സെക്രട്ടേറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തവും സെക്രട്ടേറിയേറ്റിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായ ഉടനെ സംഭവസ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം. തീപ്പിടിത്തമുണ്ടായി ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പുതന്നെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേതാക്കളും എങ്ങനെ അവിടെയെത്തി എന്ന കാര്യം സംശയകരമാണെന്നും എന്തെങ്കിലും തരത്തിലുളള ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി.
സെക്രട്ടേറിയറ്റിലെ തീപ്പിടത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ ബി.ജെ.പി – കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രതിപക്ഷ നേതാവ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്നും ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഇന്നലെ 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 10 പുതിയ ഹോട്ട് സ്പോട്ടുകള്‍. 25 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 604 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോവിഡ് മൂലം ഇന്നലെ മരണം സ്ഥിരീകരിച്ചവര്‍ : തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), വട്ടവിള സ്വദേശി ദേവനേശന്‍ (74), ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), ചെങ്കല്‍ സ്വദേശി ഓമന (53), വെളിയന്നൂര്‍ സ്വദേശി സിറാജ് (50), പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), പൂവാര്‍ സ്വദേശിനി മേരി (72), കണ്ണൂര്‍ സ്വദേശി പി.പി ഇബ്രാഹിം (63). ഇതോടെ ആകെ മരണം 257 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : തിരുവനന്തപുരം 461, മലപ്പുറം 352, കോഴിക്കോട് 215, തൃശൂര്‍ 204 ,ആലപ്പുഴ – എറണാകുളം 193 പേര്‍ക്ക് വീതവും, പത്തനംതിട്ട 180, കോട്ടയം 137, കൊല്ലം 133, കണ്ണൂര്‍ 128, കാസര്‍ഗോഡ് 101, പാലക്കാട് 86, ഇടുക്കി 63, വയനാട് 30.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14, 16, 17), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14, 16) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെക്കൂടി എന്‍ഐഎ അറസ്റ്റുചെയ്തു. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ.ഷമീം, അബ്ദുള്‍ഹമീം പി.എം എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.
പെര്‍മിറ്റ് സ്റ്റോപ്പേജ് നല്‍കി സ്വകാര്യബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നുമാസത്തെ റോഡ് നികുതി ഒഴിവാക്കാനുള്ള നിര്‍ദേശം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്ന് സൂചന. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ 15,800 സ്വകാര്യബസുകളില്‍ 12,600 ബസുകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കി. ഇത്രയും ബസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
തലശ്ശേരി നെട്ടൂരിനടുത്ത് ധര്‍മ്മടം പുഴയ്ക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ നിലം പൊത്തി. മുഴുപ്പിലങ്ങാടി – മാഹി ബൈപ്പാസ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് നിലം പൊത്തിയത്. അപകടം നടക്കുമ്പോള്‍ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷയുടെ പരീക്ഷാഫലം പുറത്തുവന്നു. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. 2020 ഫെബ്രുവരി 22നാണ് പരീക്ഷ നടന്നത്.
ഇന്ത്യയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 75,995 പേര്‍ക്ക്. 1017 മരണവും. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33.07 ലക്ഷവും മരിച്ചവരുടെ എണ്ണം 60,629 ആയി. 25.23 ലക്ഷം പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 7.23 ലക്ഷം പേര്‍ ചികിത്സയിലാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ 14,888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 292 മരണവും റിപ്പോര്‍ട്ട് ചെയ്തു. 118 പേര്‍ ഇന്നലെ മരിച്ച തമിഴ്നാട്ടില്‍ 5,958 രോഗികളും 81 പേര്‍ മരിച്ച ആന്ധ്രപ്രദേശില്‍ 10,831 രോഗികളും 133 പേര്‍ മരിച്ച കർണാടകത്തില്‍ 8,580 രോഗികളും 82 പേര്‍ മരിച്ച ഉത്തര്‍പ്രദേശില്‍ 5,640 രോഗികളും ഇന്നലെ ഉണ്ടായി.
ജെഇഇ, നീറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.
നിയമസഭാ സമ്മേളനം തുടങ്ങാന്‍ രണ്ടുദിവസം മാത്രം ശേഷിച്ചിരിക്കേ പഞ്ചാബിലെ 23 എംഎല്‍എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുളള നീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചക്കിടയിലാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ണാടകയില്‍ ഒക്ടോബറോടെ കോളേജുകള്‍ തുറക്കും. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കോളേജുകളിലെ അക്കാദമിക് വര്‍ഷം സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഒക്ടോബര്‍ മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഘട്ടത്തില്‍ നഷ്ടപരിഹാരം നിഷേധിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളോടും രാജ്യത്തെ ജനങ്ങളോടും കാണിക്കുന്ന വഞ്ചനയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കനത്ത മഴ തുടരുന്ന ജമ്മുവില്‍ നദിയ്ക്ക് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം കുത്തൊഴുക്കില്‍ തകര്‍ന്നു. തവി നദിയിലേക്ക് ഒഴുകുന്ന ചെറുനദിയിലെ കോണ്‍ക്രീറ്റ് പാലമാണ് ശക്തമായ ഒഴുക്കില്‍ തകര്‍ന്നു വീണത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം ഒന്നാകെ നദിയിലേക്ക് മറിഞ്ഞുവീണ് ഒലിച്ചുപോകുകയായിരുന്നു.
കോവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് എന്‍95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമാണെന്ന് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരടങ്ങിയ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആഗോളതലത്തില്‍ ഇന്നലെ 2,44,401 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 5,652 പേര്‍ മരിച്ചു. അമേരിക്കയില്‍ ഇന്നലെ 1,145 പേര്‍ മരിച്ചപ്പോള്‍ 39,570 പേരിലേക്ക് രോഗം വ്യാപിച്ചു. ബ്രസീലില്‍ 999 പേര്‍ മരിച്ചപ്പോള്‍ 42,9809 പേര്‍ക്ക് ഇന്നലെ രോഗവ്യാപനമുണ്ടായി. ഇതോടെ ആഗോളതലത്തില്‍ 2.42 കോടി ജനങ്ങള്‍ക്ക് ഇതുവരെ രോഗവ്യാപനമുണ്ടായപ്പോള്‍ 8.28 പേര്‍ കോവിഡ് -19 മൂലം മരണമടഞ്ഞു.
പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷികളായ യുഎഇയും ഇസ്രായേലും തമ്മിലുള്ള കരാറിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഇസ്രായേല്‍ – യുഎഇ കരാര്‍ ധാരാളം അവസരങ്ങള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
യു.എ.ഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. വിസാ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17ന് മുന്‍പ് രാജ്യം വിട്ടാല്‍ മതിയാകും.
ഐ.എസ്.എല്‍ ഏഴാം സീസണില്‍ 23കാരനായ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ രോഹിത് പുലര്‍ത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.
അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ കാര്യത്തില്‍ ആഗോള വമ്പന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. എട്ട് ബില്യണ്‍ ഇടപാടുകളുള്ള അമെക്‌സ് കാര്‍ഡിനെ യുപിഐ മറികടന്നു. പ്രതിവര്‍ഷം 18 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ജൂലായില്‍ 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് നടന്നത്. ജൂണില്‍ നടന്നതാകട്ടെ 134 കോടി ഇടപാടുകളാണ്.
ഉപഭോക്താവിന്റെ രുചികള്‍ക്ക് ഇണങ്ങിയ വൈനും ഭക്ഷണസാധനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍ദേശിക്കുന്ന, കലിഫോര്‍ണിയ കേന്ദ്രമായ ‘ടേസ്ട്രി’ എന്ന സെന്‍സറി സയന്‍സ് സ്റ്റാര്‍ട്ടപ്പില്‍ ടെക്നോപാര്‍ക്ക് കേന്ദ്രമായ പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ സുപ്രധാന നിക്ഷേപം. എത്രയാണു നിക്ഷേപമെന്നു വെളിപ്പെടുത്തിയിട്ടില്ല. 20 സെക്കന്‍ഡ് കൊണ്ട് ഏറ്റവുമിണങ്ങിയ ബ്രാന്‍ഡ് കണ്ടെത്താമെന്നാണു ടേസ്ട്രിയുടെ അവകാശവാദം.
സിജു വിത്സന്‍ നായകനാകുന്ന ‘വരയന്‍’ ചിത്രത്തിന്റെ പ്രൊമോ ഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യും. നവഗാതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ് ആണ് നായികയാവുന്നത്. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററിലെ സിജുവിന്റെ ലുക്കും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിച്ചിപ്പിരുന്നു. സന പിന്നണി ഗായികയാകുന്ന ചിത്രം കൂടിയാണ് വരയന്‍.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സ് വഴി ഈ മാസം 31ന് തിരുവോണ ദിനത്തില്‍ എത്തും. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്റേതാണ് തിരക്കഥ.
13.49 ലക്ഷം മുതല്‍ 18.54 ലക്ഷം വരെ എക്‌സ്ഷോറൂം വിലയുമായെത്തിയ 6 സീറ്റര്‍ ഹെക്ടര്‍ പ്ലസിന്റെ വില ഒരു മാസത്തിന് ശേഷം കൂട്ടും എന്ന് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ 46,000 രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില കൂട്ടിയത്. ഇപ്പോള്‍ പുതുക്കിയ വില നിലവില്‍ വന്നു. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്.