ്രദേശങ്ങള്‍. ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10), പത്തനംതിട്ട ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുന്‍സിപ്പാലിറ്റി (15), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17), എറണാകുളം ജില്ലയിലെ കീരാംപാറ (സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 9), തൃശൂര്‍ ജില്ലയിലെ മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5).  

പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലനും താഹയും വിയ്യൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇരുവരേയും ബന്ധുക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ടു മണിയോടെ ജാമ്യ ഉത്തരവുമായി അലന്റെ അമ്മയും അഭിഭാഷകനും അതീവസുരക്ഷാ ജയിലില്‍ എത്തി. ജാമ്യം ലഭിച്ചതില്‍ സന്തോഷം, എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിച്ചാല്‍ ജാമ്യവ്യവസ്ഥ ലംഘനമായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അലന്റെ അമ്മ പറഞ്ഞു.  

അലനും താഹയ്ക്കും അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു. അടിയന്തരമായി കേള്‍ക്കണമെന്ന എന്‍ഐഎയുടെ വാദം കോടതി തള്ളി.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. പ്രവേശനം 19വരെ.

ജനശതാബ്ദി സ്പെഷ്യല്‍ സര്‍വീസുകളും, വേണാട് സ്പെഷ്യല്‍ എക്സ്പ്രസും റദ്ദാക്കില്ല. തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം – എറണാകുളം വേണാട് തീവണ്ടിയും സര്‍വീസ് തുടരുമെന്ന് റെയില്‍വേ.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി തലയില്‍ മുണ്ടിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായത്. ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി രാജിവച്ചു പുറത്തുപോകണമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ചോദ്യംചെയ്യപ്പെടുന്നവരെല്ലാം രാജിവക്കാന്‍ തുടങ്ങിയാല്‍ പിന്നെ രാജിക്ക് അവസാനമില്ലാതാകുമെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

കേരളത്തിലെ നാലു ജനപ്രതിനിധികള്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിലെ പ്രതികളാണെന്ന് അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 310 കേസുകളില്‍ സിറ്റിംഗ് എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍. 23 കേസുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരും ആണ് പ്രതികള്‍.

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് 1.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രതികളായ ടി.കെ ഫായിസ്, അഷ്റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഒരു വീട്, ഫ്ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.

ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തെക്കേത്തൊടി ഷാജി, ഈച്ചരന്റപുരയില്‍ ശശി എന്നിവര്‍ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇരുവരും കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ല. പ്രതികള്‍ താമസം മംഗലാപുരത്തേക്കു മാറ്റണം. എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. 50,000 രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണമെന്നും കോടതി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി ഭവനവായ്പയെടുക്കുന്നവര്‍ക്കു മൂന്നുതരം ആനുകൂല്യം പ്രഖ്യാപിച്ചു. പ്രൊസസിംഗ് ഫീസ് ഒഴിവാക്കി. ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10 ശതമാനം കിഴിവു നല്‍കും. 30 ലക്ഷം മുതൽ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. എസ്ബിഐ യോനോ ആപ്പുവഴി വായ്പ അപേക്ഷിച്ചാല്‍ പലിശയില്‍ 0.5 ശതമാനം ഇളവുനേടാം.

സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ എംഎല്‍എയും ആര്യസമാജ പണ്ഡിതനുമായിരുന്ന സ്വാമി അഗ്‌നിവേശ് അന്തരിച്ചു. എണ്‍പതു വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1970ല്‍ ആര്യസഭ എന്ന പാര്‍ട്ടി രൂപവത്കരിച്ച അദ്ദേഹം നിരവധി ജനകീയ പുരോഗമന പോരാട്ടങ്ങള്‍ നയിച്ചിരുന്നു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പെണ്‍ ഭ്രൂണഹത്യയ്ക്കെതിരെ പോരാട്ടം നടത്തി.

കോവിഡ് രോഗികളെ ആശുപത്രികളിലേക്കു കൊണ്ടുപോകാന്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ആംബുലന്‍സുകള്‍ അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇനി അയോധ്യയില്‍ സ്വീകരണം ലഭിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്തും ചില പുരോഹിതന്മാരും. നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ചതിനെതിരേയാണ് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ പുരോഹിതന്‍ മഹന്ത് രാജു ദാസിന്റെ പ്രതികരണം.

ബോളിവുഡ് താരം കങ്കണയുടെ ഓഫീസ് തകര്‍ക്കാന്‍ ഉത്തരവ് നല്‍കിയ ശിവസേന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസതിക്കെതിരേ വിരലനക്കാന്‍പോലും തയാറായില്ലെന്ന് മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല. മയക്കുമരുന്നു കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള മറ്റു എട്ടു പേര്‍ക്കും ജാമ്യം നിഷേധിച്ചത്.

ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്കു റേഷന്‍, യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യോഗത്തിന്റെ അജണ്ട. ചില അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങളും സ്ഥിതിഗതികളും അദ്ദേഹത്തോടു ചോദിച്ചു.

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ 26 സ്ഥാനങ്ങള്‍ പിറകോട്ടുപോയി ഇന്ത്യ 105 -ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യ 79 -ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജ്വല്ലറി കവര്‍ച്ച. സ്വര്‍ണം വാങ്ങാനെന്ന മട്ടില്‍ മാസ്‌ക് ധരിച്ച് ജ്വല്ലറിയിലെത്തിയവരാണ് തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയത്. 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഏകദേശം 40,000ത്തോളം രൂപയും കവര്‍ച്ചചെയ്തു.
ആന്ധ്രാപ്രദേശിലെ അലിഗഢില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ഇന്നു ചൈന ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,202 പേര്‍കൂടി മരിച്ചു. 97,654 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ 77,506 പേര്‍ മരിക്കുകയും 46,57,379 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 9.57 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 36.21 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 442 പേര്‍ മരിക്കുകയും 24,886 പേര്‍ക്കുകൂടി രോഗം ബാധിക്കുകയും ചെയ്തു. 2.71 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. ഇതിൽ 72,835 രോഗികളും പൂനെയിലാണുള്ളത്‌. ആന്ധ്രപ്രദേശില്‍ 9,999 പേരും കര്‍ണാടകത്തില്‍ 9,464 പേരും യുപിയില്‍ 7,016 പേരും തമിഴ്‌നാട്ടില്‍ 5,519 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,614 പേര്‍കൂടി മരിച്ചു. ഇന്നലെ മാത്രം 3,00,933 പേര്‍ രോഗികളായി. ഇതുവരെ 9,18,904 പേർ മരിക്കുകയും 2.86 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ 1,046 പേരും ബ്രസീലില്‍ 899 പേരും മെക്‌സിക്കോയില്‍ 554 പേരും ഇന്നലെ മരിച്ചു.

ബെഹറിന്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ രണ്ട് നല്ല സൃഹൃത്ത് രാജ്യങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ വെടിവച്ചു കൊല്ലണമെന്ന് പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഉത്തരവിട്ടെന്നു റിപ്പോര്‍ട്ട്.  

അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു കളിക്കാം. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മെസി ടൂര്‍ണമെന്റ് സംഘാടകരെ വിമര്‍ശിച്ചതിന് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളര്‍ പിഴയും ശിക്ഷിച്ചിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും ആരോപിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ ഒരു മാസത്തേക്ക് സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു.

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ നവോമി ഒസാകയും വിക്ടോറിയ അസരങ്കെയും തമ്മില്‍ ഏറ്റുമുട്ടും.

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ലെന്‍സ് ജേതാക്കളായി.

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഇന്നു മുതല്‍.

ജാപ്പനീസ് കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍, മാരുതിയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങി. 2,84,322 ഓഹരികളാണ് അധികമായി വാങ്ങിയത്. ഇതോടെ കമ്പനിയുടെ ആകെ ഓഹരി 56.37 ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ 56.28 ശതമാനം ഓഹരിയായിരുന്നു സുസുകിയുടെ കൈവശം ഉണ്ടായിരുന്നത്. 204.31 കോടി രൂപയാണ് ഇത്രയും ഇക്വിറ്റി ഓഹരികള്‍ വാങ്ങാന്‍ സുസുകി മോട്ടോര്‍ കോര്‍പറേഷന്‍ ചെലവാക്കിയത്.

സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 സ്മാര്‍ട്ഫോണിന്റെ ഇന്ത്യയിലെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. 1,49,999 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില. ഗാലക്സി സെഡ് ഫോള്‍ഡ് 2 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 14 മുതല്‍ സാംസങ്.കോമിലും റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ബുക്ക് ചെയ്യാം. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്ക്കെത്തുക.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവിന്റെ പുതിയ ചിത്രം വാലാട്ടി ആരംഭിച്ചു. ചിത്രത്തില്‍ നായകളാണ് കഥാപാത്രങ്ങളായി എത്തുന്നത്. ദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ റെട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ്വില്ലര്‍, ഇന്ത്യന്‍ തെരുവു നായ എന്നിവര്‍ ടോമി, അമലു, ബ്രൂണോ, കരിദാസ് എന്നീ കഥാപാത്രങ്ങളായാണ് എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ നായകളെയെല്ലാം ചിത്രത്തിനായി പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രജിഷ വിജയന്‍ നായികയാകുന്ന പുതിയ സിനിമയാണ് ഖോ ഖോ. സ്‌പോര്‍സ് സിനിമയായി എത്തുന്ന ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ടോബിന്‍ തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സ്‌പോര്‍ട്‌സ് താരത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ രജിഷ അഭിനയിക്കുക.

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സിന്റെ ഏറ്റവും വിലക്കൂടുതലുള്ള ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. അര്‍ബന്‍ ക്രൂയ്‌സര്‍ മോഡല്‍ ആയ റോക്കറ്റ് 3 ജിടിയാണ് ട്രയംഫിന്റെ പുത്തന്‍ മോഡല്‍. 18.4 ലക്ഷം ആണ് റോക്കറ്റ് 3 ജിടിയുടെ എക്സ്ഷോറൂം വില. സില്‍വര്‍ ഐസ്/സ്റ്റോം ഗ്രേ, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ട്രയംഫ് റോക്കറ്റ് 3 ജിടി അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply