Friday, November 22, 2024
HomeNewsKeralaവാർത്തകൾ ഇതുവരെ

വാർത്തകൾ ഇതുവരെ

പ്രഭാത വാർത്തകൾ
2021 | ജൂൺ 24 | 1196 മിഥുനം 10 | വ്യാഴാഴ്ച | തൃക്കേട്ട |

🔳മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെ സൂറത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്’ എന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.

🔳സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്‌സിനാണ് നല്‍കിയത്.

🔳കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

🔳കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

🔳ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശ്രീകോവിലില്‍ നിന്നു ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

🔳പാര്‍ട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാന്‍ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികളെന്നും സുധാകരന്‍ അറിയിച്ചു.വനിതകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും സ്ഥാനങ്ങളില്‍ പത്തുശതമാനം വീതം നീക്കിവെക്കാനും അടിസ്ഥാനയൂണിറ്റായി പുതിയ അയല്‍ക്കൂട്ടസമിതി രൂപവത്കരിക്കാനും ധാരണയായി.

🔳കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ടാഴ്ചത്തെ സമയം വേണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

🔳കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ഇന്നലെ 108 പരാതികള്‍ ലഭിച്ചു. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്നലെ 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്.

🔳മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും. ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ ജൂലായ് അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🔳ജര്‍മനി ആസ്ഥാനമായ യൂറോപ്യന്‍ സയന്‍സ് ഇവാല്യുവേഷന്‍ സെന്റര്‍ നടത്തിയ ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയില്‍ കേരളത്തിന് മികവ്. ഈയിടെ പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്ന് 35 പേരുണ്ട് . കേരളത്തിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സാബു തോമസാണ്. രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം 19 ആണ്.

🔳കേരളത്തില്‍ ഇന്നലെ 1,24,326 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെ 178 ഉം, ടി.പി.ആര്‍. 8നും 20നും ഇടയ്ക്ക് 633ഉം, ടി.പി.ആര്‍. 20നും 30നും ഇടയ്ക്ക് 208 ഉം, ടി.പി.ആര്‍. 30ന് മുകളില്‍ 16ഉം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311.

🔳രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

🔳തമിഴ്നാട്ടില്‍ വീണ്ടും പോലീസിന്റെ ക്രൂരത. പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

🔳അലോപ്പതി വിവേക ശൂന്യമായ ശാസ്ത്രം എന്ന പരാമര്‍ശത്തിന് എതിരെ രജിസ്റ്റര്‍ ചെയ്ത വിവിധ കേസ്സുകള്‍ക്ക് എതിരെ യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. കേസുകളിലെ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് രാംദേവ് കോടതിയെ സമീപിച്ചത്. വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

🔳തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന്‍ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചുവെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഒരാള്‍ തന്റെ ഭര്‍ത്താവാണെന്ന് പറയുകയും സിന്ദൂരം തൊടുകയും പിന്നീട് താന്‍ വിവാഹിതയല്ലെന്ന് പറയുകയും ചെയ്ത അവര്‍ ഭാരതീയ സംസ്‌കാരത്തെ അപമാനിച്ചുവെന്ന് ദിലീപ് ഘോഷ്. നുസ്രത്ത് തട്ടിപ്പുകാരിയാണെന്ന് നേരത്തെ ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. തുര്‍ക്കിയില്‍വച്ച് നടന്ന തന്റെ വിവാഹത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ലെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞതിന് പിന്നാലെ ആയിരുന്നു അത്.

🔳അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍. മുംബൈയില്‍നിന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. നേരത്തേ ജൂണ്‍ 24 മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ 6 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി.

🔳രാജ്യത്ത് ഇന്നലെ 54,286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 69,130 പേര്‍ രോഗമുക്തി നേടി. മരണം 1,323 ഇതോടെ ആകെ മരണം 3,92,014 ആയി. ഇതുവരെ 3,00,82,169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.21 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 10,066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 6,596 പേര്‍ക്കും കര്‍ണാടകയില്‍ 4,436 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,684 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,925 പേര്‍ക്കും ഒഡീഷയില്‍ 3,456 പേര്‍ക്കും തെലുങ്കാനയില്‍ 1,114 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,12,170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,834 പേര്‍ക്കും ബ്രസീലില്‍ 1,13,242 പേര്‍ക്കും അര്‍ജന്റീനയില്‍ 27,319 പേര്‍ക്കും കൊളംബിയയില്‍ 29,995 പേര്‍ക്കും റഷ്യയില്‍ 17,594 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 17,493 പേര്‍ക്കും ഇംഗ്ലണ്ടില്‍ 16,135 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 15,308 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.13 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8023 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 223 പേരും ബ്രസീലില്‍ 2,212 പേരും അര്‍ജന്റീനയില്‍ 705 പേരും കൊളംബിയയില്‍ 645 പേരും റഷ്യയില്‍ 548 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.06 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പാകിസ്താനിലെ ലാഹോറില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ശക്തമായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനമാണ് ഉണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചിനും എട്ട് വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് കുട്ടികളും. പരിക്കേറ്റവരില്‍ നാല് കുട്ടികളും അഞ്ചു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

🔳പാകിസ്താനില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നിര്‍ബന്ധിത മതംമാറ്റവും ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

🔳പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസിലന്‍ഡിന്. സതാംപ്ടണില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 47 റണ്‍സ് നേടിയ റോസ് ടെയ്‌ലറുമാണ് ന്യൂസിലാണ്ടിന്റെ വിജയം എളുപ്പമാക്കിയത്. രണ്ടിന്നിങ്സിലുമായി ഒരൊറ്റ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ പോലും അര്‍ധശതകം തികയ്ക്കാത്ത മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

🔳കോപ്പ അമേരിക്ക ഗ്രൂപ്പ ബിയില്‍ ഇക്വഡോര്‍ – പെറു മത്സരം സമനിലില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

🔳എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് സ്ലൊവാക്യയെ തകര്‍ത്ത് തരിപ്പണമാക്കി സ്‌പെയ്ന്‍ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍മഴ പിറന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇ യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഇതാദ്യമായാണ് സ്‌പെയ്ന്‍ യൂറോ കപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്നത്.

🔳താരതമ്യേന ദുര്‍ബലരായ ഹംഗറിയോട് സമനില നേടി രക്ഷപ്പെട്ട് കരുത്തരായ ജര്‍മനി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ജര്‍മനിയുടെ എതിരാളികള്‍.

🔳നിര്‍ണായകമായ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കി ഫ്രാന്‍സ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഗ്രൂപ്പ് എഫില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. തോറ്റെങ്കിലും ഗ്രൂപ്പില്‍ നിന്നും മൂന്നാം സ്ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ആവേശം അലതല്ലിയ മത്സരത്തില്‍ ഫ്രാന്‍സിനായി കരിം ബെന്‍സേമയും പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇരട്ട ഗോളുകള്‍ നേടി.

🔳വീണ്ടും റെക്കോഡ് ബുക്കില്‍ ഇടംനേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി. 1993 മുതല്‍ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളില്‍ നിന്ന് 109 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. റൊണാള്‍ഡോ തന്റെ 176-ാം മത്സരത്തിലാണ് അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുന്നത്.

🔳യൂറോ കപ്പില്‍ ആറുഗ്രൂപ്പുകളിലായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നും വിജയിച്ച 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂണ്‍ 26 ശനിയാഴ്ച ആരംഭിക്കും

🔳2020ല്‍ ആഗോള തലത്തില്‍ ജീവിതം സ്തംഭിപ്പിച്ച കോവിഡ്-19 മഹാമാരി ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ ശരാശരി സമ്പത്തില്‍ 6.1 ശതമാനം ഇടിവ് വരുത്തിയെന്ന് ക്രെഡിറ്റ് സ്യൂസ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്. 2020ല്‍ ഒരു ഇന്ത്യക്കാരന്റെ ശരാശരി സമ്പത്ത് 14,252 ഡോളറായി കുറഞ്ഞു. പ്രീ-പാന്‍ഡെമിക് നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020-അവസാനത്തില്‍ 6.1 ശതമാനം ഇടിവാണ് ഇന്ത്യക്കാരുടെ ശരാശരി ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.

🔳ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് മലേഷ്യ വീണ്ടുമെത്തി. ഇന്തോനേഷ്യയെ മറികടന്നാണ് മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷത്തിലാണിത്. ഇന്തോനേഷ്യ ഭക്ഷ്യ എണ്ണ കയറ്റുമതി ചെയ്യുന്നതിന് മുകളില്‍ ഉയര്‍ന്ന നികുതി ചുമത്തിയതാണ് മലേഷ്യയ്ക്ക് സഹായകരമായത്. മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള പാമോയില്‍ വിതരണം 2.38 ശതമാനം വര്‍ധിച്ച് 2.42 ദശലക്ഷം ടണ്ണിലെത്തി.

🔳ലൈഗര്‍’ ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ് 200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട. സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. ”വളരെ കുറഞ്ഞു പോയി, തിയേറ്ററില്‍ ഇതിലധികം ലഭിക്കും”. എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെ ആണ് നായിക. ബോക്‌സറുടെ വേഷത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ് ദേവരകൊണ്ട പ്രത്യക്ഷപ്പെട്ടത്.

🔳സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആയിശ വെഡ്‌സ് ഷമീര്‍’ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തുന്നു. ജൂലായ് 9ന് ചിത്രം ഹൈ ഹോപ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫസ്റ്റ്‌ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്‌സ്, കൂടെ, എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റര്‍പ്ലേ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും. നാട്ടിന്‍പുറത്തെ കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെണ്‍കുട്ടികള്‍ അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ആയിശ വെഡ്‌സ് ഷമീര്‍ എന്ന ചിത്രം പറയുന്നത്.

🔳ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ജനപ്രിയ മോഡലായ ക്ലാസിക്ക് 350ന്റെ ലിമിറ്റിഡ് എഡിഷനായ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്കിനെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ പരിമിതകാല പതിപ്പിനെ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും വില്‍പനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. 9,590 ഡോളര്‍ വിലയിലാണ് ഓസ്ട്രേലിയയില്‍ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 5.39 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ വില.

🔳കുറ്റവും കുറ്റാന്വേഷണവും എന്ന തലക്കെട്ടോടെ ഈ പുസ്തകത്തില്‍ വിവരിച്ചുപോകുന്നത് ആലുവ കൂട്ടക്കൊലയും കോട്ടയത്തെ ഡോ. മോഹനചന്ദ്രദാസിന്റെ കൊലപാതകവും ഉള്‍പ്പെട്ട യഥാര്‍ത്ഥ കുറ്റാന്വേഷണകഥകളാണ്. ഇതിന്റെ ഒന്നാംഭാഗം കുറ്റവും കുറ്റാന്വേഷണവും സുകുമാരക്കുറുപ്പ് മുതല്‍… പൂര്‍ണ പബ്ലിക്കേഷന്‍സ്. 2009 സെപ്തംബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതല്‍’. ജോര്‍ജ് ജോസഫ് മണ്ണൂശ്ശേരി. പൂര്‍ണ പബ്ലിക്കേഷന്‍സ്. വില 120 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments