ഇന്നത്തെ വാർത്തകൾ ഇതുവരെ

0
28

സായാഹ്‌ന വാർത്തകൾ

2021 | സെപ്റ്റംബർ 11 | 1197 | ചിങ്ങം 26 | ശനി | ചോതി

🔳കര്‍ണാലില്‍ കര്‍ഷകര്‍ നടത്തി വന്ന ഉപരോധം പിന്‍വലിച്ചു. പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഹരിയാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചതായി കര്‍ഷക നേതാക്കള്‍ അറിയിച്ചത്.

🔳കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വിദ്യാര്‍ത്ഥികള്‍ പഠിച്ച ശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

🔳കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിത്. ബിജെപി സിപിഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു.

🔳നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ഇത് വലിയ ആശ്വാസമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

🔳പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് വി മുരളീധരന്‍. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവര്‍ അത് മനസ്സിലാക്കണം. കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരന്‍ പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മാത്രം ശ്രമിക്കുന്നു. സാമൂഹിക മാധ്യമ അക്കൌണ്ടുകള്‍ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണ്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ചു.

🔳ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം. കല്ലറങ്ങാട് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നാണ് ദീപിക പറയുന്നത്. സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്. വിശ്വാസികളോട് പറഞ്ഞ കാര്യങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍.

🔳എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതില്‍ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീല്‍ എംഎല്‍എ. കോടികളുടെ കള്ളപ്പണ അഴിമതി ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരന്റയും ബാധ്യതയാണെന്നും അത് നിര്‍വ്വഹിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ മുന്നിലാണെന്നും ജലീല്‍ പറയുന്നു.

🔳സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്താനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത്.

🔳കൊല്ലം മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്ന് പരാതി. ബാങ്ക് സെക്രട്ടറി ബിനാമികളുടെ പേരില്‍ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാര്‍ക്കും മുന്നില്‍ പരാതിയെത്തി. സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാര്‍ട്ടി നേതൃത്വത്തിന് ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും ആരോപണമുണ്ട്.

🔳ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതല്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച് പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ട്രയല്‍ അലോട്ട്മെന്റ് സെപ്തംബര്‍ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.

🔳ചേവായൂര്‍ കൂട്ട ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. നാല് പേരാണ് കേസില്‍ പ്രതികളായുള്ളതെന്നാണ് പൊലീസ് നിഗമനം. രണ്ട് പേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു.

🔳പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ട്.

🔳കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതസവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. പരിക്കേറ്റ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. ഹോമിയോ ഡോക്ടറായ സ്വപ്നയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം. പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. സുബൈദ(48), നസീമ(50) എന്നിവരാണ് മരിച്ചത്.

🔳അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് ഇന്ത്യ. യുഎന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ നിലപാടറിയിച്ചത്. സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണം. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിന് അന്താരാഷ്ട്ര സ്വീകാര്യത കിട്ടൂ എന്നാണ് ഇന്ത്യന്‍ നിലപാട്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതികരണം.

🔳ചന്ദ്രനിലെ നിഴല്‍ പ്രദേശങ്ങളില്‍ ഒളിഞ്ഞു കിടന്ന ജല ഐസ് ചന്ദ്രയാന്‍ 2 കണ്ടെത്തിയിരിക്കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്നതാണ് ഈ നേട്ടം. ചാന്ദ്ര ദൗത്യത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ പ്രമാണിച്ച് പുറത്തിറക്കിയ പുതിയ സയന്‍സ് ഡാറ്റയില്‍ ഇന്ത്യന്‍ സ്‌പേസ് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആണ് ഏറ്റവും പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

🔳സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍. അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ ഭീകരാക്രമണം. രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെന്‍സില്‍വാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ ഒത്തുചേരും.

🔳ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തുടങ്ങുന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ആണ് എതിരാളികള്‍. അന്താരാഷ്ട്ര ഫുട്ബോളിന്റെ ഇടവേളയ്ക്ക് ശേഷം ക്ലബ് പോരാട്ടങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് നീളുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും തലവര മാറ്റാനാണ് 36-ാം വയസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാംവരവ്. മുന്നേറ്റനിരയില്‍ ഏഴാം നമ്പര്‍ കുപ്പായത്തില്‍ തിരിച്ചെത്തുന്ന റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിനെ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

🔳യുഎസ് ഓപ്പണില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ചു. ഫൈനലില്‍ ദാനില്‍ മെദ്വദേവിനെ ജോക്കോ നേരിടും. ജോക്കോയുടെ ഒന്‍പതാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്. ജയിച്ചാല്‍ ജോക്കോവിച്ചിന് കലണ്ടര്‍ സ്ലാമും 21-ാം റെക്കോര്‍ഡ് ഗ്രാന്‍ഡ്സ്ലാമും നേടാം.

🔳ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4400ല്‍ എത്തി. ഇന്നലെ ഗ്രാമിന് എണ്‍പതു രൂപ ഉയര്‍ന്ന് 35,280 ആയിരുന്നു. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 35,440 രൂപയായിരുന്നു വില. പിന്നീട് ഇത് 35,600 വരെയെത്തി.

🔳രാജ്യത്തെ എഫ്എംസിജി കമ്പനി സാരഥികളില്‍ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്നത് കേരളത്തില്‍ വേരുകളുള്ള, നെസ്ലെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് നാരായണനെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ സിഎംഡി സഞ്ജീവ് മേത്തയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് സുരേഷ് നാരായണന്‍ ഒന്നാമത് എത്തിയിരിക്കുന്നത്. നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 കലണ്ടര്‍ വര്‍ഷത്തില്‍ സുരേഷ് നാരായണന്‍ 17.19 കോടി രൂപ വേതനമാണ് കൈപ്പറ്റിയിരിക്കുന്നത്. അതേസമയം സഞ്ജീവ് മേത്തയുടെ വേതനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം ഇടിഞ്ഞ് 15.4 കോടി രൂപയായി. മൂന്നാംസ്ഥാനത്തുള്ളത് മാരികോയും സാരഥി സൗഗത ഗുപ്തയാണ്. 14.02 കോടി രൂപ.

🔳ബാഹുബലി’ സീക്വലിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു. വരുന്ന ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലിയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് പുതിയ തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും.

🔳ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടുന്നത്. വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ നേടിയതായാണ് കണക്കുകള്‍. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിത്. അക്ഷയ് കുമാര്‍ നായകനായ ‘ബെല്‍ബോട്ട’ത്തിന്റെ ആദ്യദിന കളക്ഷന്‍ 2.75 കോടി മാത്രം! പിന്നീടെത്തിയ മാര്‍വെലിന്റെ സൂപ്പര്‍ഹീറോ ചിത്രമായ ‘ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്സ്’ 3.25 കോടിയാണ് നേടിയത്.

🔳2020 ഒക്ടോബറിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക്ക് എയ്യുവിയായ ഇക്യുസിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ രണ്ടാമത്തെ ബാച്ച് ക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് തുടങ്ങി. ആദ്യ വരവില്‍ ആറ് നഗരങ്ങളിലായിരുന്നു വില്‍പ്പന എങ്കിലും രണ്ടാം തവണ ഇത് 50 നഗരങ്ങളില്‍ വ്യാപിപ്പിക്കും.

🔳ബുക്കര്‍, നോബല്‍ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുരോ ‘നെവര്‍ ലെറ്റ് മി ഗോ’ എന്ന തന്റെ നോവലില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യരാശിയെ അനിവാര്യമായ ഒരു ദുരന്തത്തിലേക്ക് എങ്ങനെ നയിക്കു ന്നുവെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു ഇംഗ്ലിഷ്, ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ ഹെയില്‍ ഷാം എന്ന അസാധാരണമായ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥി കളായ കാത്തിയുടെയും റൂത്തിന്റെയും ടോമിയുടെയും കഥയാണിത്. മനുഷ്യരുടെ അതിസൂക്ഷ്മമായ വൈകാരിക സംഘര്‍ഷങ്ങളിലൂടെയാണ് ഈ ക്ലാസിക് നോവല്‍ കടന്നു പോകുന്നത്. ‘നിഴലായ്’. വിവര്‍ത്തനം: ലൈല സൈന്‍. ഡിസി ബുക്സ്. വില 313 രൂപ.

🔳മറ്റേതൊരു പോഷകത്തെയും പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ശാരീരിക പ്രവര്‍ത്തനങ്ങളെ ആരോഗ്യമുള്ളതാക്കി കൊണ്ടുപോകാന്‍ ഇവ സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും. തുമ്മല്‍, മറ്റ് അലര്‍ജികള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തടയാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. സിങ്കിന്റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ നിലക്കടല, വെള്ളക്കടല, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളിലും പച്ചക്കറികളിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കാം. പാല്‍, ചീസ്, തൈര് എന്നിവയുള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളും സിങ്കിന്റെ സ്രോതസ്സാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് മുട്ടയാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത് സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 73.53, പൗണ്ട് – 101.72, യൂറോ – 86.87, സ്വിസ് ഫ്രാങ്ക് – 80.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.08, ബഹറിന്‍ ദിനാര്‍ – 195.04, കുവൈത്ത് ദിനാര്‍ -244.68, ഒമാനി റിയാല്‍ – 190.96, സൗദി റിയാല്‍ – 19.60, യു.എ.ഇ ദിര്‍ഹം – 20.04, ഖത്തര്‍ റിയാല്‍ – 20.02, കനേഡിയന്‍ ഡോളര്‍ – 57.93.

Leave a Reply