Wednesday, July 3, 2024
HomeLatest NewsPoliticsപ്രധാന വാർത്തകൾ ചുരുക്കത്തിൽ

പ്രധാന വാർത്തകൾ ചുരുക്കത്തിൽ

16 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം കെ.എം ഷാജി എം.എല്‍.എ-യെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചത് ഇന്ന് പുലര്‍ച്ചെ 2 മണിക്ക്. കുറച്ച് രേഖകള്‍ കൂടി ഹാജരാക്കാനുണ്ടെന്നും, അതിനായി പത്ത് ദിവസം അനുവദിച്ചതായും കെ എം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എംഎല്‍എ-യെ ചോദ്യം ചെയ്യുന്നത്.

ബിനീഷ് കോടിയേരി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, കുടുംബവും ഉള്‍പ്പെടുമെന്ന് സുഭാഷ് വാസു. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബിനീഷ് കോടിയേരി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതി ആകുമെന്നും സുഭാഷ് വാസു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

എല്ലാ അഴിമതിയുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടേയും കൂട്ടരുടേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിനറിയാം എല്ലാ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നിന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ്. ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത് എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എം സി കമറുദ്ദീന്‍ എംഎല്‍എ-യെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹൊസ്ദുര്‍ഗ് കോടതി ഇത് അനുവദിച്ചില്ല. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയതോടെ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് കെ സുരേന്ദ്രന്‍. സി എം രവീന്ദ്രന്റെ കോവിഡിലും ജനങ്ങള്‍ക്ക് സംശയമുണ്ട്. സി എം രവീന്ദ്രന്‍ എന്തെങ്കിലും തുറന്ന്പറഞ്ഞാല്‍ പലകാര്യങ്ങളും പുറത്തുവരും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നലെ 64,192 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,007 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1771 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7252 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141.

കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന്‍ (72), വള്ളക്കടവ് സ്വദേശി എം.മോഹനന്‍ (56), ചെങ്കല്‍ സ്വദേശിനി ബി.ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍ രാധാകൃഷ്ണന്‍ പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന്‍ (53), കോട്ടയം സ്വദേശി ദാസന്‍ (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ.കൃഷ്ണന്‍ (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍ (69), തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍ (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍ (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍ (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന്‍ (72), എന്നിവരാണ് മരണമടഞ്ഞത്.

സംസ്ഥാനത്ത് ഇന്നലെ 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ നിലവിൽവന്നു. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 622 ആയി.

കോവിഡ് രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനും മരണനിരക്ക് കുറയ്ക്കുവാനും കേരളത്തിന് സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ ആശങ്ക ഒഴിയാന്‍ സമയമായിട്ടില്ലെന്നും വലിയ കൂട്ടായ്മകള്‍ ഒഴിവാക്കി ഓരോവ്യക്തിയും സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യം. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയ്ക്ക് രൂപംനല്‍കി

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനും. താരത്തിന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരികയാണ്.

വോട്ടെടുപ്പ് ദിവസമോ, അതിനു രണ്ടുദിവസം മുമ്പോ കോവിഡ് ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും, സമ്പര്‍ക്കവിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമണിക്കൂര്‍ (അഞ്ചു മുതല്‍ ആറു വരെ) അവര്‍ക്കായി നീക്കിവെക്കും.

സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രന്‍. ഒരു വാര്‍ഡ്മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപി-യിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ബിജെപി-യില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍.

നടന്‍ ദേവന്‍ തന്റെ നേതൃത്വത്തിലുള്ള ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി’യുടെ ഔദ്യോഗിക പതാക പുറത്തിറക്കി. ഒരു മുന്നണിയിലും സഹകരിക്കാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആണ് ദേവന്റെ തീരുമാനം. നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മുന്നണികള്‍ക്കുള്ള ഒരു ബദലാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും ദേവന്‍.

മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തില്‍ കാട്ടാന പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയില്‍ കൃഷ്ണന്‍കുട്ടി എന്നയാളുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു.

തിരൂരില്‍ ഗര്‍ഭിണിയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുസമീപമുള്ള കിണറ്റിലാണ് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലൂര്‍ വൈരങ്കോട് വാടക വീട്ടില്‍ താമസിക്കുന്ന റാഷിദിന്റെ ഭാര്യ തസ്‌നി (30), മകള്‍ റിഹാന ഫാത്തിമ (4) എന്നിവരാണ് മരിച്ചത്.

പെരുമ്പാവൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടു തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂര്‍ വെടിവെപ്പ് കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ച നിസാര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഫീര്‍, നിതിന്‍രാജ്, അല്‍ത്താഫ്, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരു പ്രതി കൂടി ഉണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

നികുതിദായകന് ഇപ്പോള്‍ നികുതി റീഫണ്ടിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നികുതി ഭീകരതയില്‍ നിന്ന് നികുതി സുതാര്യതയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നും പ്രധാനമന്ത്രി.

റിപ്പബ്ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കാത്ത ഹൈക്കോടതി വിധി തെറ്റായിരുന്നെന്ന് രേഖപ്പെടുത്തിയാണ് സുപ്രീംകോടതി നടപടി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അര്‍ണബിനെയും, മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്.

റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി. നവി മുംബൈ തലോജ ജയിലില്‍ നിന്നും ഇന്നലെ വൈകീട്ട് 8.30ഓടെയാണ് അര്‍ണാബ് പുറത്ത് എത്തിയത്. വന്‍ ജനക്കൂട്ടം അര്‍ണാബിന് വേണ്ടി പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ജയിലിന് മുന്നില്‍ കൂടിനിന്നവരെ അഭിസംബോധന ചെയ്ത അര്‍ണാബ് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും, തന്റെ മോചനം ഇന്ത്യയുടെ വിജയമാണെന്നും പറഞ്ഞു.

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചെന്നും, ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരും, നിരാലംബരും, സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമാണ് അവര്‍ എടുത്തത് – പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ പോയിരുന്നുവെന്നും, ഒരു ചുഴിയില്‍ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെവന്നില്ലെന്നും എബിവിപി കേന്ദ്രങ്ങള്‍ അറിയിച്ചു.

പാംങ്ഗോഗ് താഴ്-വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ – ചൈന ധാരണ. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന്ഘട്ടങ്ങളായിട്ടായിരിക്കും സൈനികരെ പിന്‍വലിക്കുക.

ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ പരിമിതിയുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.
70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുള്ളതിനാലാണ് ഇന്ത്യയില്‍ ഇതിന്റെ വിതരണം, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍
പ്രായോഗികമാവില്ലെന്ന് പറയാന്‍ കാരണമെന്ന് രണ്‍ദീപ് ഗുലേറിയ.

രാജ്യത്ത് ഇന്നലെ 48,285 കോവിഡ് രോഗികള്‍, മരണം 550. ഇതോടെ ആകെ മരണം 1,28,165 ആയി. ഇതുവരെ 86.84 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.89 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 80.64 ലക്ഷം പേര്‍ രോഗമുക്തി നേടി.

ഡല്‍ഹിയില്‍ ഇന്നലെ 8,593 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 4,907 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,872 പേര്‍ക്കും കര്‍ണാടകയില്‍ 2,584 പേര്‍ക്കും ആന്ധ്രയില്‍ 1,732 പേര്‍ക്കും തമിഴ്നാട്ടില്‍ 2,184 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ ഇന്നലെ 5,88,333 പുതിയ കോവിഡ് രോഗികള്‍, 9,887 മരണവും. അമേരിക്കയില്‍ ഇന്നലെ 1,25,594 പേര്‍ക്കും ഫ്രാന്‍സില്‍ 35,879 പേര്‍ക്കും ഇറ്റലിയില്‍ 32,961 പേര്‍ക്കും ഇംഗ്ലണ്ടില്‍ 22,950 പേര്‍ക്കും ജര്‍മനിയില്‍ 20,536 പേര്‍ക്കും പോളണ്ടില്‍ 25,221 പേര്‍ക്കും സ്പെയിനില്‍ 19,096 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1279 പേരും ബ്രസീലില്‍ 564 പേരും മെക്സിക്കോയില്‍ 617 പേരും ഇറ്റലിയില്‍ 623 പേരും ഇംഗ്ലണ്ടില്‍ 595 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.23 കോടി കോവിഡ് രോഗികളും, 12.88 ലക്ഷം മരണവും സ്ഥിരീകരിച്ചു.

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം. നാലുപേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും, മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ഒന്നാംലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണം നടന്ന ചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്.

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 84 വയസായിരുന്നു. അന്തരിച്ച പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഹമദ് രാജാവ് ബഹ്‌റൈനില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ റോഡുകളിലെ നിശ്ചിത ട്രാക്കുകള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം ബുധനാഴ്ച മുതല്‍. റോഡുകളില്‍ വിവിധ വേഗതകള്‍ക്കും വിവിധതരം വാഹനങ്ങള്‍ക്കുമായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്ന സംവിധാനമാണിത്. സൗദി സാങ്കേതിക സുരക്ഷാകമ്പനി വികസിപ്പിച്ച ‘തഹകും’ എന്ന സംവിധാനമാണ് ഇതിനായി റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.

കോവിഡ് ഭീഷണി രൂക്ഷമായിരുന്ന ഏപ്രില്‍ – ജൂണ്‍ മാസങ്ങളില്‍ പോലും ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തിയത് 14 കോടി പൗണ്ടിന്റെ (1378.24 കോടി രൂപ) നിക്ഷേപം. 2020 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയും യു.കെ-യും തമ്മിലുള്ള വ്യാപാര ഇടപാട് 2400 കോടി പൗണ്ടിന്റേതാണെന്നും (2.36 ലക്ഷം കോടി രൂപ) കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ് ഇന്‍ഡസ്ട്രി, ഇവൈ സ്റ്റെര്‍ലിങ് ആക്‌സസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷംകൊണ്ടു വ്യാപാരത്തില്‍ 12% വളര്‍ച്ച.

പ്രവാസികള്‍ക്ക് രാജ്യത്തേക്ക് വരാതെതന്നെ മോര്‍ട്ട്ഗേജ് വായ്പാ അനുമതിപത്രം നേടാന്‍ ഐസിഐസിഐ ബാങ്ക് സൗകര്യം ലഭ്യമാക്കി. ഭവന വായ്പകള്‍ അടക്കമുള്ളവ ഡിജിറ്റലായി പ്രോസസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. പുതിയ വായ്പകള്‍, വായ്പാ തുക വര്‍ധിപ്പിക്കല്‍, ബാലന്‍സ് കൈമാറ്റം ചെയ്യല്‍ തുടങ്ങിയവയ്ക്കെല്ലാം തല്‍സമയ അനുമതി സൗകര്യം ലഭ്യമാണ്. കോവിഡ് കാലത്ത് ബാങ്കില്‍ എത്താതെ വീട്ടിലിരുന്നുതന്നെ പൂര്‍ത്തിയാക്കാനാവുന്ന വീഡിയോ കെ.വൈ.സി സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ ഭാഷകളില്‍ എത്തുന്ന ‛ഗമനം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ശ്രിയ ശരണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നിത്യ മേനെന്‍ ഒരു അതിഥി കഥാപാത്രമായും ചിത്രത്തില്‍ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ‛ഗമനം’ എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങും. ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ബോബി-സഞ്ജയ് ആണ്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണിത്. അതേസമയം ചിത്രത്തിനുവേണ്ടി പുതുമുഖ അഭിനേതാക്കളെ തേടുന്ന വിവരം ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്. 15നും 70നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്ട്രീം 200എസി-ന്റെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി. കമ്പനിയുടെ മികച്ച പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ ശ്രദ്ധേയവും, ശക്തവുമായ മോഡലാണ് ഹെഡ് ടര്‍ണര്‍ എക്‌സ്ട്രീം 200 എസ്. 1,15,715 രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. ഓയില്‍-കൂളറിലും പുതിയ പേള്‍ ഫേഡ്‌ലെസ് വൈറ്റ് നിറത്തിലും എത്തുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments