ഇന്നത്തെ വാർത്തകൾ ഇതുവരെ

0
24

പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ഓഗസ്റ്റ് 03 | 1196 കർക്കടകം 18 | ചൊവ്വ | രോഹിണി |

🔳പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്താന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയേയും ജനാധിപത്യത്തേയും പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔳കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലേക്ക് നീങ്ങിയത്. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് എംപിമാര്‍ റാലിയില്‍ പങ്കെടുത്തു. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

🔳രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും കണ്ടെത്തി. എട്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ മുന്നില്‍.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനില്‍ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

🔳സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണം ഞായറാഴ്ച മാത്രമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്നുച്ചയ്ക്കു ശേഷം നടക്കും. ഈ യോഗത്തില്‍ വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.

🔳ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ആരോപിച്ചാണ് ഹര്‍ജി. മുസ്ലിം വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്ന ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി. എം എസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ അതിന് നമ്മള്‍ തയാറാകുന്നില്ലെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ വാക്കാല്‍ പരാമര്‍ശിച്ചു. പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

🔳ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിന് എതിരെ മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

🔳വഞ്ചനാ കേസില്‍ പാല എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മുംബൈ വ്യവസായി ദിനേശ് മേനോനാണ് കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ളാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

🔳നേമം മണ്ഡലത്തില്‍ കാലുകുത്തിക്കില്ലെന്ന ബിജെപി നേതാവ് വി.വി രാജേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍ കുട്ടി. താന്‍ വി.വി രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ ചെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഒരു ചായയും കുടിച്ച് മടങ്ങിയെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

🔳മെട്രോ ജനകീയ യാത്രാക്കേസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നിയമവിരുദ്ധമായി കൂട്ടംചേര്‍ന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. കേസില്‍ മുപ്പതു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

🔳സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.

🔳കേരളത്തില്‍ കോവിഡ് വ്യാപനം കുറയുംവരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി നടപ്പാക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തിനെതിരെ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പ്രതിഷേധം. കോവിഡ് സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തിയവരെ തിരിച്ചയച്ചതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. അതേസമയം ബെംഗ്‌ളൂരുവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി നഗരസഭാ അധികൃതര്‍ ഉത്തരവിറക്കി.

🔳മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പരിഹസിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ബി.ജെ.പി പ്രവേശനം കെ.പി.സി.സി പ്രസിഡന്റിന് ഉത്തേജക മരുന്നാകുമോ എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ജയരാജന്‍ ചോദിച്ചു.

🔳ഇടതുപാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ – അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐയ്ക്കുമെതിരേയാണ് ആരോപണം.

🔳ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന പൗരന്മാരുടെ പേരു വെളിപ്പെടുത്തി പരസ്യമായി നാണംകെടുത്തി ജപ്പാന്‍. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറന്റീന്‍ പാലിക്കാതിരുന്ന മൂന്നുപേരുടെ പേരുവിവരങ്ങളാണ് ജപ്പാന്‍ പരസ്യപ്പെടുത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു നടപടി.

🔳ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തോല്‍വി. ലോക ചാമ്പ്യന്മാരായ ബെല്‍ജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും.

🔳ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്സ് സെമി ഫൈനലില്‍ ബെല്‍ജിയത്തിനെതിരായ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ കുറിച്ച ട്വീറ്റിലാണ് മോദി ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയത്.

🔳വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. ഇന്ന് നടന്ന യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 15 പേരില്‍ 14-ാം സ്ഥാനത്തെത്താനേ താരത്തിന് സാധിച്ചുള്ളൂ.

🔳ഒളിമ്പിക്‌സില്‍ ഗോദയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സോനം മാലിക്ക് മംഗോളിയയുടെ ബൊലോര്‍തുയ ഖുറെല്‍ഖുവിനോട് തോറ്റു.

🔳തുടര്‍ച്ചയായി മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതല്‍ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ചു ജൂലൈ മാസം സ്വര്‍ണ വിപണി മുന്നേറ്റം നേടിയിരുന്നു. പവന് 1000 രൂപയുടെ വര്‍ധന ആണ് ജൂലൈയില്‍ സ്വര്‍ണത്തിന് ഉണ്ടായത്.

🔳വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനാകാതെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 12 ശതമാനം ഇടിവാണ് ജൂലൈയില്‍ നേരിടേണ്ടിവന്നത്. 4,54,398 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. അതേസമയം 2020 ജൂലൈയില്‍ കമ്പനി 5,20,104 യൂണിറ്റുകള്‍ വിറ്റു. സ്‌കൂട്ടറുകളുടെ വില്‍പ്പന 30,272 യൂണിറ്റാണ്, കഴിഞ്ഞ കാലയളവില്‍ ഇത് 35,844 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിലാണ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. വില്‍പ്പന 16 ശതമാനം കുറഞ്ഞ് 4,29,208 യൂണിറ്റായി. അതേസമയം, കയറ്റുമതി 2020 ജൂലൈയിലെ 7,563 യൂണിറ്റില്‍ നിന്ന് 200 ശതമാനം വളര്‍ച്ച നേടി 25,190 യൂണിറ്റായി.

🔳തല അജിത്തിന്റെ പുതിയ ചിത്രം ‘വലിമൈ’യിലെ ആദ്യ വീഡിയോ 13 മണിക്കൂറിനകം 5.2 മില്യണ്‍ വ്യൂസ് ലഭിച്ച് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി. വിഘ്‌നേഷ് ശിവന്‍ എഴുതി യുവന്‍ ശങ്കര്‍ രാജ ഈണം നല്‍കി, യുവന്‍ ശങ്കര്‍ രാജ, അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ആലപിച്ച ‘നാങ്ക വെറെ മാറി’ എന്ന ഗാനമാണ് പുറത്തു വിട്ടത്. എച്ച് വിനോദ് ആണ് സംവിധാനം. ഐശ്വരമൂര്‍ത്തി ഐപിഎസ് എന്ന കഥാപാത്രമായാണ് അജിത്ത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ബോണി കപൂര്‍ ആണ് നിര്‍മിക്കുന്നത്.

🔳മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രിയങ്ക നായര്‍, ഏക കഥാപാത്രമുള്ള പരീക്ഷണാത്മക ചിത്രത്തില്‍ നായികയാവും. ബാങ്കുദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ പേരിടാത്ത ഫീച്ചര്‍ ഫിലിമില്‍ ഉടനീളം പ്രിയങ്ക നായര്‍ മാത്രമാണ് കഥാപാത്രമാകുന്നത്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്. സംഗീതം ദീപാങ്കുരന്‍ കൈതപ്രം, ഗാനങ്ങള്‍ ശ്യാം കെ വാരിയര്‍.

🔳നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ സജീവസാന്നിധ്യമായി തിളങ്ങുന്ന ജോജു ജോര്‍ജിന്റെ ഗ്യാരേജിലേക്ക് ലാന്‍ഡ് റോവറിന്റെ കരുത്തന്‍ എസ്.യു.വിയായ ഡിഫന്‍ഡറും എത്തി. ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയിരിക്കുന്നത്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ കരുത്തന്‍ എസ്.യു.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

Leave a Reply