പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന് തുടക്കമിട്ടത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ അദ്ദേഹം അപലപിക്കുകയുംചെയ്തു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിനിടയിലും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ രാജ്യത്തിനായെന്നും മഹാമാരിയുടെ തിരിച്ചടിയില്‍നിന്ന് സമ്പദ്ഘടന ഉയര്‍ത്തഴെുന്നേല്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നുവെന്നും നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം…എന്ന വരിയാണ് രാഷ്ട്രപതി പാര്‍ലമെന്റില്‍ ഉദ്ധരിച്ചത്. നിറഞ്ഞ കൈയടികളോടെയാണ് വരികള്‍ സഭ ഏറ്റെടുത്തത്.
സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാന്‍ എത്തിയ ഒരു സംഘം കര്‍ഷകരുടെ ടെന്റുകള്‍ പൊളിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം പേര്‍ വരുന്ന സംഘം കര്‍ഷകരെ നേരിടാനെത്തിയത്. ഇതിനെ തുടര്‍ന്ന് കര്‍ഷകരും പ്രതിഷേധവുമായെത്തിയവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം എത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ആഗോള വാക്സിന്‍ കാമ്പെയിന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ കൂടിയതിനെത്തുടര്‍ന്ന് സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നു. രാത്രി പത്തിനുശേഷമുള്ള യാത്രകള്‍ നിയന്ത്രിക്കും. അടിയന്തര സാഹചര്യത്തില്‍ മാത്രമേ യാത്ര അനുവദിക്കൂ. നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ 25,000 പോലീസുകാരെ വിന്യസിക്കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നെന്നും മാസ്‌ക് ധരിക്കുന്നെന്നും ഉറപ്പാക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കും.
അഞ്ച് പതിറ്റാണ്ടായി ആലപ്പുഴക്കാരുടെ സ്വപ്നമായ ബൈപ്പാസ് പൂര്‍ത്തീകരിച്ചതിന് മോദി സര്‍ക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.ജനങ്ങളുടെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ മോദിക്കും പിണറായിക്കും കഴിഞ്ഞെങ്കില്‍ അതില്‍ കോണ്‍ഗ്രസ് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലേതുപോലെ സി.ബി.ഐ. കേരളത്തെ സമ്മര്‍ദത്തിലാക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി എം.പി. ഇടതുമുന്നണി കേരളത്തില്‍ ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. നമ്മുടെമുമ്പില്‍ ഒരു തിരഞ്ഞെടുപ്പ് വരുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ മത്സരമാണത്. ബി.ജെ.പി. ഒരിക്കലും സി.പി.എമ്മിനെയോ പ്രധാനമന്ത്രി ഒരിക്കലും കേരള മുഖ്യമന്ത്രിയെയോ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇതിന്റെ രാഷ്ട്രീയം കാണാതിരിക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി.
സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ്. സീറ്റുവിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുമ്പ് മത്സരിച്ചിരുന്ന 15 സീറ്റ് ആവശ്യപ്പെട്ടു. കുറഞ്ഞത് 12 സീറ്റെങ്കിലും കിട്ടണമെന്നാണ് ജോസഫിന്റെ ആവശ്യം. സീറ്റുകളിലെ വെച്ചുമാറ്റമാണ് ആര്‍.എസ്.പി. ആവശ്യപ്പെട്ടത്. ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇരു കക്ഷികളുമായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തും.
ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടതുമുന്നണിയിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി സ്‌കറിയാ തോമസ്. യാക്കോബായ സഭ പരസ്യമായി എല്‍.ഡി.എഫിനെ പിന്തുണച്ചതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനൂപിന് പിറവത്ത് ജയിക്കാനാകില്ലെന്നാണ് സ്‌കറിയാ തോമസ് പറയുന്നത്. കേരള കോണ്‍ഗ്രസിലെ കൂടുതല്‍ വിഭാഗങ്ങള്‍ ഇടതുമുന്നണിയിലെത്താന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ഇപി ജയരാജനും പ്രതികരിച്ചു.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട് തങ്ങളുടെ വസതിയിലെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു വ്യക്തമാക്കാനും സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങള്‍ വന്നതെന്നും സഭാ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
തില്ലങ്കരി മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ കരുതിയിരിക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സി.പി.എമ്മും-ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നുവെന്നും അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി.
വര്‍ഗീയ പ്രീണനത്തിന് ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരേയും പോവാനാണ് സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും പരിപാടിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണെന്നും ഇത് വിലകുറഞ്ഞ രാഷ്ട്രീയ നടപടിയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള യാക്കോബായ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗവുമായി യോജിച്ചുപോകാന്‍ ആകില്ലെന്നും നിയമനിര്‍മാണം നടത്തണമെന്നുമാണ് ആവശ്യമെന്നും സഭാ നേതൃത്വം ശ്രീധരന്‍ പിളളയെ അറിയിച്ചു. തര്‍ക്ക പരിഹാരത്തിന് ആവശ്യമായ തുടര്‍ നടപടികള്‍ എടുക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ശ്രീധരന്‍പിളള പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെ.സി.ജോസഫ്. കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ്. പുതുതലമുറയ്ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി വഴിമാറുകയാണെന്നും കെ.സി.ജോസഫ്
ഞാന്‍ എല്ലായ്‌പ്പോഴും സംതൃപ്താനണെന്നും ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ.വി.തോമസ്. മനഃപൂര്‍വ്വം അവഗണിക്കുന്നു, അപമാനിക്കുന്നു എന്ന കുറച്ച് വേദനകളാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് എന്നോട് പെരുമാറാമായിരുന്നുവെന്നും പാര്‍ട്ടി ഓഫര്‍ ചെയ്ത പോസ്റ്റുകളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായിയെന്നും കെ.വി.തോമാസ്.
കോവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
ഉയര്‍ന്ന പെന്‍ഷന് വഴിവെച്ച കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നല്‍കിയ അപ്പീലുകളില്‍ ഫെബ്രുവരി 25-ന് പ്രാഥമിക വാദം നടക്കും.
ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഇ-ചലാന്‍ വഴി പിഴ ചുമത്താന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കേസെടുക്കും. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്കാണ് നിലവില്‍ ഇ-ചലാന്‍ സംവിധാനമുള്ളത്.
ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ.യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30-ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമാണ് മേള. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫ്രഞ്ച് സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിനാണ്.
പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യം 193 സീറ്റില്‍ ധാരണയിലെത്തി. 101 സീറ്റുകളുടെ കാര്യം തീരുമാനമാകാനുണ്ട്. ധാരണയിലെത്തിയ സീറ്റുകളില്‍ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിക്കും.
പുരുഷന്മാരിലെ കോവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ആദ്യ കോവിഡ് പരിശോധന പാസായി ടീം ഇന്ത്യ. ഫെബ്രുവരി രണ്ടിനാണ് ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള ടീമിന്റെ പരിശീലനം ആരംഭിക്കുന്നത്. ഇതിനു മുമ്പ് ടീം മൂന്ന് ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ഇതിലെ ആദ്യ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.
യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് ചട്ടം ലംഘിച്ച് യാത്ര ചെയ്തതായി പരാതി. ഇറ്റാലിയന്‍ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. പങ്കാളി ജോര്‍ജീന റോഡ്രിഗസിന്റെ 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍, ക്ലബ്ബിന്റെ ആസ്ഥാനമായ ടൂറിനില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കോര്‍മേയറിലെ ആല്‍പൈന്‍ ടൗണിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവില്‍ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ കീഴടക്കി ലിവര്‍പൂള്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള ടോട്ടനത്തിന്റെ മുന്നേറ്റത്തിന് ഇതോടെ അവസാനമായി.
ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബാങ്ക് ഓഫ് ബറോഡ പുറത്തുവിട്ടു. ഒക്ടോബര്‍ – ഡിസംബര്‍ ത്രൈമാസപാദം 1,061 കോടി രൂപയാണ് ബാങ്ക് അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1,407 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് മൂന്നാം പാദം പിന്നിട്ടിരുന്നത്. നടപ്പു സാമ്പത്തികവര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്താല്‍ ബാങ്കിന്റെ അറ്റാദായം 37 ശതമാനം കുറഞ്ഞതായി കാണാം. വര്‍ഷാവര്‍ഷമുള്ള കണക്ക് വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ മൊത്തം പലിശ വരുമാനം 9 ശതമാനം വര്‍ധിച്ച് 7,749 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 7,132 കോടി രൂപയായിരുന്നു പലിശ വരുമാനം.
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് കഴിഞ്ഞ ത്രൈമാസത്തില്‍ 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം കൈവരിച്ചു. അറ്റ വില്‍പന ഇക്കാലയളവില്‍ 13.3 ശതമാനം വര്‍ധനവോടെ 477 കോടി രൂപയിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായ കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. ഇക്കാലത്തെ അറ്റ വില്‍പന 7.3 ശതമാനം വര്‍ധിച്ച് 1,414 കോടി രൂപയിലും എത്തിയിട്ടുണ്ട്.
72കാരനായി വമ്പന്‍ മേക്കോവറില്‍ നടന്‍ ബിജു മേനോന്‍. ‘ആര്‍ക്കറിയാം’ ചിത്രത്തിലെ ബിജു മേനോന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ റോളിലാണ് ബിജു മേനോന്‍ എത്തുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സിജു വില്‍സണ്‍ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം ‘ഇന്ന് മുതലി’ലെ ”മോസം” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഷാരോണ്‍ ജോസഫ് എഴുതിയ വരികള്‍ക്ക് മെജോ ജോസഫ് ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ഗായകന്‍ ജാവേദ് അലിയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചേരുവയുള്ള ഒരു മനോഹര മെലഡി ഗാനമാണിത്. സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ഇന്ന് മുതലിന്റേത്. സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് പത്ത് കോടി വാഹനങ്ങള്‍ എന്ന വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഹീറോയുടെ ഹരിദ്വാറിലെ നിര്‍മ്മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രീം 160 ആര്‍ ബൈക്ക് ആണ് പത്ത് കോടി തികച്ച വാഹനം. ജനുവരി 21 വ്യാഴാഴ്ചയാണ് ഹീറോ ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ പത്ത് കോടിയില്‍ അഞ്ച് കോടി വാഹനങ്ങളും കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളിലാണ് പുറത്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ മാനസികപരിവര്‍ത്തനങ്ങള്‍ ഈ നോവലില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. പ്രകൃതി നല്‍കുന്ന കഠിനവേദനകളെ ദൈവവചനങ്ങളിലൂടെ അതിജീവിക്കുന്ന മനുഷ്യരുടെ കഥ. ‘നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും’. രതീഷ് ബാബു. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു. സൂക്ഷ്മ ജീവികളുടെ സംഭരണിയായി ടൂത്ത് ബ്രഷുകള്‍ക്ക് മാറാന്‍ സാധിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരാളെ വളരെ വേഗം രോഗിയാക്കാം. അതിനാല്‍ ബ്രഷുകള്‍ അണുവിമുക്തമാക്കേണ്ടതും വായുടെ ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഉമിനീരിലൂടെ കൊറോണ വൈറസ് പകരാമെന്ന് മുന്‍പ് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചില മൗത്ത് വാഷുകള്‍ക്ക് ഉമിനീരിലെ കോവിഡ് വൈറസ് ലോഡ് കുറയ്ക്കാനാകുമെന്ന് മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു. ടൂത്ത് ബ്രഷുകള്‍ ശരിയായ വിധത്തില്‍ അണുവിമുക്തമാക്കേണ്ടത് എങ്ങനെയാണെന്നും പുതിയ പഠനത്തില്‍ ബ്രസീലിയന്‍ ഗവേഷകര്‍ വിശദീകരിക്കുന്നു. ഇതിനായി ആദ്യം സോപ്പ് ഉപയോഗിച്ചോ 70 ശതമാനം ആല്‍ക്കഹോള്‍ ചേര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കണം. ഇതിനു ശേഷം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഒരു മിനിറ്റ് നേരം ടൂത്ത് ബ്രഷ് പിടി ശുചീകരിക്കണം. ശേഷം പല്ലു തേയ്ക്കണം. തുടര്‍ന്ന് ബ്രഷ് കഴുകി ഒരു മിനിറ്റ് നേരം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ടൂത്ത് ബ്രഷ് പിടി വീണ്ടും അണുവിമുക്തമാക്കണം. പല്ലു തേയ്ക്കുന്ന ഭാഗം എഥനോള്‍, എസന്‍ഷ്യല്‍ ഓയില്‍ അധിഷ്ഠിത മൗത്ത് വാഷ് സൊല്യൂഷനില്‍ 20 മിനിറ്റ് നേരത്തേക്ക് മുക്കി വയ്ക്കണം. പിന്നീട് ഇത് ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 72.98, പൗണ്ട് – 99.87, യൂറോ – 88.33, സ്വിസ് ഫ്രാങ്ക് – 82.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.80, ബഹറിന്‍ ദിനാര്‍ – 193.61, കുവൈത്ത് ദിനാര്‍ -240.97, ഒമാനി റിയാല്‍ – 189.56, സൗദി റിയാല്‍ – 19.46, യു.എ.ഇ ദിര്‍ഹം – 19.87, ഖത്തര്‍ റിയാല്‍ – 20.04, കനേഡിയന്‍ ഡോളര്‍ – 56.72.