Friday, January 10, 2025
HomeNewsKeralaഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ജൂൺ 25 | 1196 മിഥുനം 11 | വെള്ളി | മൂലം, പൂരാടം |

🔳മധ്യപ്രദേശില്‍ ഏഴുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

🔳കാലവര്‍ഷം ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രയാഗ് രാജിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

🔳വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി. ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷന്‍ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തില്‍ മോശമായി സംസാരിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നതിന്റെ പേരിലാണ് രാജി.

🔳സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയില്‍നിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചതായാണ് വിവരം.

🔳നേതൃമാറ്റ രീതിയില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നേതൃമാറ്റത്തില്‍ വിപുലമായ കൂടിയാലോചനകള്‍ നടത്താമായിരുന്നുവെന്നും തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അനാവശ്യ വിവാദങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ എതിരാളികളാണെന്ന തോന്നലുണ്ടാക്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി നിലപാട് അറിയിച്ചത്.

🔳സഭാഭൂമി ഇടപാടില്‍ അതിരൂപതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കെ.പി.എം.ജി. റിപ്പോര്‍ട്ട്. എല്ലാ കാനോനിക സമിതികളുടേയും അനുമതി നേടാതെയാണ് ഭൂമി വില്‍പ്പന നടന്നതെന്നും വില്‍പ്പന വില നിശ്ചയിച്ചതില്‍ വീഴ്ച പറ്റിയെന്നും ഏജന്റിനെ തിരഞ്ഞെടുത്തതില്‍ സുതാര്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വത്തിക്കാന്റെ നിര്‍ദേശപ്രകാരമാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയായ കെ.പി.എം.ജിയെ നിയോഗിച്ചത്.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

🔳വിസ്മയയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘം പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടര്‍ ശശി കലയുടേയും മൊഴികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. കിരണിനെ കസ്റ്റഡില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുന്ന പോലീസ് സംഘം സഹോദരി ഭര്‍ത്താവിനേയും ചോദ്യം ചെയ്യും.

🔳ഇന്ത്യ തദ്ദേശമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എ.സി.1-ന്നിന്റെ നിര്‍മാണ പുരോഗതി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെത്തി വിലയിരുത്തി. നിലവില്‍ ഐ.എ.സി.-1 എന്ന് വിളിക്കുന്ന ഈ കപ്പല്‍, കമ്മിഷനിങ്ങിനു ശേഷം ഐ.എന്‍.എസ്. വിക്രാന്ത് എന്നാകും അറിയപ്പെടുക. ഡീകമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനായി ഐഎസി-1നും അതേ പേര് തന്നെ നല്‍കും.

🔳രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ആയിഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ഇവര്‍ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

🔳രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ആവശ്യകത ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാലറിപ്പോര്‍ട്ട്. വേണ്ടിയിരുന്ന ഓക്‌സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ഡല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്‌സിജന്‍ ലഭ്യതയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳റിലയന്‍സിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി നഷ്ടമായി. കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയില്‍ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വന്‍പ്രതീക്ഷയില്‍ ആറാഴ്ചക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ 17ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിരുന്നു.

🔳ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

🔳കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിലിയെ തകര്‍ത്ത് പരാഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പരാഗ്വായുടെ ജയം. ഇതോടെ ഗ്രൂപ്പില്‍ ഒരു മത്സരം ബാക്കിനില്‍ക്കേ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

🔳ഫിന്‍ടെക്ക് രംഗത്തെ സ്റ്റാര്‍ട്ടപ് കമ്പനിയായ പെയ്മെട്രിക്സില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (എംപിജി) നിക്ഷേപം നടത്തി. മുത്തൂറ്റ് ഫിന്‍കോര്‍പ് വഴി നടത്തിയ നിക്ഷേപത്തിലൂടെ പെയ്മെട്രിക്സിന്റെ 54% ഓഹരികള്‍ സ്വന്തമാക്കി. ഹൈദരാബാദ് ഐഐടിയില്‍ രൂപമെടുത്ത പെയ്മെട്രിക്സ് ഇതിനകം 200 കോടിയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വസ്തുക്കരവും വാടകയും ട്യൂഷന്‍ ഫീസും ബില്ലടയ്ക്കലും മറ്റുമായി രംഗത്തു വന്ന പെയ്മെട്രിക്സിന് ഇതിനകം 82000 ഉപയോക്താക്കളുണ്ട്.

🔳ക്ലൗഡ് സ്റ്റോറേജ് അധിഷ്ഠിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സിന് 6 മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താക്കള്‍. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായി ഡിജിബോക്സിന്റെ വരവ്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സംവിധാനമാണിത്.

🔳താന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കങ്കണ. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ചെയ്യുന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുക. നേരത്തെ സായ് കബീര്‍ സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളില്‍ വന്നിരുന്ന എമര്‍ജന്‍സി എന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെയാണ് സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും. സംവിധായകത്തൊപ്പിയണിയുന്നുവെന്നാണ് കങ്കണ അറിയിക്കുന്നത്.

🔳അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ഒരുക്കുന്ന ‘സാറാസ്’ ഒ.ടി.ടി റിലീസിന്. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 5ന് ചിത്രം റിലീസ് ചെയ്യും. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രസവിക്കാന്‍ താത്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുക. നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഡോ. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ.

🔳ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ വിചിത്രമായ പേരും രൂപവുമുള്ള മിനി ബൈക്കാണ് മങ്കി. ഇപ്പോഴിതാ ഈ മങ്കിയുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. യൂറോ ഫൈവിലേക്ക് പരിഷ്‌കരിച്ച എഞ്ചിന്‍, പുതിയ എക്സ്ഹോസ്റ്റ്, മെച്ചപ്പെടുത്തിയ സസ്പെന്‍ഷന്‍ എന്നിവയ്ക്കൊപ്പം 125 സിസി എഞ്ചിനിലാണ് പുത്തന്‍ മങ്കി എത്തുന്നത്. ഹോണ്ടയുടെ മിനിബൈക്കുകളെയാണ് ഇസഡ് സീരീസ് അല്ലെങ്കില്‍ മങ്കി എന്നറിയപ്പെടുന്നത്. 3,799 യൂറോ (ഏകദേശം 3.5 ലക്ഷം രൂപ) വിലയിലാണ് ഹോണ്ട മങ്കി വില്‍പ്പനയ്‌ക്കെത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments