Tuesday, November 26, 2024
HomeNewsKeralaഇന്നത്തെ വാർത്തകൾ ഇതുവരെ

ഇന്നത്തെ വാർത്തകൾ ഇതുവരെ

🙏🏻🙏🏻സായാഹ്‌ന വാർത്തകൾ
2021 ജൂലൈ 18 | 1196 കർക്കടകം 02 | ഞായർ | ചോതി |

🔳സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്റ്, ജര്‍മനി, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭ്യമാകും. ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്സിന് അനുമതി നല്‍കിയിരിക്കുന്നതെന്നും കോവിഷീല്‍ഡ് വാക്സിന്‍ നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതിനാല്‍ യൂറോപ്പും യുഎസും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു.

🔳പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ലമെന്റ് സമിതികള്‍ പുനസംഘടിപ്പിച്ചു. ഇരുസഭകളിലെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം 14 അംഗ സമിതി നിയന്ത്രിക്കും. ഏഴ് അംഗങ്ങള്‍ വീതമുള്ള സമിതിയാണ് ഇരു സഭകളിലും രൂപീകരിച്ചിരിക്കുന്നത്. ലോക്‌സഭാ സമിതിയില്‍ കേരളത്തില്‍ നിന്ന് ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും രാജ്യസഭ സമിതിയില്‍ കെ.സി. വേണുഗോപാലും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

🔳ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ഇന്ന് ചെയ്ത ട്വീറ്റില്‍ പറയുന്നത്.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലൊളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ആനൂകൂല്യം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്ന് കെ. മുരളീധരന്‍ എം.പി. ഒറ്റയ്ക്കുള്ള അഭിപ്രായങ്ങള്‍ അല്ല ഈ വിഷയത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഒരേ അഭിപ്രായമല്ല ഇടതുമുന്നണിയിലുള്ളത്. പക്ഷെ എതിര്‍പ്പുയര്‍ത്താന്‍ അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ എല്‍.ഡി.എഫില്‍ ജന്മി-കുടിയാന്‍ ബന്ധമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

🔳കുറ്റ്യാടിയില്‍ കടുത്ത അച്ചടക്ക നടപടിയുമായി സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും. കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

🔳സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു.

🔳കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. മംഗളൂരു ജംങ്ഷന്‍ – തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖര തുരങ്കത്തിനടുത്താണ് വെള്ളിയാഴ്ച രാവിലെയോടെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്.

🔳ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുള്ള മുംബൈയിലെ മണ്ണിടിച്ചില്‍ അപകടങ്ങളില്‍ മരണം 22 ആയി. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മരണസംഖ്യ 17 ആയി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിക്രോളിയില്‍ ആള്‍ത്താമസമുള്ള കെട്ടിടം തകര്‍ന്ന് വീണുണ്ടായ മറ്റൊരു അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവിടെ ഇനിയും അഞ്ചോളം ആളുകളെ കണ്ടെത്താനുണ്ട്.

🔳കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. റോഡുഗതാഗതം പൂര്‍ണമായും താറുമാറായി. ചുനബത്തി, സായന്‍, ദാദര്‍, ചെമ്പൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള എല്‍.ബി.എസ്. റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇവിടങ്ങളില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി.

🔳മൂന്നു ദിവസത്തേക്ക് കേരളത്തില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിങ്വി ട്വിറ്ററില്‍ കുറിച്ചു. കന്‍വാര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന ചോദ്യവും അഭിഷേക് സിങ്വി ഉന്നയിച്ചു.

🔳വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണെന്ന് ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബി.ജെ.പി. നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും തേജസ്വി.

🔳ഹരിയാണയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടയില്‍ കേന്ദ്രത്തിന് താക്കീതുമായി ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല. ഇടക്കാല പൊതു തിരഞ്ഞെടുപ്പ് ഏത് സമയവും ഇന്ത്യയില്‍ നടക്കാമെന്നാണ് കേന്ദ്രത്തിന് ഇദ്ദേഹം താക്കീത് നല്‍കിയിരിക്കുന്നത്.

🔳പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടും യു.കെ മന്ത്രിക്ക് കോവിഡ് 19. ആരോഗ്യ മന്ത്രി സാജിദ് ജാവിദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

🔳പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമാകുന്നു. നിരവധി നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുരന്തത്തില്‍ 183 മരണങ്ങളാണ് ഇതുവരെ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് ജര്‍മ്മനിയിലാണ്. ജര്‍മ്മനിയില്‍ 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്.

🔳അമേരിക്ക കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫെയ്സ്ബുക്ക്. തെറ്റായ വിവരങ്ങള്‍ നല്‍കി ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് ഫെയ്സ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

🔳ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കും. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

🔳ഒളിമ്പിക്‌സില്‍ ആശങ്കയേറ്റി മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ്. നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 55 ആയി ഉയര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഇവരില്‍ ഉള്‍പ്പെടുന്നു.

🔳നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ രാജ്യത്തെ ആദ്യ മൂന്ന് ഐടി കമ്പനികള്‍ പുതുതായി റിക്രൂട്ട് ചെയ്തത് 40,887 പേരെ. ടിസിഎസില്‍ മാത്രം 20,000 പേര്‍ പുതുതായി ജോലിക്ക് ചേര്‍ന്നു. ഇന്‍ഫോസിസില്‍ 8,000 പേരും വിപ്രോയില്‍ 12,000 പേരും ചേര്‍ന്നു. കമ്പനികളെല്ലാം ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കരാറുകളില്‍ ഒപ്പുവെയ്ക്കുകയാണ്. ടിസിഎസ് 40,000 ഫ്രഷേര്‍സിനും ഇന്‍ഫോസിസ് 35,000 ഫ്രഷേര്‍സിനും വിപ്രോ 12,000 ഫ്രഷേര്‍സിനും അവസരം കൊടുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

🔳പ്രളയവും കോവിഡും ഉയര്‍ത്തിയ പ്രതിസന്ധി അതിജീവിച്ചു 3 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം, പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് വീണ്ടും ലാഭം നേടി. 2020-21സാമ്പത്തിക വര്‍ഷത്തില്‍ 7.04 കോടി രൂപയുടെ ലാഭമാണു കമ്പനി കൈവരിച്ചത്. ഇതോടെ, 3 വര്‍ഷമായി മുടങ്ങിയ വാര്‍ഷിക ഉല്‍പാദന ലാഭവിഹിതം ജീവനക്കാര്‍ക്കു പ്രോത്സാഹനമായി ഉടന്‍ നല്‍കും.

🔳തമിഴിലെ ആക്ഷന്‍ കിങ്ങ് അര്‍ജുന്‍ മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിക്കി ഗല്‍റാണി, മുകേഷ്, ആശ ശരത്ത്, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു.

🔳ഡോണ്‍ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ഒടിടി റിലീസിന്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആണ് സിനിമ. നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം 21നാണ് പ്രീമിയര്‍. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന്‍ എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments