Sunday, October 6, 2024
HomeNewsKeralaഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ


2021 ജൂൺ 24 | 1196 മിഥുനം 10 | വ്യാഴാഴ്ച | തൃക്കേട്ട |

🔳അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🔳പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ ഐടി ചട്ടപ്രകാരമാണ് ഈ നിര്‍ദേശം.

🔳മുട്ടില്‍ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനെ മുന്‍ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ ഓഫീസില്‍നിന്ന് ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം തീയതി റോജിയെ ഫോണില്‍ വിളിച്ചത്. ഇതിനുശേഷം ഫെബ്രുവരി 17-നും 25-നും ഇദ്ദേഹം റോജിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടാം തീയതിയാണ് വിവാദമായ മരംമുറി ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതിനു പിറ്റേ ദിവസമാണ് റോജി അഗസ്റ്റിനും ശ്രീകുമാറും ഫോണില്‍ സംസാരിച്ചിരിച്ചിരിക്കുന്നത്.

🔳ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തന്നെ എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും അത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സി.കെ.ജാനു. ഒരു കാരണവശാലും തനിക്കെതിരായ കേസില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് വ്യക്തമാക്കിയ സി.കെ.ജാനു നിയമനടപടികളെ നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

🔳പൊതുജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളുമായി ഇ-സേവാ കിയോസ്‌കുകള്‍ വരുന്നു. 100 ഇ-സേവാ കിയോസ്‌കുകളാണ് സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്- ഇ സേവാ കിയോസ്‌ക് എന്നാകും ഇവ അറിയപ്പെടുക. നടത്തിപ്പു ചുമതല കുടുംബശ്രീക്കായിരിക്കും. ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ തുടങ്ങുക.

🔳സാമ്പത്തിക സംവരണത്തിനുള്ള പി.എസ്.സിയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ 164 മുന്നാക്ക സമുദായങ്ങളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തും. ഈ മാസം മൂന്നാം തീയതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാണ് 10 ശതമാനം സാമ്പത്തിക സംവരണം ലഭിക്കുന്നത്.

🔳ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയല്‍ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികള്‍. ഗൂഢാലോചന കേസില്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

🔳രാമനാട്ടുകര സ്വര്‍ണക്കടത്തിലെ ക്വട്ടേഷന്‍ ബന്ധം, കണ്ണൂര്‍ സ്വദേശിയെ കസ്റ്റംസ് അന്വേഷിക്കുന്നു. കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കിനെ (25) ആണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളുടെ വീട്ടില്‍ ഇന്നലെ വൈകീട്ട് കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന.

🔳കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ കേരളം തീരുമാനിച്ചിരിക്കുന്നത്.

🔳സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നു. പാറശാലയില്‍ പെട്രോള്‍ വില ലിറ്ററിന് 100.04 പൈസയാണ്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ് വില.

🔳പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം എന്നീ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ശിവന്‍ മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറായാണ് അറിയപ്പെടുന്നത്. മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമാരംഗത്തെ പ്രമുഖരായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.

🔳പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

🔳പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂണ്‍ 18നാണ് കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

🔳യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇടുക്കി ഉപ്പുതറ അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു (27)വിനെ പോലിസ് അറസ്റ്റ് ചെയ്തു. അമലിന്റെ ഭാര്യ ധന്യയെ (21) മാര്‍ച്ച് 29-ന് രാവിലെ ആറുമണിയോടെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ധന്യക്ക് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്, ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി ഇന്ന് രാവിലെ അമലിനെ അറസ്റ്റ് ചെയ്തത്.

🔳മുട്ടത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയായ, സഹോദരിയുടെ മകനെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 31-ന് തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75) മരിച്ച സംഭവത്തില്‍ ശല്യാംപാറ വരികില്‍ സുനില്‍കുമാറിനെയാണ്(52) മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടന്നിരുന്ന സരോജിനിയുടെ ദേഹത്ത് ഇയാള്‍ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

🔳രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്യുന്നത്. അതേസമയം ആയിഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍കോളുകളെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

🔳ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകഫീയെ ബാഴ്സലോണയിലെ ജയില്‍മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം.

🔳കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയം കൈക്കലാക്കിയത്. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ 78ാം മിനിറ്റുവരെയും പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീലിന്റെ തിരിച്ചുവരവ്. ഇന്‍ജുറി ടൈമില്‍ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്.

🔳ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്പനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥതയായി. 5825 കോടിയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയാല്‍ ഹൈനകെന് 72 ശതമാനം ഓഹരികള്‍ സ്വന്തമാകും.

🔳സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയില്‍തുടരുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയതോടെ സ്വര്‍ണ വിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

🔳പി സി സുധീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദ കല്യാണം. സിനിമയുടെ ടീസര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഷ്‌കര്‍ സൗദാനും അര്‍ച്ചനയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ തിരക്കഥയെഴുതുന്നതും പി സി സുധീര്‍ തന്നെയാണ്. ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുജീബ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

🔳പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്. തനു ബാലകാണ് ചിത്രം സംവിധാനം ചെയ്തത്. ഇപോഴിതാ സിനിമയിലെ ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുന്നു. ഈറന്‍ മുകില്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിശങ്കര്‍ കെ എസ് ആണ് ഗായകന്‍. ശ്രീനാഥ് വി നാഥ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് അലെക്ല് ആണ് സംഗീത സംവിധായകന്‍.

🔳ജനപ്രിയ മോഡലായ ആക്ടിവ 125 ന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ആണ് പുതിയ ആക്ടിവ 125 സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 3,500 രൂപ വരെ ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. ഈ ഓഫര്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ. ജൂണ്‍ 30 വരെ ഈ ക്യാഷ്ബാക്ക് ഓഫര്‍ സാധുവാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments