Monday, July 8, 2024
HomeLatest Newsവാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ


ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ജയ്ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. 29ന് രാത്രി 11 മുതല്‍ 31 ന് രാത്രി 11 വരെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിവസമായി ആചരിക്കുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഗാന്ധിജിയുടെ ചരമവാര്‍ഷിക ദിനത്തില്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കര്‍ഷകര്‍ നിരാഹാരമനുഷ്ഠിക്കുന്നത്.

🔳ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്നേക്ക് ഒരു വര്‍ഷം മുമ്പ്. ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന തൃശൂര്‍ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. ജനുവരി 25 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ആദ്യഘട്ടത്തില്‍ ആകെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 6 മുതല്‍ മെയ് 4 വരെ വരെയുള്ള രണ്ടാം ഘട്ടത്തില്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും കേരളത്തില്‍ ആകെ 499 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. മെയ് 7 മുതല്‍ ‘വന്ദേ ഭാരത് മിഷന്റെ’ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും രാജ്യത്തേക്ക് വന്‍തോതില്‍ പ്രവാസികള്‍ എത്തുകയും ചെയ്തതോടെ കേരളത്തില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായി. ഇന്നത്തെ കണക്കനുസരിച്ച് കേരളത്തില്‍ 9,17,631 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 8,41,444 പേര്‍ രോഗ മുക്തി നേടി. 72, 242 പേര്‍ നിലവില്‍ രോഗബാധിതരാണ്. 3705 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനാണ് ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ നിര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി.

🔳സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും ഇതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെ സംശയിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ വെച്ച് അവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണെന്നും എങ്ങനെയാണ് അദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെടുന്നത് എന്ന് കേരള പൊതു സമൂഹം ചിന്തിക്കണമെന്നും മുല്ലപ്പള്ളി.

🔳തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകകൃഷ്ണന്‍. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വിളിച്ചു വരുത്തുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തില്‍ സീറ്റ് കൂട്ടാനല്ല 71 എന്ന മാന്ത്രികസംഖ്യ കടക്കാനാണ് ബി.ജെ.പി. മത്സരിക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍. ബിജെപി നിര്‍വാഹകസമിതി യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് സി.പി. രാധാകൃഷ്ണന്റെ ഈ അവകാശവാദം.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. മലയാളികള്‍ക്ക് താന്‍ എപ്പോഴും ഫുട്‌ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ വ്യക്തമാക്കി.

🔳ഇത്തവണത്ത എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.

🔳സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകര്‍ക്കുമെന്ന് റിട്ട് ഹര്‍ജിയില്‍ ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.

🔳വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്ത അപകടങ്ങളില്‍ മരണപ്പെട്ടത്.

🔳പോക്‌സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നടക്കമുള്ള ഉത്തരവുകളാണ് ഇവര്‍ ഇറക്കിയത്.

🔳കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി അനുവദിക്കും. അണുകുടുംബങ്ങളില്‍ കിടപ്പിലായ മുതിര്‍ന്ന പൗരന്മാരെ പരിചരിക്കേണ്ടിവരുന്ന അവസ്ഥ കണക്കിലെടുത്താണിത്. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികളെ നോക്കാന്‍ രക്ഷിതാക്കളായ ഉദ്യോഗസ്ഥര്‍ക്ക് 40 ശതമാനം ശമ്പളത്തോടെ പരമാവധി ഒരുവര്‍ഷം ചൈല്‍ഡ് കെയര്‍ ലീവും ശുപാര്‍ശചെയ്യുന്നുണ്ട്.

🔳പ്രവാസി ഭാരതീയര്‍ക്കായി ജനപ്രാതിനിധ്യ സഭകളില്‍ പ്രത്യേക സംവരണ മണ്ഡലം വേണമെന്ന് സി.വി. ആനന്ദബോസ് കമ്മിഷന്‍. ഓരോ രാജ്യത്തുമുള്ള പ്രവാസികളുടെ എണ്ണമനുനുസരിച്ച് അവരുടെതന്നെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വെര്‍ച്വല്‍ മണ്ഡലങ്ങളാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ ലോക് സഭയില്‍ വരെ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുന്നതിന് പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതാണ് കമ്മിഷന്റെ ശുപാര്‍ശ.

🔳നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാന്‍മാരാണ് റാത്തോഡ് സഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രകാശ് വിശദീകരിച്ചു.

🔳ഇന്നലെ വൈകീട്ട് ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. അന്വേഷണത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.

🔳കോവിഡ് പ്രതിസന്ധില്‍ 2020-ല്‍ ലോകത്തെ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ആവശ്യകത 14 ശതമാനം ഇടിഞ്ഞ് 3,759.6 ടണ്ണിലെത്തി. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിന് താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാലാം ത്രൈമാസത്തിലെ സ്വര്‍ണ ആവശ്യം 28 ശതമാനം ഇടിഞ്ഞ് 783.4 ടണ്‍ എന്ന നിലയിലെത്തിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ 2008 രണ്ടാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും മോശമായ ത്രൈമാസമായിരുന്നു ഇത്. നാലാം ത്രൈമാസത്തില്‍ സ്വര്‍ണ ആഭരണ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഇടിഞ്ഞ് 515.9 ടണില്‍ എത്തിയിരുന്നു. മുഴുവന്‍ വര്‍ഷത്തില്‍ ഇത് 1,411.6 ടണ്‍ ആയിരുന്നു. 2019-നെ അപേക്ഷിച്ച് 34 ശതമാനമായിരുന്നു ഇടിവ്.

🔳2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വന്‍മുന്നേറ്റവുമായി ഇന്ത്യയിലെ വാഹന രംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്സ്. അറ്റാദായം 67 ശതമാനം ഉയര്‍ന്ന് 2,906.45 കോടി രൂപയിലെത്തി. വരുമാനം 5.5 ശതമാനം ഉയര്‍ന്ന് 75,653.8 കോടി രൂപയായി. കമ്പനിയുടെ ഏറ്റവും വലിയ അനുബന്ധ സ്ഥാപനമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 439 ദശലക്ഷം പൗണ്ട് സ്റ്റേര്‍ലിംഗ് ലാഭം രേഖപ്പെടുത്തി. ഇത് ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ റെക്കോര്‍ഡാണ്. ടാറ്റാ മോട്ടോഴ്‌സ് മൂന്നാം പാദത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 540 ബേസിസ് പോയിന്റ് വര്‍ധിച്ച് 14.8 ശതമാനമായി.

🔳വിജയ് ചിത്രം മാസ്റ്ററിന് ആമസോണ്‍ പ്രൈം മുടക്കിയത് ഭീമമായ തുകയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സിനായി ആദ്യം 36 കോടിയാണ് ആമസോണ്‍ മുടക്കിയത്. എന്നാല്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ വീണ്ടും 15.5 കോടി രൂപ കൂടി മുടക്കി. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്. അതേസമയം 130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍.

🔳ഉറങ്ങാന്‍ പറ്റുന്നില്ല… ഒരു പോള കണ്ണടച്ചില്ല… ശരിക്കൊന്നു ഉറങ്ങാന്‍ പറ്റിയില്ല…വെറുതെ കിടക്കാം എന്നല്ലാതെ ഉറക്കം വരണ്ടേ? നമ്മള്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന ഒരു കാര്യം. ക്രോണിക് ഇന്‍സോംനിയ ഡിസോര്‍ഡര്‍ എന്ന ഭീകരമായ രോഗാവസ്ഥ. ഇന്‍സോംനിയ എന്ന രോഗം വിഷയമാക്കി ഒരു പരീക്ഷണ സിനിമ റഷ്യ വരുന്നു. ദിവസങ്ങളോളം ഉറങ്ങാന്‍ കഴിയാതെ കടുത്ത മാനസിക-ശാരീരിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് റഷ്യ പറയുന്നത്. നിതിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാവുന്നു. രാവി കിഷോര്‍, ഗോപികഅനില്‍, സംഗീത ചന്ദ്രന്‍, ആര്യ മണികണ്ഠന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെ നിരത്തുകള്‍ക്ക് സമ്മാനിച്ച വാഹനമാണ് സിറ്റിയുടെ അഞ്ചാം തലമുറ സെഡാന്‍. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി. വിദേശ നിരത്തുകള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായാണ് ഈ വാഹനം കയറ്റുമതിക്ക് ഒരുങ്ങിയിരിക്കുന്നത്. ഹോണ്ടയുടെ ചരിത്രത്തില്‍ ആദ്യമായാണ് കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

🔳ഇസബെല്‍ അലന്‍ഡെ, ഗ്യുന്തര്‍ ഗ്രാസ്, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്, നാദിന്‍ ഗോഡിമര്‍, ഗ്രഹാം ഗ്രീന്‍, വാക്ലവ് ഹാവല്‍, നാജിബ് മഹ്ഫൂസ്, മിലന്‍ കുന്ദേര, പാബ്ലോ നെരൂദ, ഒക്റ്റാവിയോ പാസ് ലോകപ്രശസ്ത എഴുത്തുകാരുടെ ഭാവനാപ്രപഞ്ചത്തിലേക്ക് ഒരു സര്‍ഗ്ഗയാത്ര. പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ വായനയുടെയും നിരീക്ഷണത്തിന്റെയും അവിസ്മരണീയാനുഭവമായ കൃതി. ‘പ്രണയവും മറ്റ് നൊമ്പരങ്ങളും’. അശോക് ചോപ്ര. ഡിസി ബുക്സ്. വില 284 രൂപ.

🔳അന്‍പതിലധികം വാക്‌സീനുകള്‍ കോവിഡിനെതിരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വര്‍ഷവും ഈ മഹാമാരിയെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാമെന്ന അമിതപ്രതീക്ഷ വേണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡ്19 രോഗികള്‍ക്കായുള്ള ഡബ്യുഎച്ച്ഒയുടെ പുതിയ ആരോഗ്യ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. രോഗവ്യാപനം നിലയ്ക്കുന്ന രീതിയിലേക്കും പൂര്‍ണ്ണമായും കോവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലേക്കും വാക്‌സീനുകള്‍ ഈ വര്‍ഷം നമ്മെ നയിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് മനസ്സില്‍ വച്ചു കൊണ്ട് മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്നും ഡബ്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നു. കോവിഡ് രോഗികള്‍ക്ക് പുറമേ, രോഗമുക്തിക്ക് ശേഷവും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടി ഉദ്ദേശിച്ചാണ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കുന്ന ആന്റികൊഗുലന്റ്‌സ് താഴ്ന്ന ഡോസില്‍ ചില കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാമെന്നും ഡബ്യുഎച്ച്ഒ നിര്‍ദേശത്തില്‍ പറയുന്നു. വീട്ടില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ രക്തത്തിലെ ഓക്‌സിജന്‍ തോത് അളക്കുന്നതിന് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശം കൂട്ടിച്ചേര്‍ക്കുന്നു. രോഗിയുടെ നില വഷളാകുന്നുണ്ടോ എന്നറിയാനും ആവശ്യമെങ്കില്‍ വൈദ്യ സേവനം ലഭ്യമാക്കാനും ഇത് വഴി സാധിക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 72.91, പൗണ്ട് – 99.92, യൂറോ – 88.49, സ്വിസ് ഫ്രാങ്ക് – 81.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.72, ബഹറിന്‍ ദിനാര്‍ – 193.39, കുവൈത്ത് ദിനാര്‍ -240.78, ഒമാനി റിയാല്‍ – 189.39, സൗദി റിയാല്‍ – 19.44, യു.എ.ഇ ദിര്‍ഹം – 19.85, ഖത്തര്‍ റിയാല്‍ – 20.03, കനേഡിയന്‍ ഡോളര്‍ – 57.08.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments