Sunday, September 29, 2024
HomeLatest Newsപ്രധാന വാർത്തകൾ 2021 ഏപ്രിൽ 3

പ്രധാന വാർത്തകൾ 2021 ഏപ്രിൽ 3

പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ*
2021 ഏപ്രിൽ 3 | 1196 മീനം 20 | ശനി | മൂലം

🔳ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.

🔳ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാ കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതിയിലേതുള്‍പ്പെടെ എല്ലാ കോടതിജീവനക്കാര്‍ക്കും സാമൂഹികമാധ്യങ്ങളില്‍ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം. സര്‍ക്കാരിനെയും കോടതികളെയും നിരുത്തരവാദപരമായി വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മത, സാംസ്‌കാരിക വിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ മോശമായ പരാമര്‍ശത്തിനും വിലക്കുണ്ട്.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.

🔳എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഭരണത്തില്‍, അഴിമതിയില്‍, അക്രമ രാഷ്ട്രീയത്തില്‍, വര്‍ഗീയതയില്‍, സ്വജനപക്ഷപാതത്തില്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളാണെന്നും ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ഇവരുടെ ഈ അടുപ്പം കാണുമ്പോള്‍ രണ്ടായി നില്‍ക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’ എന്ന് പേരിടണമെന്നും മോദി പരിഹസിച്ചു.

🔳ഇത്തവണ തിരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫും യുഡിഎഫും ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന പേര് സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് പ്രതികരണം.

🔳മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ചിലയാളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാമെന്നും എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

🔳സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അദാനിയുമായി ഒരു കരാറുമില്ലെന്നും കരാറില്‍ ഏര്‍പ്പെട്ടതെല്ലാം സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ( സെക്കി)യാണെന്നും കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള. കരാറുകളെല്ലാം സെക്കിയുമായിട്ടാണെന്നും പേയ്‌മെന്റുകളും കരാറിന്റെ ഉത്തരവാദിത്വവും സെക്കിക്കാണെന്നും അദ്ദേഹം പറഞ്ഞു.

🔳സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ മൊഴി ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ്.

🔳മോദി സര്‍ക്കാര്‍ നല്‍കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യേശുദേവനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകള്‍ മോദി കോന്നിയില്‍ വരുന്നതിനെതിരെ പ്രസ്താവന ഇറക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നുവെന്ന് കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

🔳തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. കേരളത്തിലെ ബിജെപിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുല്‍ എത്തുന്നത്. ഇന്നത്തെ കോഴിക്കോട് കണ്ണൂര്‍ പ്രചാരണത്തിനു ശേഷം നാളെ വൈകിട്ടോടെ രാഹുല്‍ തിരുവനന്തപുരത്ത് എത്തും. നാളെ അഞ്ച് മണിക്ക് പൂജപ്പുരയില്‍ നടക്കുന്ന പ്രചരണയോഗത്തിലാകും നേമം സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വോട്ട് ചോദിക്കുക.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവും യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാനുമാണ് എ. രാമസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം.

🔳സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ്. തന്നെ സ്ഥാനാര്‍ഥിയാക്കിയ ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് എന്ന പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്ന് കടുത്ത മാനസിക പീഡനവും വധഭീഷണിയും ഉണ്ടായെന്ന് അനന്യകുമാരി പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്നും വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്നും അനന്യകുമാരി പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 51783 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4646 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍ഗോഡ് 184, തൃശ്ശൂര്‍ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71, വയനാട് 69.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകള്‍.

🔳കര്‍ണാടകയില്‍ വാക്‌സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിക്ക് വസതിയിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക കൃഷിമന്ത്രി ബി.സി. പാട്ടീലിനും ഭാര്യയ്ക്കും വസതിയിലെത്തി വാക്‌സിന്‍ നല്‍കിയ ഡോ. ഇസഡ്.ആര്‍. മഖന്ദാറിനെയാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മിഷണര്‍ ഡോ. കെ.വി. ത്രിലോക് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്.

🔳പശ്ചിമ ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റ വിഷയത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിക്ക് സംസ്ഥാനം ഭരിക്കാനുളള അവസരം നല്‍കിയാല്‍, ഒരു പക്ഷിയെ പോലും പശ്ചിമ ബംഗാളില്‍ ‘നിയമവിരുദ്ധമായി’ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റത്തെ പരാമര്‍ശിക്കുകയായിരുന്നു അമിത് ഷാ.

🔳ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഭാവിയില്‍ അത്തരം ഒരു ആവശ്യം വന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമ്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ല്‍ അധികം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നും വാക്‌സിന്‍ കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഭാരത് ബയോ ടെക്കിന് അനുമതി. കേന്ദ്ര ഡ്രഗ്ഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്‌ജെക്റ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെക്കിന് അനുമതി നല്‍കിയത്.

🔳ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനവും മരണവും കുതിച്ചുയരുന്നു. പ്രതിദിന രോഗവ്യാപനത്തില്‍ വീണ്ടും ഒന്നാമത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 89,019 പേര്‍ക്ക്. മരണം 713. ഇതോടെ ആകെ മരണം 1,64,141 ആയി. ഇതുവരെ 1,23,91,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.55 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ റെക്കോര്‍ഡ് രോഗവ്യാപനം. ഇന്നലെ 47,913 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചത്തീസ്ഗഡില്‍ 4,174 പേര്‍ക്കും കര്‍ണാടകയില്‍ 4,991 പേര്‍ക്കും ഡല്‍ഹിയില്‍ 3,594 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3,290 പേര്‍ക്കും പഞ്ചാബില്‍ 2,873 പേര്‍ക്കും മധ്യപ്രദേശില്‍ 2,777 പേര്‍ക്കും ഗുജറാത്തില്‍ 2,640 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 2,953 പേര്‍ക്കും ഹരിയാനയില്‍ 1,861 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 1,733 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,288 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണെങ്കില്‍ ലോക്ഡൗണിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. മഹാരാഷ്ട്ര ദുര്‍ഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,14,426 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 64,310 പേര്‍ക്കും ബ്രസീലില്‍ 67,365 പേര്‍ക്കും തുര്‍ക്കിയില്‍ 42,308 പേര്‍ക്കും ഫ്രാന്‍സില്‍ 46,677 പേര്‍ക്കും പോളണ്ടില്‍ 30,546 പേര്‍ക്കും ഇറ്റലിയില്‍ 21,932 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.07 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,824 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 878 പേരും ബ്രസീലില്‍ 2,647 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 28.49 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കൊവിഡ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. പതിനാറു വയസു മാത്രമുള്ളപ്പോള്‍ പോലും നിങ്ങള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെ ചങ്കുറപ്പോടെ നേരിട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കൊവിഡ് 19നെയും നിങ്ങള്‍ സിക്സറിന് പറത്തുമെന്ന് എനിക്കുറപ്പുണ്ടെന്നും അക്രം ട്വീറ്റ് ചെയ്തു.

🔳ചാലക്കുടി അതിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് വാട്ടര്‍പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍.എ.സണ്ണിയും മാനേജര്‍ രജീഷ് നമ്പൂതിരിയും അറിയിച്ചു. ഒരൊറ്റ ടിക്കറ്റില്‍ തന്നെ സ്നോവേള്‍ഡിലേക്കും മറ്റെല്ലാ റൈഡുകളിലേക്കും പ്രവേശനം ലഭിക്കും. സ്നോ വേള്‍ഡിനൊപ്പം ജംഗിള്‍ വേള്‍ഡ്, ഹൊറള്‍ വേള്‍ഡ്, ദിനോസര്‍ വേള്‍ഡ് എന്നിങ്ങനെ നാല് പുതിയ അമ്യൂസ്മെന്റുകളുണ്ട്. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ വൈകീട്ട് ആറുവരെ പാര്‍ക്കും കഫ്റ്റീരിയയും റസ്റ്റോറന്റും തുറന്നു പ്രവര്‍ത്തിക്കും.

🔳ഐസിഐസിഐ ബാങ്കും ഫോണ്‍പേയും ചേര്‍ന്ന് ഫോണ്‍പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കുന്നു. ഇതോടെ 28 കോടിയിലധികം വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ സൗകര്യപ്രദമായി ഐസിഐസിഐ ബാങ്ക് ഫാസ്ടാഗ് ഓര്‍ഡര്‍ ചെയ്യാം. ഫോണ്‍പേ ഉപയോക്താക്കളായ ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും ഒരു സ്റ്റോറിലും ടോള്‍ സ്ഥലത്തും പോകാതെ തന്നെ ഫാസ്ടാഗ് ലഭ്യമാക്കിയതായി കമ്പനി വ്യക്തമാക്കി. ഫാസ്ടാഗ് നല്‍കുന്നതിനായി ഫോണ്‍പേയുമായി സഹകരിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ.

🔳വാട്ട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതിരിപ്പിക്കും. വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ചെയ്തിട്ടുണ്ട്. എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീച്ചര്‍ വരുക എന്നത് സംബന്ധിച്ച് വിശദീകരണം ഒന്നും നല്‍കിയില്ല. ഇതിന് പുറമേ വിവിധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചര്‍ ഉടന്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കും.

🔳അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ ചിത്രത്തിലെ തിരഞ്ഞെടുപ്പ് ഗാനം പുറത്ത്. ജാസി ഗിഫ്റ്റ് ആലപിച്ച ”നേരമായെ” എന്ന ഗാനം ശ്രദ്ധ നേടുകയാണ്. ശബരീഷിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുന്ന മുതല്‍ വോട്ട് ദിവസം വരെയാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്.

🔳എം.ജയചന്ദ്രന്‍ സംഗീത സംഗീത സംവിധായകന്റെ കുപ്പായമണിയാതെ ഗായകന്‍ മാത്രമായി മാറിയപ്പോള്‍ മലയാളിക്ക് ലഭിച്ച രാഗാര്‍ദ്രമായ താരാട്ടുപാട്ട് പുറത്തിറങ്ങി. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹന്‍ എം.പിയുടെ സംഗീതത്തിലാണ് ‘മഞ്ഞു മന്ദാരമേ’ എന്ന താരാട്ടുപാട്ട് ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രന്‍ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു. ആദ്യമായി മറ്റൊരാളുടെ സംഗീതത്തില്‍ ജയചന്ദ്രന്‍ പാടുന്നതെന്ന പ്രത്യേകയും’മഞ്ഞു മന്ദാരമേ’ എന്ന താരാട്ടുപാട്ടിനുണ്ട്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി.

🔳ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാര്‍ എസ്യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

🔳ആകാശവും ഒരോ ഭൂമിയും തേടി സ്വയമാര്‍ന്ന യാനപാത്രത്തില്‍ ഇരുളിന്റെ ഇരുളും കടന്ന് വെളിച്ചത്തിന്റെ വെളിച്ചം തേടിയുള്ള അനുസൃതമായ യാത്ര. ‘നിഴലാഴങ്ങളുടെ പോക്കുവെയില്‍’. ബിജു ഇ.കെ. നിയതം ബുക്സ്. വില 180 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments