Saturday, November 23, 2024
HomeNewsഇന്നത്തെ വാർത്തകൾ ഇതുവരെ

ഇന്നത്തെ വാർത്തകൾ ഇതുവരെ

🔳വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പൊരുതി തോറ്റു.. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് മെഡല്‍ നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമെന്ന് ഏവരും വിധിയെഴുതിയ ടീമാണിന്ന് അതിശക്തരായ അര്‍ജന്റീനയേയും ബ്രിട്ടനേയും വിറപ്പിച്ച് ഓരോ ഇന്ത്യക്കാരന്റേയും മനസ്സില്‍ ഇടംപിടിച്ചത്. നാലാം സ്ഥാനത്തോടെ തലയുയര്‍ത്തി പിടിച്ച് ടോക്യോയില്‍ നി്ന്ന് മടങ്ങുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ പോരാട്ടവീര്യത്തെ പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖര്‍ അഭിനന്ദിച്ചു.

🔳ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതല്‍ ഈ പുരസ്‌കാരം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് തടഞ്ഞ് കേന്ദ്രം. രാജ്യസഭാ സെക്രട്ടറിയേറ്റിനോട് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സി.പി.ഐ എം.പി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ഇത്തരമൊരു മറുപടി കിട്ടിയത്. പെഗാസസ് സോഫ്റ്റ്വയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ, എന്‍.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചത്.

🔳തുടര്‍ച്ചയായുള്ള പ്രളയഭീഷണി അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച് അണക്കെട്ടുകള്‍ പണിയാനായി പരിസ്ഥിതി സംഘങ്ങളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്‌സ്വാള്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.

🔳കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കേരളത്തിന് ആശങ്ക വര്‍ധിപ്പിച്ച് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ രണ്ട് ഡോസും എടുത്തവരില്‍ രോഗവ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെല്‍റ്റ വകഭേദം ഉള്‍പ്പടെ വ്യാപിക്കുന്നതിനാലാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് റിപോര്‍ട്ട് ചെയ്യുന്നത് കൂടുന്നത് എന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

🔳കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കേരളത്തിലെ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കോവിഡിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ. ബാബു എം.എല്‍.എ ആരോപിച്ചു.

🔳സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതിനു മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

🔳സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ പി.ജി. ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്ന് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ. വ്യക്തമാക്കി.

🔳മുഈനലി ശിഹാബ് തങ്ങളുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിന്റെ അനൗദ്യോഗിക യോഗം ഇന്ന് മലപ്പുറത്ത്. മുഈനലി തങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ന് നേതാക്കള്‍ പരസ്പര വിനിമയം നടത്തുക. പാര്‍ട്ടി അച്ചടക്കം ലംഘിച്ച മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യവും ചര്‍ച്ചയാകും. നാളെ ലീഗ് നേതൃയോഗവും ചേരുന്നുണ്ട്.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ
പ്രതികളായ ആറ് പേര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം കേസില്‍ അന്വേഷണം ആരംഭിച്ച് 25 ദിവസത്തിലധികമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

🔳കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെ കുറിച്ച് നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരില്‍നിന്ന് വിമര്‍ശനം. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. സര്‍വേയര്‍മാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമരാത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും നിയമസഭയില്‍ ഇന്ന് പരസ്യമായി.

🔳കെ. മുരളീധരനെ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാംതവണയാണ് മുരളീധരന്‍ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയര്‍മാന്‍.

🔳പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ്. ബാനര്‍ജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി.

🔳ബിഹാറില്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നീതീഷ് കുമാര്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

🔳വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം നേരത്തെ നിശ്ചയിച്ച 5.1 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി പുതുക്കി. വളര്‍ച്ചാലക്ഷ്യം 9.5 ശതമാനത്തില്‍ നിലനിര്‍ത്തുകയുംചെയ്തു.

🔳കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് സി.എന്‍.എന്‍. വ്യാഴാഴ്ചയാണ് സി.എന്‍.എന്‍ മേധാവി ജെഫ് സുക്കര്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

🔳ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെയാണ് പുനിയ തോല്‍പ്പിച്ചത്. സെമിയില്‍ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവാണ് ബജ്‌റംഗ് പുനിയയുടെ എതിരാളി.

🔳ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യയുടെ അതിഥി അശോക്. വെള്ളിയാഴ്ച വനിതകളുടെ വ്യക്തിഗത സ്‌ട്രോക് പ്ലേ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്‌ട്രോക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അതിഥി. ശനിയാഴ്ച നാലാം റൗണ്ട് മത്സരം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക് ഗോള്‍ഫില്‍ ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അതിഥിയെ കാത്തിരിക്കുന്നത്.

🔳ഐപിഒയ്ക്ക് ശേഷം പുതിയ പദ്ധതികളുമായി സൊമാറ്റോ. നിലവില്‍ മറ്റു പേയ്മെന്റ് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സൊമാറ്റോ ഭാവിയില്‍ സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ള പദ്ധതികളാണ് അണിയറയിലെന്ന് റിപ്പോര്‍ട്ടുകള്‍. റേസര്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്റ് സംവിധാനങ്ങള്‍ ആണ് സൊമാറ്റോ ഉപയോഗപ്പെടുത്തുന്നത്. വിവിധ പേയ്മെന്റ് സൗകര്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ഒരുങ്ങും. പുതുതായി തുടങ്ങുന്ന പേയ്മെന്റ് സംവിധാനം കമ്പനി തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. സൊമാറ്റോ പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും പേയ്മെന്റ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയില്‍ 520 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളര്‍ നിലവാരത്തിലെത്തി.

🔳ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് മുമ്പേ മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാന്‍ താന്‍ പ്ലാനിട്ടിരുന്നതായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. എന്നാല്‍ എല്ലാ സന്നാഹങ്ങളുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്നായിരുന്നു. മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ എപ്പഴേ റെഡിയാണ്. മമ്മൂക്കയായി ചിത്രത്തില്‍ വേഷമിടുന്നത് നിവിന്‍ പോളിയാണ്. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ താനത് ഹ്രസ്വ ചിത്രമാക്കിയപ്പോള്‍ ഒപ്പം നിന്നതും നിവിനാണ്.

🔳സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങള്‍ ഓടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. സൂര്യ നായകനാവുന്ന ജയ് ഭീമിനൊപ്പം മറ്റു മൂന്ന് ചിത്രങ്ങളുടെ റിലീസാണ് പ്രഖ്യാപിച്ചത്.. ടി ജെ ജ്ഞാനവേലാണ് ജയം ഭീം സംവിധാനം ചെയ്യുന്നത്. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന ‘ഉടന്‍പിറപ്പേ’, സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡോഗ്’, അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘രാമെ ആണ്ടാളും രാവണെ ആണ്ടാളും’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

🔳സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററി വാറന്റി നീട്ടുന്നതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. ടൊയോട്ട കാമ്രി, വെല്‍ഫയര്‍ എന്നീ രണ്ട് കാറുകളുടെയും ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്ററില്‍ നിന്ന് എട്ട് വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ (ഇതില്‍ ആദ്യം വരുന്നത്) വരെ നീളും. പുതിയ പ്രഖ്യാപനം 2021 ഓഗസ്റ്റ് 1 മുതലാണ് പ്രാബല്യത്തിലെത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments