🔳സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പോലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ പച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച് കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നതെന്നും കോടിയേരി.
🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബദല്‍ സര്‍ക്കാര്‍ ആകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്ന് തന്നെയാണ് നിലപാട്. പക്ഷേ ഓരോദിവസവും ഓരോ വാര്‍ത്തയാണ് സര്‍ക്കാരിനെതിരെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്രചാര വേല നടത്തി ഇടത് സര്‍ക്കാരിനെ ക്രൂശിക്കാന്‍ ഭൂരിപക്ഷം മാധ്യമങ്ങളും പിന്തുണ നല്‍കുകയാണെന്നും എം.വി ഗോവിന്ദന്‍.
🔳ഇന്റര്‍നെറ്റ് സേവനരംഗത്തേക്കുള്ള സര്‍ക്കാര്‍ കമ്പനിയായ കെഫോണിന്റെ രേഖകള്‍ കേന്ദ്ര ജി.എസ്.ടി ഇന്റലിജന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് വൈദ്യുതവകുപ്പ് കൈമാറി. എം.ശിവശങ്കറിനെയും സ്വപ്നാ സുരേഷിനെയും ചോദ്യംചെയ്തതില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു സൂചന.
🔳ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നതായി ബിനീഷ് കോടിയേരി. സ്‌കാന്‍ ചെയ്ത് മടങ്ങുമ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തിനോട് ബിനീഷ് പ്രതികരിച്ചത്. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിനീഷിനെ കാണാനായി സഹോദരൻ ബിനോയും അഭിഭാഷകരും ആശുപത്രിയില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. അതേസമയം ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി)ന് ലഭിച്ച കസ്റ്റഡികാലാവധി ഇന്ന് വൈകുന്നേരം അഞ്ചിന് അവസാനിക്കും.
🔳കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും എം.സി ജോസഫൈന്‍.
🔳സംസ്ഥാനത്ത് ഇന്നലെ 50,010 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,025 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് ഇന്നലെ കോവിഡ് -19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1512 ആയി.
🔳ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86.
🔳കോവിഡ് മൂലം മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍ പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 7 പുതിയ ഹോട്ട് സ്പോട്ടുകള്‍ നിലവിൽവന്നു. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 671 ആയി.
🔳ബംഗളൂരുവിലെ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ ഗവേര്‍ണന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗവേര്‍ണന്‍സ് ഇന്‍ഡക്സിനു തുടക്കമിട്ട 2016 മുതല്‍ 2019 വരെയുള്ള നാലു റിപ്പോര്‍ട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയതെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
🔳ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ചുവന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍. തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടതായി കണ്ടെത്താനാവില്ലെന്ന് ജലീല്‍.
🔳ബിജെപി ലൈറ്റ് എന്ന രീതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി വരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബിജെപി-യുടെ രാഷ്ട്രീയ സന്ദേശങ്ങളില്‍ വെള്ളമൊഴിച്ചുള്ള രീതിയിലേക്ക് കോണ്‍ഗ്രസ് എത്തില്ല. ബിജെപി ലൈറ്റ് എന്ന ഫോര്‍മാറ്റിലേക്ക് പോവുന്ന സാഹസം കോണ്‍ഗ്രസ് ചെയ്യില്ലെന്നും ശശി തരൂര്‍ പിടിഐ-യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
🔳രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ രജനീകാന്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി. പോയസ് ഗാര്‍ഡനിലെ താരത്തിന്റെ വീട്ടിലായിരുന്നു ഗുരുമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ച.
🔳ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ഹരിയാനയും ലവ് ജിഹാദിനെതിരായ നിയമം കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘നിയമപരമായ വ്യവസ്ഥകള്‍ പരിഗണിക്കുന്നുണ്ട്’. അതേസമയം നിരപരാധിയായ ഒരു വ്യക്തിക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳ശ്രീനഗറില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഓപ്പറേഷന്‍സ് മേധാവി സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്.
🔳രാജ്യത്ത് ഇന്നലെ 45,928 കോവിഡ് രോഗികള്‍, 491 മരണം. ഇതോടെ ആകെ മരണം 1,22,642 ആയി. ഇതുവരെ 83.29 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 5.62 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 75.42 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,369 പേര്‍ക്കും ഡല്‍ഹിയില്‍ 5,664 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,987 പേര്‍ക്കും കര്‍ണാടകയില്‍ 3,652 പേര്‍ക്കും ആന്ധ്രയില്‍ 2,618 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,504 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,27,827 കോവിഡ് രോഗികള്‍, മരണം 5139. ഇതോടെ 4.67 കോടി കോവിഡ് രോഗികളും, 12.04 ലക്ഷം മരണവും സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഇന്നലെ 66,175 രോഗവ്യാപനവും, 365 മരണവും.
🔳കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചതിനുശേഷം പുനഃരാരംഭിച്ച ഉംറ തീര്‍ഥാടനത്തിന്റെ മൂന്നാംഘട്ടത്തിന് ഞായറാഴ്ച രാവിലെ തുടക്കം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക്കൂടി അനുമതി നല്‍കുന്ന ഈഘട്ടത്തില്‍ മൊത്തം തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം കൂടും.
🔳പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ 2027ഓടെ അമേരിക്കന്‍ സൈന്യത്തോട് കിടപിടിക്കാന്‍ തക്കവിധം നവീകരിക്കുമെന്ന് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ അടുത്തിടെ ചേര്‍ന്ന കോണ്‍ക്ലേവിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പിടിഐ.
🔳ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാത്തെ ടീമായി. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി നേടിയ റിതുരാജ് ഗെയ്ക്വാദിന്റെയും ഫാഫ് ഡൂപ്ലെസിയുടെയും അംബാട്ടി റായുഡുവിന്റെയും ബാറ്റിംഗ് മികവില്‍ ചെന്നൈ അനായാസം മറികടന്നു.
🔳ഐപിഎല്ലിലെ വിധിനിര്‍ണായക രണ്ടാമത്തെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാന്‍. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനെ എറിഞ്ഞിട്ട പാറ്റ് കമിന്‍സും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സ്‌കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 7ന് 191. രാജസ്ഥാന്‍ റോയല്‍സ് 9ന് 131.
🔳ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ഭരിച്ചിരുന്ന വണ്‍പ്ലസിനെ അട്ടിമറിച്ച് കുതിപ്പുമായി ആപ്പിള്‍. ആഭ്യന്തര വിപണിയില്‍ ജൂലൈ – സെപ്റ്റംബര്‍ പാദത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നേട്ടമാണ് ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ഫോണുകള്‍ പുറത്തിറക്കാതെ തന്നെ വണ്‍പ്ലസ്സി-നെ പ്രീമിയം സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ആപ്പിള്‍ വീഴ്ത്തിയിരിക്കുകയാണ്.
🔳വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ 22,033 കോടി രൂപ നിക്ഷേപം നടത്തി. സെപ്റ്റംബറില്‍ എഫ്പിഐ-കള്‍ 3,419 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു. ഡെപ്പോസിറ്ററികളുടെ കണക്കനുസരിച്ച്, വിദേശ നിക്ഷേപകര്‍ ഒക്ടോബര്‍ 1-30 കാലയളവില്‍ 19,541 കോടി രൂപ ഇക്വിറ്റികളിലും 2,492 കോടി രൂപയും ഡെറ്റ് വിപണിയിലും നിക്ഷേപിച്ചു. മൊത്തം നിക്ഷേപം ഒക്ടോബറില്‍ 22,033 കോടി രൂപയായിരുന്നു.
🔳ദീപാവലി പ്രമാണിച്ച് നവംബര്‍ 12-നു ആമസോണ്‍ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ ‘സൂരറൈ പോട്ര് ‘. ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് – തെലുങ്ക് ട്രെയിലറുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കയാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും, കന്നടത്തിലും ആമസോണ്‍ ചലചിത്രം റീലീസ് ചെയ്യും. നടന്‍ നരേനാണ് സൂര്യക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത്.
പ്രമുഖ ബോളിവുഡ് സംവിധായകനായ അനുരാഗ് ബസു ഒരുക്കുന്ന ആന്തോളജി ചിത്രമാണ് ‘ലൂഡോ’. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം പേളി മാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി സിരീസ് പുറത്തിറക്കി.’ഹര്‍ദം ഹംദം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സയീദ് ഖാദ്രിയാണ്. സംഗീതം പ്രീതം. അരിജിത് സിംഗ് ആണ് പാടിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഈ മാസം 12ന് റിലീസ്.
നിസാന്റെ ഏറ്റവും പുതിയ ബി.എസ്.യു-വിയായ മാഗ്‌നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. മാഗ്‌നൈറ്റിന്റെ നിര്‍മാണം കമ്പനി തുടങ്ങി. വൈകാതെ മാഗ്‌നൈറ്റ് ബുക്കിങ്ങിനും നിസ്സാന്‍ തുടക്കമിടുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ 6ന് പുതിയ വാഹനത്തിന്റെ വില പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്