സായാഹ്‌ന വാർത്തകൾ
2021 | സെപ്റ്റംബർ 23 | 1197 | കന്നി 7 | വ്യാഴം | രേവതി
➖➖➖➖➖➖➖➖
🔳മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ബുധനാഴ്ച ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.
🔳പെഗാസസ് വിവാദത്തില്‍ സുപ്രീം കോടതി നിരീക്ഷണത്തില്‍ തന്നെ അന്വേഷണം ഉണ്ടായേക്കും. ഉത്തരവ് അടുത്തയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ സമയം വേണ്ടിവരുന്നുവെന്നും പലരെയും സുപ്രീം കോടതി ഇതിനോടകം ബന്ധപ്പെട്ടെന്നും എന്നാല്‍ അസൗകര്യം വ്യക്തമാക്കി അവര്‍ ഒഴിഞ്ഞുമാറിയെന്നുമാണ് വിവരം.
🔳ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തില്‍ ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.
🔳കോവിഡ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കോവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്.
🔳സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ വേണമെന്നും ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്സിനേഷന്‍ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സീന്‍ എടുത്തവരാണെന്ന് ഉറപ്പിക്കണം. ക്ലാസുകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐഎംഎ നിര്‍ദേശിക്കുന്നു.
🔳കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നും ഇതുവരെ കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു. ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015-ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടതായിരുന്നു.
🔳ബി ജെ പി സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി എം പി . വി മുരളീധരനോ കെ സുരേന്ദ്രനോ പറഞ്ഞാലും താന്‍ ആ സ്ഥാനത്തേക്ക് ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷന്‍ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
🔳പാലാ ബിഷപിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന് സുരേഷ് ഗോപി എം പി. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
🔳മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പരിശോധനയ്ക്കായി ഈ ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
🔳തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നതോടെ ക്വാറം തികയാത്തതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ക്വാറം തികയ്ക്കന്‍ 22 അംഗങ്ങള്‍ യോഗത്തിന് എത്തേണ്ടിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ 18 അംഗങ്ങള്‍ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തില്‍ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു.
🔳കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ മേല്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ധനുവച്ചപുരം സ്വദേശി ഷൈന്‍കുമാറിനെയാണ് സുഹൃത്ത് ബിനു പാറക്കല്ല് ദേഹത്തിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഷൈന്‍കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല ഉദിയന്‍കുളങ്ങരയില്‍ ഇന്ന് രാവിലെയാണ് സംഭവം.
🔳ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
🔳പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും. അനുനയ നീക്കങ്ങള്‍ തല്‍ക്കാലം വേണ്ടെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു.
🔳അഖാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്രഗിരിയുടെ മരണത്തില്‍ അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കും. ഇന്നലെ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
🔳ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മുംബൈ നിരയില്‍ രണ്ട് സൂപ്പര്‍താരങ്ങളുടെ മടങ്ങിവരവാണ് സവിശേഷത. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് മടങ്ങിയെത്തിയേക്കും.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 34,880 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4360 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1764 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,335 നിലവാരത്തിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിടിഞ്ഞതാണ് വിപണിയില്‍ പ്രതിഫലിച്ചു കണ്ടത്.
🔳ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഉപയോഗിച്ചുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ മാറ്റം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 5000 രൂപയില്‍ കൂടുതലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകള്‍ക്ക് ഉപഭോക്താവിന്റെ അനുമതി വാങ്ങണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു. ഫോണ്‍, ഡിടിഎച്ച് ബില്ലുകള്‍, ഒടിടി പ്ലാറ്റ്ഫോം സബ്സ്‌ക്രിപ്ഷന്‍ അടക്കം ഓരോ മാസമോ വര്‍ഷമോ ആവര്‍ത്തിച്ചുവരുന്ന പേയ്മെന്റുകള്‍ തനിയെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യത്തിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ നിയന്ത്രണം വരുന്നത്.
🔳ടൊവീനോ തോമസിന്റെ ചിത്രം മിന്നല്‍ മുരളി ക്രിസ്മസ് റിലീസ്. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. ചിത്രത്തില്‍ ജയ്‌സണ്‍ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🔳വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകന്‍ അലി അക്ബര്‍. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ചിത്രീകരണത്തിനായി നിര്‍മിച്ച പണ്ടുകാലത്തെ കാറിനൊപ്പമുള്ള ചിത്രവും ഇതില്‍ താണാം. ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അലി അക്ബര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
🔳പുതിയ മോഡലായ ആസ്റ്ററിനെ അടുത്തിടെയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് വിപണിയില്‍ അനാവരണം ചെയ്തത്. ഈ മിഡ്-സൈസ് എസ്യുവിക്കായുള്ള വില്‍പ്പന 2021 ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്ന ഒക്ടോബര്‍ ഏഴിനായിരിക്കും ഓണ്‍ലൈനിലൂടെ ഫ്ലാഷ് സെയിലിന് തുടക്കമാകുക. 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാകും എക്സ്ഷോറൂം വില.
🔳നിശിതവും വിട്ടുവീഴ്ചയില്ലാത്തതുമായ സൗന്ദര്യപക്ഷത്തു നിലയുറപ്പിച്ച ഒരു കവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം. ‘കാവാലം ബാലചന്ദ്രന്റെ കവിതകള്‍’. മാതൃഭൂമി. വില 312 രൂപ.
🔳വിറ്റാമിന്‍ സി ഒരു പ്രധാന പോഷകമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വിറ്റാമിന്‍ സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും വിറ്റാമില്‍ സി സഹായകമാണ്. വിറ്റാമിന്‍ സിയ്ക്ക് ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദയധമനിയില്‍ കൊഴുപ്പടിഞ്ഞ് തടസ്സങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. 19 മുതല്‍ 64 വയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം 40 മില്ലിഗ്രാം വിറ്റാമിന്‍ സി ആവശ്യമാണെന്ന് എന്‍എച്ച്എസ് ചൂണ്ടിക്കാട്ടുന്നു. വയറുവേദന, തലവേദന, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്‍ എന്നിവയാണ് വിറ്റാമിന്‍ സി കുറഞ്ഞാല്‍ ഉണ്ടാകാവുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി പച്ചയ്ക്ക് (സാലഡ്) അല്ലെങ്കില്‍ മിതമായി പാചകം ചെയ്ത് ഉപയോഗിക്കുന്നത് വിറ്റാമിന്‍ സി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഒരു കപ്പ് സ്ട്രോബെറിയില്‍ 87.4 മി.ഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന് തിളക്കമേകാനും സഹായിക്കും. ഒരു കപ്പ് പപ്പായയില്‍ 88.3 മി.ഗ്രാം വിറ്റാമിന്‍ സി ഉണ്ട്. കാന്‍സര്‍ തടയാന്‍ കഴിവുള്ള ബ്രോക്കോളിയില്‍ വിറ്റാമിന്‍ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗള്‍ ബ്രോക്കോളിയില്‍ 132 മി. ഗ്രാം വിറ്റാമിന്‍ സി ഉണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 73.70, പൗണ്ട് – 100.62, യൂറോ – 86.35, സ്വിസ് ഫ്രാങ്ക് – 79.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.51, ബഹറിന്‍ ദിനാര്‍ – 195.57, കുവൈത്ത് ദിനാര്‍ -244.90, ഒമാനി റിയാല്‍ – 191.45, സൗദി റിയാല്‍ – 19.66, യു.എ.ഇ ദിര്‍ഹം – 20.07, ഖത്തര്‍ റിയാല്‍ – 20.25, കനേഡിയന്‍ ഡോളര്‍ – 58.14.