Friday, November 22, 2024
HomeNewsവാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ

ശക്തമായ കാറ്റും മഴയും മൂലം വന്‍ നാശനഷ്ടം. മൂന്നിടത്ത് ഉരുള്‍പൊട്ടി. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകള്‍ തുറക്കുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരും. പ്രളയസാധ്യതയുണ്ടെന്ന് ദേശീയ ജല കമ്മീഷന്‍. സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി.

ഇടുക്കിയിലെ ഏലപ്പാറ- വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണിയില്‍ ഉരുള്‍പൊട്ടി. രണ്ടു യുവാക്കളുമായി കാര്‍ ഒലിച്ചുപോയി. രാത്രി എട്ടു മണിയോടെയാണു സംഭവം. കാറിലുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി. അനീഷ് എന്നയാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പാലക്കാട് നെല്ലിയാമ്പതിയില്‍ മരപ്പാലത്തിനും കുണ്ടറചോല പാലത്തിനും ഇടയില്‍ ഉരുള്‍പൊട്ടി ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് മലയിലും ഉരുള്‍പൊട്ടി. ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു.

പത്തനംതിട്ട മൂഴിയാര്‍, ഭൂതത്താന്‍കെട്ട്, കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പൊന്മുടി ഡാം ഇന്നു തുറക്കും. പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്നതിനാല്‍ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. മലങ്കര ഡാമില്‍നിന്നു വെള്ളമെത്തുന്ന തൊടുപുഴയാറിലും കോതമംഗലം പുഴയിലും  മൂവാറ്റുപുഴയാറിലും പ്രളയ മുന്നറിയിപ്പ്. കോടഞ്ചേരി ചാലിപ്പുഴ നിറഞ്ഞൊഴുകുന്നു. ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 29 വീട്ടുകാരെ വ്യാഴാഴ്ച രാത്രി മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പ്.
 

ലഡാക്കില്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയേറിയെന്നു പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നാലാം തിയതി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് ഇന്നലെ അപ്രത്യക്ഷമായി. ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അവകാശപ്പെട്ടിരിക്കേയാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതും പിറകേ അപ്രത്യക്ഷമായതും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ 890 കോടി രൂപ വിതരണം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ടെസ്റ്റിംഗ് കിറ്റുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാനാണ് ഈ തുക വിനിയോഗിക്കേണ്ടത്.

കേരളത്തില്‍ ഇന്നലെ 1,298 പേര്‍ക്ക് കോവിഡ്-19. മൂന്നു പേര്‍കൂടി മരിച്ചു. സമ്പര്‍ക്കത്തിലൂടെ 1017 പേര്‍ക്കു രോഗം ബാധിച്ചു. ഇതില്‍ 76 പേരുടെ ഉറവിടം വ്യക്തമല്ല. 78 പേര്‍ വിദേശത്തുനിന്നും 170 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് ചികില്‍സയിലുള്ളത് 11,983 പേര്‍. ഇന്നലെ രോഗമുക്തരായ 800 പേരടക്കം 18,337 പേര്‍ ഇതുവരെ രോഗമുക്തരായി. 1,48,039 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇന്നലെ രോഗികളായവരുടെ ജില്ലതിരിച്ചുള്ള വിവരം. തിരുവനന്തപുരം 219, കോഴിക്കോട് 174, കാസര്‍ഗോഡ് 153, പാലക്കാട് 136, മലപ്പുറം 129, ആലപ്പുഴ 99, തൃശൂര്‍  74, എറണാകുളം 73, ഇടുക്കി 58, വയനാട് 46, കോട്ടയം 40, പത്തനംതിട്ട, കണ്ണൂര്‍ 33 വീതം, കൊല്ലം 31.

കോവിഡ് ബാധിച്ചു മൂന്ന് മരണം കൂടി.. ജൂലൈ 31 ന് മരിച്ച മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് രണ്ടിനു മരിച്ച കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് അഞ്ചിന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ മരണം കോവിഡ്‌ മൂലമെന്ന്‌ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം  210, കാസര്‍ഗോഡ് 139, കോഴിക്കോട് 128, മലപ്പുറം 109, ആലപ്പുഴ 94, തൃശൂര്‍ 62, പാലക്കാട് 61, എറണാകുളം 54, വയനാട് 44, കോട്ടയം 36, കൊല്ലം, ഇടുക്കി, കണ്ണൂര്‍  23 പേര്‍ വീതം, പത്തനംതിട്ട 11.

പുതിയ 12 ഹോട്ട് സ്‌പോട്ടുകള്‍ അടക്കം സംസ്ഥാനത്ത് 511 ഹോട്ട് സ്‌പോട്ടുകൾ. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട് സ്‌പോട്ടില്‍നിന്നു 16 പ്രദേശങ്ങളെ ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18).

സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 ചതുരശ്രമീറ്ററിന് ആറു പേര്‍ എന്ന നിലയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ.

കള്ളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന കള്ളക്കേസില്‍ കുടുക്കിയ എയര്‍ ഇന്ത്യ ഗ്രൗണ്ട് സര്‍വീസസ് ഓഫീസര്‍ ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. ഹൈദരാബാദിലാണ് ഷിബു ജോലി ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിച്ചെന്ന് ആരോപിച്ചാണ് നടപടി.

കടല്‍ക്കൊല കേസില്‍ കക്ഷി ചേരാന്‍ എട്ട് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പടെ 10 പേര്‍  നല്‍കിയ അപേക്ഷ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്നാണു നിലപാട്.

കോവിഡിനു പിറകേ, കൊച്ചി ചെല്ലാനത്തു വീണ്ടും കടലാക്രമണം. ഈ പ്രദേശം കടല്‍വെള്ളത്തില്‍ മുങ്ങി. ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഇരുപതിനായിരം കവിഞ്ഞു. ഇന്നലെ 899 പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവര്‍ 41,638 പേരായി. 62,170 പേര്‍കൂടി രോഗികളായി. ആകെ രോഗബാധിതരുടെ എണ്ണം 20,25,409 ആയി. 6.05 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 13.77 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 316 പേര്‍കൂടി മരിക്കുകയും 11,514 പേര്‍കൂടി രോഗികളാകുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 5,684 പേരും ആന്ധ്രയില്‍ 10,328 പേരും കര്‍ണാടകത്തില്‍ 6,805 പേരും പുതുതായി രോഗികളായി.

ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി നിയമിച്ചു. നാളെ 65 വയസ്സ് തികയുന്ന രാജീവ് മെഹ്രിഷി വിരമിക്കുന്നതിനാലാണ് നിയമനം. മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മു കാഷ്മീരില്‍ ലഫ്റ്റനനന്റ് ഗവര്‍ണറായി നിയമിച്ചു.

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിക്ക് എതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെ അഞ്ചു പേരാണു പ്രതികള്‍. റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കല്‍, മരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിപ്പിച്ചത്.

ദക്ഷിണ കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. സജാദ് അഹമ്മദ് ഖാന്‍ഡെയാണ് കൊല്ലപ്പെട്ടത്.

റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനമായി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15 ശതമാനം കുറച്ചിരുന്നു.

കര്‍ണാടകയില്‍ പല ജില്ലകളിലും നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതിനാല്‍ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. കാളി നദി, കദ്ര എന്നീ നദീ തീരങ്ങളില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഉത്തര കന്നഡ ജില്ലയിലുള്ള കദ്ര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മറ്റു ചില ചെറിയ അണക്കെട്ടുകളും തുറന്നിട്ടുണ്ട്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിന് താല്‍ക്കാലിക ആശ്വാസം. ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിജെപി നേതാവ് മദന്‍ ദിലാവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കോണ്‍ഗ്രസിന്റെ  സോഷ്യല്‍ മീഡിയ മുന്‍ മാനേജരും മുന്‍ ലോക്സഭാംഗവുമായ ദിവ്യ സ്പന്ദന ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സജീവമായി. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍നിന്നു ദിവ്യ സ്പന്ദന അപ്രത്യക്ഷയായത്.

കാനറ ബാങ്ക് 2020-2021 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 406.24 കോടിയുടെ അറ്റാദായം നേടി. 23.5 ശതമാനം  വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 329.07 കോടി രൂപയായിരുന്നു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ  പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.82 ശതമാനം വര്‍ധിച്ച് 4,285 കോടി രൂപയായി.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,134 പേര്‍കൂടി മരിച്ചു. 2,68,564 പേര്‍കൂടി രോഗബാധിതരായി. ആകെ 7,16,471 പേര്‍ മരിക്കുകയും 1.92 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ ബ്രസീലില്‍ 1,226 പേരും അമേരിക്കയില്‍ 1,1134 പേരും മരിച്ചു.

താന്‍ കോവിഡ് പോസിറ്റീവാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ നുണപ്രചാരണമാണെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ.

രാജ്യത്തെ രണ്ട് വലിയ ഓണ്‍ലൈന്‍ വിപണികളായ ഫ്‌ലിപ്പ്കാര്‍ട്ടും, ആമസോണും വമ്പിച്ച വില്‍പ്പന മേളയാണ് ഓഗസ്റ്റ് 6 മുതല്‍ തുടങ്ങിയിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേസ് ഓഗസ്റ്റ് 6ന് തുടങ്ങി നാല് ദിവസം നീണ്ടു നില്‍ക്കും. ആമസോണിന്റെ പ്രൈം ഡേ ഓഗസ്റ്റ് 6,7 ദിനങ്ങളിലാണ് പ്രധാന ഓഫറുകള്‍.
ആമസോണ്‍ പ്രൈം ഡേ സെയിലില്‍ 300 ല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുതുതായി ഇറക്കും. ഐഫോണുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ മികച്ച അവസരമാണ് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേസ് ഒരുക്കുന്നത്.

അയോധ്യയുടെ കഥ’ സിനിമയാക്കാന്‍ മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പഹ്‌ലാജ് നിഹലാനി. ‘അയോധ്യ കി കഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ വില്ലേന്തി നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രീകരണമാണുള്ളത്. താരങ്ങളെയോ മറ്റു സാങ്കേതികപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രം ബഹുഭാഷാ ചിത്രം ആയിരിക്കും. മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നിഹലാനിയാണ്. നവംബര്‍ 21ന് ചിത്രീകരണം ആരംഭിച്ച് 2021 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍.

മണാലിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയ ഗാനവുമായി എത്തിയിരിക്കുകയാണ് നിഹാരം എന്ന സംഗീത ആല്‍ബം. പ്രണയത്തിലെ വിരഹവും വേദനയും എല്ലാം ഇഴ ചേര്‍ന്നുള്ള ഗാനാവതരണം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആനന്ദ് ജോര്‍ജും ജെസ്നി അന്നയുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ആനന്ദ് ജോര്‍ജാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിബു സുകുമാരന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ആവണി മല്‍ഹാറും ചേര്‍ന്നാണ്. സിബിന്‍ ചന്ദ്രനാണ് ക്യാമറ.

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് മോഡലിന് ഒരു ചെറുപതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എന്നു പേരുള്ള ഈ ബൈക്ക് 2020 ഓഗസ്റ്റ് 11 -ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം. സ്ട്രീറ്റ് ട്രിപ്പിള്‍ ആറിന് ഏകദേശം 9.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.

ആര്‍ കെ നാരായണിന്റെ ‘ മാല്‍ഗുഡി ഡേയ്‌സ് പോലെ തനിക്കുമാത്രം പ്രാപ്തമായ ഒരത്ഭുതലോകവും സൃഷ്ടിച്ചെടുത്തിരിക്കുകയാണ്  അജോയ്കുമാര്‍. ഈ ലോകത്ത് നടക്കുന്ന കഥകള്‍ പലപ്പോഴും രവിക്കുട്ടന്റെ വിവരമില്ലായ്മയും കുസൃതിയും സുഹൃത്തുക്കളുടെ അവസരത്തിലും അനവസരത്തിലും ഉള്ള ഇടപെടലുകളും കൂട്ടിച്ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇതിവൃത്തങ്ങളാണ്. കര്‍ശനക്കാരനായ അച്ഛന്‍ ഒരു രഹസ്യ സുഹൃത്തുകൂടിയാവുന്നു. ‘കല്‍ക്കണ്ടകനവുകള്‍’. ലോഗോസ് പബ്ളിക്കേഷന്‍സ്. വില 160 രൂപ.

ഉറക്കം, ആകെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒരു സുപ്രധാന ഘടകം തന്നെയാണ്. ശരീരത്തിന്റെ മാത്രമല്ല- മനസിന്റെ ആരോഗ്യത്തേയും ഉറക്കം പ്രത്യക്ഷമായി തന്നെ ബാധിക്കാറുണ്ട്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം, സമയം എന്നിവയെല്ലാം നമ്മളെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. അത്തരത്തില്‍ ഉറക്കം നമ്മുടെ ഓര്‍മ്മകളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഒരു പഠനം. ‘യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനി’ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍, അന്ന് താന്‍ പഠിച്ച കാര്യങ്ങളെയെല്ലാം വീണ്ടും ഓടിച്ചുനോക്കുമത്രേ. അങ്ങനെ ഓരോ ഓര്‍മ്മയേയും വീണ്ടും തിരിച്ചെടുക്കാനും അത് ഭംഗിയായി വീണ്ടും അവതരിപ്പിക്കാനും ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. ഓര്‍മ്മകള്‍ ഒരിക്കലും അടുക്കിപ്പെറുക്കി വച്ച നിലയില്‍ അല്ലെന്നും അത് പല വശത്ത് നിന്നും വന്നുകൊണ്ടേയിരിക്കുമെന്നും പഠനം അവകാശപ്പെടുന്നു. എല്ലാ ഓര്‍മ്മകളേയും ‘അപ്ഡേറ്റ്’ ചെയ്തുകൊണ്ടേയിരിക്കാന്‍ ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. അതിനാല്‍ തന്നെ പഴയ ഓര്‍മ്മകളും പുതിയതുമെല്ലാം ഒരുപോലെ ഉള്ളില്‍ വന്നുപോയിക്കൊണ്ടിരിക്കും. ഇത് പഴയതിനെ മറക്കാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും, ഓര്‍മ്മശക്തി മൂര്‍ച്ചയോടെ സൂക്ഷിക്കാന്‍ ഉപകരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകഗ്രാമമാണെങ്കിലും അവിടെ ഒരു വിളപോലുമുണ്ടായിരുന്നില്ല.  പട്ടിണിയാണ്. വിദഗ്ദസംഘം പഠിക്കാനെത്തി.  അവര്‍ മണ്ണും വളവും കാലാവസ്ഥയും പരിശോധിച്ചു. എല്ലാം അനുയോജ്യം.  അവര്‍ കര്‍ഷകരെ വിളിച്ചുകൂട്ടി. ഞങ്ങള്‍ അടുത്തയാഴ്ച തക്കാളികൃഷി തുടങ്ങും.  ഇത്രയും നല്ല മണ്ണ് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ കൃഷി വിജയിപ്പിച്ചുകാണിക്കാം.  ഒരു കര്‍ഷകന്‍ എന്തോ പറയാന്‍ എഴുന്നേറ്റെങ്കിലും അവര്‍ സമ്മതിച്ചില്ല.  നിങ്ങള്‍ ഒഴിവുകഴിവൊന്നും പറയണ്ട.  വിദഗ്ദര്‍ കൃഷിയിറക്കി.  പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയപ്പോള്‍ ചെടികളെല്ലാം നശിച്ചുകിടക്കുന്നു.  അവര്‍ കര്‍ഷകരോട് ചോദിച്ചു.  എന്താണ് സംഭവിച്ചത്? അവര്‍ പറഞ്ഞു:  അന്ന് ഞങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും നിങ്ങള്‍ സമ്മതിച്ചില്ല.  ഇവിടെ കൃഷിയില്ലാത്തത് മണ്ണ് മോശമായതുകൊണ്ടല്ല,. എന്തുചെയ്താലും വന്യമൃഗങ്ങളെത്തി നശിപ്പിക്കുന്നതുകൊണ്ടാണ് …. !   പറയാന്‍ അനുവദിക്കണം.  കേള്‍ക്കാന്‍ തയ്യാറാകണം. പറയാന്‍ അറിവുമാത്രം മതി.  പക്ഷേ, കേള്‍ക്കാന്‍ സന്നദ്ധത കൂടി വേണം.  എല്ലാ കാഴ്ചകളും സ്വന്തം കണ്ണുകൊണ്ട് മാത്രം കാണാന്‍ കഴിയില്ല.  എല്ലാ ശബ്ദങ്ങളും സ്വന്തം ചെവികൊണ്ട് മാത്രം കേള്‍ക്കാനും കഴിയില്ല.  ഒപ്പമുള്ളവരുടേയും എതിര്‍ക്കുന്നവരുടേയും ശബ്ദങ്ങള്‍ കൂടി  ശ്രദ്ധിച്ചാല്‍ പതിരുകള്‍ വേര്‍ത്തിരിക്കാനാകും.  ഒരാളെയോ , ഒരു സ്ഥലത്തേയോ പഠിക്കണമെങ്കില്‍ അയാളാകണം, അവിടെയുണ്ടാകണം.  അറിയാന്‍ ശ്രമിക്കുന്ന എന്തിനേയും എല്ലാ വശത്തുനിന്നും അറിയണം. നമുക്ക് എപ്പോള്‍ വേണമെങ്കിലും ഉപദേശകവേഷം എടുത്തണിയാം, പക്ഷേ, അതിനുമുമ്പ് നമുക്ക് ക്ഷമയോടെ കേള്‍ക്കാന്‍ ശീലിക്കാം – ശുഭദിനം 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments