🔳രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ മരിച്ചത് 25 രോഗികളാണ്. ലോ-പ്രഷര്‍ഓക്സിജന്‍ ഉപയോഗിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ഇനി കുറച്ച് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും 60-ലേറെ രോഗികള്‍ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳ഓക്സിജന്‍ കിട്ടാതെ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചെന്ന മെഡിക്കല്‍ ഡയറക്ടറുടെ വാര്‍ത്താക്കുറിപ്പിനെതെിരെ ദില്ലി ഗംഗാറാം ആശുപത്രി മാനേജ്മെന്റ്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഓക്സിജന്‍ കിട്ടാതെ ആരും മരിക്കില്ല. മുടക്കമില്ലാതെ ഓക്സിജന്‍ നല്‍കാമെന്ന് ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ചെയര്‍മാന്‍ അറിയിച്ചു.
🔳ഡല്‍ഹിയിലുടനീളം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓക്സിജന്റെ അഭാവം മൂലം ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദ്ദേശിക്കണമെന്നും ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും വികാരാധീനനായി കെജ്രിവാള്‍ പറഞ്ഞു.
🔳രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങള്‍ ഓക്‌സിജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് തമിഴ്‌നാട്ടിലെ വേദാന്ത ഓക്‌സിജന്‍ പ്ലാന്റില്‍ തമിഴ്‌നാട് സര്‍ക്കാരിനായി ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്.
🔳കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപുരും ചൈനയും. ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
🔳ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
🔳കോവിഡ് പിടിമുറുക്കിയ ഒരുവര്‍ഷത്തിനിടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായതായി പഠനം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. 150 രൂപയോ അതില്‍ താഴെയോ ദിവസവരുമാനമുള്ള ആളുകളെയാണ് ഈ പഠനത്തില്‍ ദരിദ്രരായി കണക്കാക്കിയിട്ടുള്ളത്. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 45 വര്‍ഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പറയുന്നു.
🔳വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങള്‍ ആക്കരുതെന്ന് സര്‍ക്കാരിനോട് ഐഎംഎ. വാക്‌സിന്‍ വിതരണം ലളിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ. വാക്‌സിനേഷന്‍ തീര്‍ത്തും സൗജന്യമായി നടത്തണമെന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ വാക്‌സിന്‍ നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമാണ് ഐഎംഎയുടെ നിലപാട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെക്കരുതെന്നും ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയോ കൊണ്ടുചെന്ന് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുന്ന അവസരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
🔳കോവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐകസ് പറഞ്ഞു.
🔳ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ തൃശ്ശൂര്‍ പൂരം. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി. കുടമാറ്റവും എഴുന്നള്ളിപ്പും ഉള്‍പ്പെടെ ഉള്ള ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തുന്നത്.
🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്ന് കളക്ടറുടെ ഉത്തരവ്. നിയന്ത്രണം ഇന്ന് അഞ്ചു മണി മുതല്‍ നിലവില്‍ വരും. പൊതുജനങ്ങള്‍ പ്രാര്‍ഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളില്‍ പോലും ഒത്തുചേരരുതെന്നും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മതനേതാക്കളുമായി ചര്‍ച്ച നടത്തിയതായും കളക്ടര്‍ അറിയിച്ചു.
🔳മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എ രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്.
🔳കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിശാ പാര്‍ട്ടിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഡി.ജെ.കളെ കേന്ദ്രീകരിച്ച് അന്വേഷണം. ഡി.ജെ.കളാണ് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.
🔳വെമ്പായം, പിരപ്പന്‍കോടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
🔳മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള്‍ വെന്തുമരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
🔳ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള എല്ലാ യാത്രാ വിമാന സര്‍വീസുകളും കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. യാത്രക്കാരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി..
🔳മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്തു. 592 കോടി രൂപയുടേതാണ് ഇടപാട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കണ്‍ട്രി ക്ലബാണ് സ്റ്റോക്ക് പാര്‍ക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എണ്ണ വ്യവസായത്തില്‍നിന്ന് വിനോദമേഖലയില്‍കൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം കൂടി 1,787.11 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ച 0.6 ശതമാനമാണ് വിലയിലുണ്ടായ വര്‍ധന.
🔳കര്‍ണ്ണന്‍ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകന്‍ മാരി സെല്‍വരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടുന്ന നായകനായാണ് ധനുഷ് കര്‍ണനിലെത്തിയത്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
🔳സ്പൈഡര്‍മാന്‍ സിനിമകള്‍ ഡിസ്നി പ്ലസിലേക്കും എത്തുന്നു. ഇതിനായി ഡിസ്നിയും സോണിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെന്നാണ് വാര്‍ത്ത. 2020 മുതല്‍ ഡിസ്നിയുടെ കീഴിലുള്ള മാര്‍വലിന്റെ കഥാപാത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സോണി ചിത്രങ്ങള്‍ എല്ലാം ഡിസ്നി പ്ലസിലും കാണുവാന്‍ പറ്റും. സ്പൈഡര്‍മാന്‍, വെനം പോലുള്ള ചിത്രങ്ങള്‍ ഇതില്‍ പെടും. 2022 മുതല്‍ 2026വരെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കായിരിക്കും കരാര്‍ എന്നാണ് സൂചന.
🔳ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്‌ക്രാംബ്ലര്‍ 1200 എക്സ്സി, എക്‌സ്ഇ മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചു. ആഗോളതലത്തിലാണ് ഈ മോഡലുകള്‍ അനാവരണം ചെയ്തത്. സ്റ്റീവ് മക്ക്വീന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലും ഇതോടൊപ്പം പുറത്തിറക്കി. ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമായിരിക്കും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳നാട്ടിടവഴികളിലും തെയ്യപ്പറമ്പുകളിലും അയല്‍പ്പക്കങ്ങളിലും കളിക്കളങ്ങളിലുമൊക്കെയയി നിറഞ്ഞു നില്‍ക്കുന്ന ബാല്യകാല അനുഭവങ്ങള്‍ സുന്ദരമായ നാട്ടുഭാഷയില്‍ പകര്‍ത്തിവെച്ച കൃതി. ‘ഒന്നൂറെ മുപ്പത്’. രണ്ടാം പതിപ്പ്. രഞ്ചിത്ത് ചേണിച്ചേരി. കൈരളി ബുക്സ്. വില 199 രൂപ.
🔳ബി. 1.167 എന്ന ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ ഫലമായി അതിതീവ്ര കോവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യം. കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുകയാണ്. ഇതിനിടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍. ഈ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദം രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കണ്ടെത്തി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാക്കുന്നത് ഈ വകഭേദമാണെന്നും കരുതപ്പെടുന്നു. മൂന്ന് കോവിഡ് വകഭേദങ്ങളുടെ സവിശേഷതകള്‍ ഒരുമിച്ചു ചേരുന്നതാണ് ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദം. എന്നാല്‍ ഇരട്ട വകഭേദത്തെ പോലെ ആശങ്കയുണര്‍ത്തുന്ന വകഭേദമായി ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദത്തെ ഇന്ത്യയില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഈ പുതിയ വകഭേദത്തിന്റെ വ്യാപന ശേഷിയെ കുറിച്ചോ, അതുണ്ടാക്കുന്ന രോഗതീവ്രതയെക്കുറിച്ചോ, ആന്റിബോഡികളെ നേരിടാനുള്ള അതിന്റെ കരുത്തിനെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം വൈറസുകളുടെ ജനിതക സീക്വന്‍സിങ് ഇന്ത്യയില്‍ ഒച്ചിഴയും വേഗത്തില്‍ നടക്കുന്നത് വലിയ ഭീഷണി ഉയര്‍ത്തുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പുതിയ വകഭേദങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ നേരിടുന്നതില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 75.00, പൗണ്ട് – 104.11, യൂറോ – 90.40, സ്വിസ് ഫ്രാങ്ക് – 81.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.02, ബഹറിന്‍ ദിനാര്‍ – 198.97, കുവൈത്ത് ദിനാര്‍ -249.15, ഒമാനി റിയാല്‍ – 194.92, സൗദി റിയാല്‍ – 20.01, യു.എ.ഇ ദിര്‍ഹം – 20.43, ഖത്തര്‍ റിയാല്‍ – 20.61, കനേഡിയന്‍ ഡോളര്‍ – 60.13.
➖➖➖➖➖➖➖➖