ഇന്നത്തെ വാർത്തകൾ ഇതുവരെ

0
52

സായാഹ്‌ന വാർത്തകൾ
2021 | ജൂൺ 28 | 1196 മിഥുനം 14 | തിങ്കൾ | അവിട്ടം |

🔳 അമേരിക്കയില്‍ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെങ്കില്‍ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്സിനാണ് നല്‍കിയത്. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 5.6 ശതമാനമാണ് നിലവില്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചത്. അതേസമയം അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

🔳കോവിഡിനെതിരെ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വാണിജ്യ വിപണനം തുടങ്ങി. കോവിഡ് മുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയില്‍ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. 2022 ജൂണ്‍ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ദ്ധനായ കെ.കെ.വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറലായി നിയമിച്ചത്.

🔳കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാന ചെയ്തു. കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ വികാരാധീനനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

🔳കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും കണ്ട് ബോധ്യപ്പെടുത്തുമെന്ന് സുരേഷ് ഗോപി എം.പി. നിലമേല്‍ കൈതോട്ട് വിസ്മയയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ അറിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

🔳കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ബുധനാഴ്ച വിരമിക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. താന്‍ വന്നശേഷം ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കിയെന്നും ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെട്ടുവരികയാണെന്നും നൂറുകണക്കിന് സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുളള ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമായ വിഷയങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബെഹ്‌റയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

🔳ഹോട്ടലുകളില്‍ കയറാതെ കാറിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കി കെ.ടി.ഡി.സി. തിരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളിലാണ് ‘ഇന്‍ കാര്‍ ഡൈനിങ്’ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നത്. പാര്‍ക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ‘ഇന്‍ കാര്‍ ഡൈനിങ്ങി’ന്റെ ഉദ്ഘാടനം ജൂണ്‍ 30-ന് വൈകീട്ട് നാലിന് കായംകുളം ആഹാര്‍ റസ്റ്റോറന്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. ആഹാര്‍ റസ്റ്റോറന്റുകളിലും ഈ ഭക്ഷണവിതരണ പരിപാടി ആരംഭിക്കും.

🔳രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചനകള്‍. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇന്ന് രാവിലെ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്.

🔳കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നവരോടൊന്നും ഒരിക്കലും ഇടത് പ്രസ്ഥാനങ്ങള്‍ക്ക് സന്ധിപാടില്ലെന്നും അതിന് വിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇടത്പക്ഷ മൂല്യങ്ങള്‍ക്ക് തളര്‍ച്ച നേരിടുമെന്നും സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ ജാഗ്രത ഇപ്പോള്‍ പാലിക്കുകയും അത് എല്ലാ കാലത്തും നിലനിര്‍ത്തുകയും വേണം. ഇല്ലെങ്കില്‍ ഏത് ഇടത് പ്രസ്ഥാനങ്ങള്‍ക്കുള്ളിലും തില്ലങ്കേരിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

🔳സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും മോശം സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടായതെന്നും വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

🔳പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ വിചാരിക്കണമെന്ന് മുന്‍ സീനിയര്‍ ഐ.എ.എസ്. ഓഫീസറും ബി.ജെ.പി. നേതാവുമായ സി.വി. ആനന്ദബോസ്. ”പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതിന് പിന്നില്‍ സര്‍ക്കാരിന് പല യുക്തികളുമുണ്ടാവും. പക്ഷേ, ജനവികാരം എന്നൊന്നുണ്ട്. അത് കാണാതിരിക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. അതുകൊണ്ടുതന്നെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ വിഷയത്തില്‍ നിലപാട് എടുക്കേണ്ടതായുണ്ടെന്നും ആനന്ദബോസ് വ്യക്തമാക്കി.

🔳പെട്രോള്‍-ഡീസല്‍ വിലവര്‍ധനയോട് നടന്‍ പ്രേംകുമാര്‍ പ്രതിഷേധിച്ചത് ചടങ്ങില്‍ നടന്നെത്തിക്കൊണ്ട്. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തത്. പ്രേംകുമാറിനു വന്നുപോകാന്‍ സംഘാടകര്‍ വാഹനം അയയ്ക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം അത് സ്വീകരിക്കാതെ. അരക്കിലോമീറ്ററകലെയുള്ള വീട്ടില്‍നിന്നു നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയും ചെയ്തു.

🔳കോഴിക്കോട് രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെവച്ചാണ് അപകടം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്.

🔳ഓലമടല്‍കൊണ്ട് ലക്ഷദ്വീപ് സമരചരിത്രം കുറിച്ചു. ഭരണകൂടത്തിന്റെ ജനദ്രോഹ നിയമത്തിനെതിരേയുള്ള ഓലമടല്‍ സമരത്തില്‍ ഓലമെടഞ്ഞും അതില്‍ കിടന്നും ലക്ഷദ്വീപുകാര്‍ അണിചേര്‍ന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരമായിരുന്നു സമരം. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുഇടങ്ങളിലോ കാണരുത്’ എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണ് സമരം.

🔳മഹാരാഷ്ട്രയിലെ നാസിക്കില്‍ രഹസ്യമായി റേവ് പാര്‍ട്ടി നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 യുവതികളെയും പത്ത് പുരുഷന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മയക്കുമരുന്നുകളും ഹുക്കകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ യുവതികളിലൊരാള്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ മത്സരാര്‍ഥിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് യുവതികള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

🔳ജമ്മുകശ്മീരില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. പുല്‍വാമയില്‍ ഇന്നലെയായിരുന്നു സംഭവം. വീട്ടില്‍ കടന്നുകയറിയുള്ള വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതിമാരുടെ മകള്‍ റാഫിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ ഇന്നലെ രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം. ഇതേ തുടര്‍ന്ന് ജമ്മുവില്‍, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

🔳വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 16 റണ്‍സിന്റെ ജയം. ഇതോടെ അഞ്ചു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 167 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

🔳യൂറോ കപ്പ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായതിന് പിന്നാലെ രോഷാകുലനായി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരശേഷം ഗ്രൗണ്ടില്‍ നിന്ന് ടണലിലേക്ക് പോകുന്നതിനിടയില്‍ ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആംബാന്റ് താഴേക്ക് എറിഞ്ഞു. എന്നിട്ടും രോഷം തീരാതെ അതു ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തു.

🔳ജീവനക്കാരിലെ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് സൊമാറ്റോയുടെ പ്രസ്താവന. നിലവില്‍ സൊമാറ്റോയുടെ വിതരണ ജീവനക്കാരില്‍ 0.5 ശതമാനം മാത്രമാണ് വനിതകളുള്ളത്. ബംഗളൂരു, ഹൈദരാബാദ്, പൂനൈ നഗരങ്ങളിലാണ് ഈ മാറ്റം ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.

🔳ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചതിന് പിന്നാലെ മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം കൂടി ബിറ്റ്കോയിനെ അംഗീകരിച്ചേക്കും എന്ന് സൂചനകള്‍. പാരാഗ്വായും ബിറ്റ്കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിക്കാനുള്ള നീക്കമുണ്ട് എന്നാണ് വാര്‍ത്തകള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു ബിറ്റ്കോയിന്റെ മൂല്യം അറുപത്തി നാലായിരം ഡോളറിന് മുകളില്‍ പോയിരുന്നു. ഇപ്പോഴത് മുപ്പത്തിയൊന്നായിരം ഡോളറില്‍ എത്തി നില്‍ക്കുകയാണ്.

🔳മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് ചിത്രം ‘വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍ . ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീം ആയിരുന്നു. ഇതിനു മുമ്പ് മാത്തുക്കുട്ടി സേവ്യര്‍ ഒരുക്കിയ ഹെലന്‍ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു.

🔳വി.എന്‍. ഗോപിനാഥ പിള്ളയെന്ന അസാധാരണ പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം പറയുന്ന ഡോക്യൂമെന്ററി-‘നാല്‍പത്തഞ്ചാമത്തെ നദി’ ഒ.ടി.ടി. പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മുപ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ റൂട്‌സ് വീഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂണ്‍ 27-നാണ് റിലീസ്. മാധ്യമപ്രവര്‍ത്തകനായ ജി. രാഗേഷാണ് സംവിധാനം.

🔳ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ സ്‌കൂട്ടറുകള്‍ ഗുജറാത്തില്‍ പകുതി വിലയ്ക്ക് ലഭിക്കും. ഗുജറാത്ത് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്കിന്റെ വിലയുടെ പകുതിയും ഓഫറായി ലഭിക്കും. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ഇനത്തിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.

🔳ബ്രാം സ്റ്റോക്കറുടെ മമ്മി ഡ്രാക്കുളയിലൂടെ ലോകപ്രസിദ്ധനായ ബ്രാം സ്റ്റോക്കര്‍ രചിച്ച മമ്മിക്കഥയുടെ ചോരതണുപ്പിക്കുന്ന പുനരെഴുത്ത്. മണ്ണടിഞ്ഞുപോയ ഒരു പുരാതന ഈജിപ്ഷ്യന്‍ ശവകുടീരം തുറക്കുകയാണ്. ആ മൃതദേഹത്തില്‍ പര്യവേക്ഷകരുടെ കണ്ണ് പതിയുന്ന നിമിഷം കാതങ്ങളോളം അകലെ ഒരു നഗരത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറവിയെടുക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഇരുപത്തിമൂന്നാം പിറന്നാള്‍ അടുക്കുമ്പോള്‍ ആ മൃതദേഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ഒരു ഗൂഢാലോചന രൂപംകൊള്ളുകയാണ്!. ‘ബ്രാം സ്റ്റോക്കറുടെ മമ്മി’. മരിയ റോസ്. ഹാമ്മര്‍ ലൈബ്രറി. വില 125 രൂപ.

🔳കോവിഡ് വാക്സീന്‍ എടുക്കും മുന്‍പ് തന്നെ വേദനസംഹാരികള്‍ കഴിച്ചിട്ട് ചെല്ലുന്നത് വാക്സീന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതേസമയം വാക്സീന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ വേണമെങ്കില്‍ ഉപയോഗിക്കാം. വാക്സീന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ വേദനസംഹാരികള്‍ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വേദനസംഹാരി വാക്സീനു മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മയോ ക്ലിനിക്കിലെ വാക്സീന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഗ്രിഗറി പോളണ്ട് പറഞ്ഞു. വാക്സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള പാര്‍ശ്വഫലങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നും എന്നും ഡോ. ഗ്രിഗറി പറയുന്നു. പലപ്പോഴും രണ്ടാമത് ഡോസ് വാക്സീന് ശേഷമുള്ള പാര്‍ശ്വഫലങ്ങളാകും കൂടുതല്‍ പ്രയാസകരം. വാക്‌സീന്‍ എടുത്ത കൈയില്‍ വേദന, തലവേദന, ക്ഷീണം, ശരീരവേദന, പനി, കുളിര്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് വാക്സീന്‍ എടുത്തവരില്‍ സാധാരണ കണ്ടുവരുന്നത്. ഇവ സങ്കീര്‍ണ സ്വഭാവത്തിലുള്ളതല്ല. പലര്‍ക്കും രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുമില്ല. എന്നാല്‍ അലര്‍ജി പ്രശ്നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രമേ വാക്സീന്‍ എടുക്കാവൂ എന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ പ്രഫ ലൂക്ക് ഒ നീല്‍ പറയുന്നു. മൈഗ്രേന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് വേദനസംഹാരികള്‍ കഴിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഇത്തരക്കാര്‍ വാക്സീനു വേണ്ടി മരുന്നുകള്‍ നിര്‍ത്തുന്നത് മറ്റു സങ്കീര്‍ണതകളിലേക്ക് നയിക്കാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.21, പൗണ്ട് – 103.33, യൂറോ – 88.59, സ്വിസ് ഫ്രാങ്ക് – 80.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.34, ബഹറിന്‍ ദിനാര്‍ – 196.69, കുവൈത്ത് ദിനാര്‍ -246.26, ഒമാനി റിയാല്‍ – 192.56, സൗദി റിയാല്‍ – 19.79, യു.എ.ഇ ദിര്‍ഹം – 20.20, ഖത്തര്‍ റിയാല്‍ – 20.38, കനേഡിയന്‍ ഡോളര്‍ – 60.37.

Leave a Reply