ഇന്നത്തെ വാർത്തകൾ ഇതുവരെ

0
52

സായാഹ്‌ന വാർത്തകൾ
2021 ജൂലൈ 23 | 1196 കർക്കടകം 07 | വെള്ളി | പൂരാടം |

🔳തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പെഗാസസ് ചോര്‍ത്തല്‍ അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

🔳കോവിഡ് വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഓരോ സംസ്ഥാനത്തിനും നല്‍കിയ വാക്‌സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

🔳സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളില്‍ കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. രോഗമുക്തരായ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകളാണ് കണ്ടെത്തിയതെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തിലുള്ള മുഴകള്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കാണുന്നത് അപൂര്‍വ്വമാണെന്നും ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍ അനില്‍ അറോറ പറഞ്ഞു.

🔳പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നല്‍കി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സര്‍ക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശനിക്ഷേപത്തിന് സാധ്യത തെളിയും.

🔳സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മുട്ടില്‍ മരംമുറി വിവാദത്തില്‍ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും കൂടുതല്‍ നടപടികള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടിയായി പറഞ്ഞു. റവന്യൂ വകുപ്പുമായി ഒരു ഭിന്നതയും ഈ വിഷയത്തില്‍ ഇല്ലെന്നും കാര്യങ്ങളെല്ലാം രണ്ട് വകുപ്പുകളും ആലോചിച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

🔳എന്‍.സി.പി നേതാവിനെതിരേ പരാതിനല്‍കിയ യുവതി, പോലീസിനുനല്‍കിയ മൊഴിയില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരേയും പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ പിന്തുണച്ചതിനു പിന്നാലെയാണ് മന്ത്രിക്കെതിരേ യുവതി മൊഴിനല്‍കിയത്. ഫോണില്‍വിളിച്ച് പീഡനപരാതി അട്ടിമറിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും മന്ത്രി ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതിനല്‍കുമെന്നും യുവതി അറിയിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി 24 ദിവസങ്ങള്‍ക്കുശേഷം വ്യാഴാഴ്ചയാണ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

🔳100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയെന്ന് റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം, കൂടാതെ ബിനാമി ഇടപാടുകളും നിേക്ഷപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുെട വായ്പയുമടക്കം അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യനിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്്.

🔳കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സര്‍ക്കാര്‍ കണക്ക് പ്രകാരം 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് ഇ.ഡി. അന്വേഷിക്കാന്‍ തീരുമാനിച്ചത്. 300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരിവന്നൂര്‍ ബാങ്കില്‍ നടന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ലിക്സ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നില്‍ സി.പി.എമ്മാണെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏകപക്ഷീയമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളഷിപ്പ് വിഷയത്തില്‍ വിവിധ മുസ്ലിം സംഘടനകളുമായി യോഗം ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ടി.ഒ സുരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അഴിമതിക്കേസ് നിലനില്‍ക്കുമെന്നും ഇത് റദ്ദാക്കാന്‍ കഴിയില്ലെന്നുമാണ് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്.

🔳പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ ജില്ലാ ആശുപത്രിയിലെ ശുചീകരണജോലി രാജിവെച്ചു. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജി. മൂന്നുപേര്‍ക്കും സഹകരണ സ്ഥാപനത്തില്‍ ജോലിനല്‍കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍.

🔳മുന്‍മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, യാത്രികന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പി.കെ. ജമീലയ്ക്കൊപ്പം പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവരാണ് ആസൂത്രണബോര്‍ഡ് അംഗങ്ങള്‍. പാര്‍ട്ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍. രാമകുമാര്‍, വി. നമശിവായം, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരെയും മന്ത്രിസഭ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ അധ്യക്ഷന്‍.

🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ റമീസ് ഓടിച്ച പള്‍സര്‍ ബൈക്ക് കാറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് അപകടം.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്.

🔳രോഗബാധിതനായ 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയേയും രണ്ട് ബന്ധുക്കളേയും
ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് മുക്തനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

🔳നീലച്ചിത്രം നിര്‍മ്മിച്ചക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടിക്കണക്കിന് രൂപയെന്ന് അന്വേഷണസംഘം. ഇക്കാലയളവില്‍ മാത്രം നൂറിലധികം നീലച്ചിത്രങ്ങളാണ് നിര്‍മിച്ചത്. ‘കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്നും തെളിവ് സഹിതം ചോദ്യങ്ങള്‍ ചോദിച്ചിട്ടും കുറ്റങ്ങള്‍ നിഷേധിക്കുകയാണ് പ്രതിയെന്നും’ മുബൈ പോലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു.

🔳ഒളിമ്പിക്‌സിലെ ആദ്യം ദിനം അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍. അമ്പെയ്ത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങളായ അതാനു ദാസിനും പ്രവീണ്‍ യാദവിനും തരുണ്‍ദീപ് റായിക്കും യഥാക്രമം 35, 31, 37 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്യാനായത്. അതേസമയം വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയന്റ് നേടിയാണ് ദീപിക ഒമ്പതാമതെത്തിയത്.

🔳സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 61 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനവും തൊട്ടു മുന്‍പുള്ള ത്രൈമാസത്തെ അപേക്ഷിച്ച് 42 ശതമാനവും വര്‍ധനവാണിത്. സ്വര്‍ണം ഒഴികെ ഒരു ദിവസമെങ്കിലും കുടിശികയുള്ള സമ്മര്‍ദ്ദ ആസ്തികള്‍ക്കായി 25 ശതമാനം മാറ്റി വെച്ചതിനു ശേഷമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനവോടെ 179.78 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 45 ശതമാനം വര്‍ധിച്ച് 267.75 കോടി രൂപയിലും പലിശ ഇതര വരുമാനം മൂന്നു ശതമാനം വര്‍ധിച്ച് 76.28 കോടി രൂപയിലും എത്തിയിട്ടുണ്ട്.

🔳എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തയുടനെ സൊമാറ്റോയുടെ ഓഹരി വില 51.32ശതമാനം കുതിച്ചു. ഐപിഒ വിലയായ 76 രൂപയില്‍നിന്ന് 115 രൂപയായാണ് വില ഉയര്‍ന്നത്. വിപണിയില്‍ വ്യാപാരം തുടരവെ 20ശതമാനം അപ്പര്‍ സര്‍ക്യൂട്ട്(ഒരുദിവസത്തെ അനുവദനീയമായ ഉയര്‍ന്നവില)ഭേദിച്ച് ഓഹരി വില 138 രൂപയിലെത്തുകയുംചെയ്തു. ഇതോടെ മിനുട്ടുകള്‍ക്കകം നിക്ഷേപകരുടെ മൂല്യം ഇരട്ടിയായി. ഓഹരി വില കുതിച്ചതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണിമൂല്യം ഒരുലക്ഷംകോടി രൂപയായി.

🔳കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസ് ആവാന്‍ ‘ഇഷ്‌ക്’ റീമേക്ക്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്. എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പ്രിയ പ്രകാശ് വാര്യര്‍ ആണ്. നായകന്‍ സജ്ജ തേജയും. ഈ മാസം 30 ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

🔳വസന്തത്തിന്‍ കനല്‍ വഴികള്‍’ എന്ന ചിത്രത്തിന് ശേഷം ‘തീ’ എന്ന പുതിയ ചിത്രവുമായി സംവിധായകനും തിരക്കഥാകൃത്തുമായ അനില്‍ വി നാഗേന്ദ്രന്‍. വേറിട്ട താരനിര്‍ണയവും പുത്തന്‍ പരീക്ഷണവുമാണ് തീ എത്തുന്നത്. യു ക്രിയേഷന്‍സും വിശാരത് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. വഴിമാറി സഞ്ചരിക്കുന്ന പ്രണയ കഥയില്‍ അതിസാഹസികമായ സംഘട്ടനരംഗങ്ങളും ഹൃദ്യമായ എട്ട് ഗാനങ്ങളും ഇഴച്ചേര്‍ന്ന തീ കാണികള്‍ക്ക് മികച്ച ദൃശ്യ വിരുന്നാണ് കരുതിവച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം. എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാഗര ആണ് നായിക. നടന്‍ ഋതേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തും.

🔳കുഞ്ഞന്‍ എസ്യുവിയുടെ പണിപ്പുരയിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി എന്ന് റിപ്പോര്‍ട്ട്. കാസ്പര്‍ എന്ന പേരില്‍ ഒരു മൈക്രോ എസ്യുവിയാണ് ഹ്യുണ്ടായി നിര്‍മ്മിക്കുന്നത്. ഈ വാഹനം ദക്ഷിണ കൊറിയയില്‍ ആദ്യമെത്തുമെന്നും പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 പ്ലാറ്റ്‌ഫോമിലായിരിക്കും കാസ്പറും ഒരുങ്ങുകയെന്നാണ് വിവരം.

Leave a Reply