Monday, July 8, 2024
HomeNewsവാർത്തകൾ ചുരുക്കത്തിൽ

വാർത്തകൾ ചുരുക്കത്തിൽ

ദുരന്തങ്ങളുടെ ദിനം. മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 മരണം. മണ്ണിനടിയില്‍ 51 പേരെ കാണാതായി. 15 പേരെ രക്ഷിച്ചു. തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന തമിഴ്നാട്ടുകാരായ തൊഴിലാളികള്‍ക്കാണു ദുരന്തമുണ്ടായത്. 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. ഇവിടെ എണ്‍പതിലേറെ പേര്‍ താമസിച്ചിരുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴേയ്ക്കു പതിച്ച വിമാനം രണ്ടായി പിളര്‍ന്നു. ദുബായില്‍നിന്ന് കോഴിക്കോട്ടേക്കു വന്ന എയര്‍ ഇന്ത്യാ വിമാനമാണ് ഇന്നലെ രാത്രി 7.45ന് അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ, യാത്രക്കാരായ രാജീവ് കോക്കല്ലൂര്‍, ഷറഫുദ്ദീന്‍ പിലാശ്ശേരി തുടങ്ങിയവരാണ് മരിച്ചത്. പത്തു കുട്ടികളടക്കം 184 യാത്രക്കാരും, ഏഴു ജീവനക്കാരും ഉണ്ടായിരുന്നു.  

വിമാനാപകടത്തില്‍ മരിച്ചവരിൽ ചിലർ : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ – സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് (23) പാലക്കാട്, 45 വയസുള്ള സ്ത്രീ, 55 വയസുള്ള സ്ത്രീ, ഒന്നര വയസുള്ള കുട്ടി. മിംസ് ആശുപത്രി – ദീപക്, അഖിലേഷ്, ബേബി മെമ്മോറിയല്‍ ആശുപത്രി – ഷറഫൂദ്ദീന്‍, രാജീവന്‍.

രാജമലയിലെ ദുരന്ത വിവരം ലോകം അറിഞ്ഞത് ഏഴു മണിക്കൂറിനു ശേഷം. മൂന്നു ദിവസമായി വൈദ്യുതി ഇല്ലാതിരുന്ന ഇവിടെ വാര്‍ത്താ വിനിമയ ബന്ധവും ഇല്ലായിരുന്നു. അര്‍ധരാത്രിയോടെ ഉണ്ടായ ദുരന്തം പുറത്തറിഞ്ഞത് രാവിലെ ആറോടെയാണ്. പാലം ഒലിച്ചുപോയത് മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമായി. ഉച്ചവരെ തദ്ദേശവാസികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചക്ക് ശേഷമാണ് ആംബുലന്‍സും മറ്റും എത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സേവനവും ലഭിച്ചില്ല. കനത്ത മഴയും മൂടിക്കെട്ടിയ മഞ്ഞും കുഴഞ്ഞ മണ്ണും രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കി. ആവശ്യത്തിനു ജെസിബിയും ലഭിച്ചില്ല. രാത്രി ഏഴുവരെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ ചികില്‍സാ ചെലവു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേ കനത്ത മഴ മൂലം പൈലറ്റിന് കാണാന്‍ സാധിച്ചില്ലെന്നു സംശയം. രണ്ടു തവണ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് ഗ്ലോബല്‍ ഫ്ളൈറ്റ്  ട്രാക്കര്‍ വെബ്സൈറ്റിന്റെ സൂചന. ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായെന്നു സംശയം.

വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേ 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റായിരുന്നു. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിനു ശേഷം വോളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.

കോഴിക്കോട് വിമാനപകടത്തില്‍ പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, മിംസ്, മെയ്ത്ര, ബേബി മെമ്മോറിയല്‍, കൊണ്ടോട്ടി റിലീഫ് തുടങ്ങിയ ആശുപത്രികളിലേക്കാണ് എത്തിച്ചത്. ആശുപത്രിയില്‍ വച്ചാണ് പലരും മരിച്ചത്.

വിമാനപകടത്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാനത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കി.
പരിക്കേറ്റവര്‍ക്കു ചികിത്സ നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

സംസ്ഥാനത്തെ 17 അണക്കെട്ടുകള്‍ തുറന്നു. പ്രധാന അണക്കെട്ടുകള്‍ തുറന്നിട്ടില്ല. ജലസേചന വകുപ്പിനു കീഴിലുള്ള അണക്കെട്ടുകളാണു തുറന്നത്. കരുതല്‍ നടപടിയെന്ന നിലയിലാണ് ഡാമുകള്‍ നിറയുന്നതിനു മുമ്പേ വെള്ളം തുറന്നുവിട്ടത്.

പത്താം തീയതി വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. വെള്ളം തുറന്നുവിടേണ്ട സ്ഥിതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 1,251 പേര്‍ക്കു കൂടി കോവിഡ് -19. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയ 77 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 18 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം ബാധിച്ചു. 814 പേര്‍ രോഗമുക്തി നേടി.

കോവിഡ് ബാധിച്ച് അഞ്ചു മരണം കൂടി. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി (68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍ (60), എറണാകുളം ഇളമക്കര പി.ജി ബാബു (60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരാണു മരിച്ചത്.

അഞ്ചു ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123.

മഴയും കാറ്റുംമൂലം സംസ്ഥാനത്തു വന്‍നാശം. തിരുവനന്തപുരത്ത് 47 വീടുകളും കൊല്ലത്ത് 125ലേറെ വീടുകളും തകര്‍ന്നു. വയനാട്ടില്‍ 58 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 3165 പേരെ ക്യാംപിലേക്ക് മാറ്റി. 1268 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 477 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി.

നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി. രഹന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

കടല്‍ക്കൊല കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണമെന്ന രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാനാവില്ല. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്. അവരെ കക്ഷിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ പറഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടത്? കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടു നിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമം? അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത’യാണു മാധ്യമങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തീരപ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പോലീസ് സ്പെഷല്‍ ഡ്രൈവ് നടത്തുമെന്ന് സൗത്ത് സോണ്‍ ഡിഐജി കെ. സഞ്ജയ് കുമാര്‍. തലസ്ഥാന ജില്ലയില്‍ രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.  

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി ജാമ്യം അനുവദിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കും പത്‌നി ബെറ്റിക്കും കോവിഡ്. ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 937 പേര്‍കൂടി മരിക്കുകയും 61,455 പേര്‍കൂടി രോഗികളാകുകയും ചെയ്തു. ഇതുവരെ മരിച്ചത് 42,578 പേര്‍. ആകെ രോഗബാധിതര്‍ 20,86,864. 6.16 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 14.27 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ മൂന്നൂറു പേര്‍കൂടി മരിക്കുകയും 10,483 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.45 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. ഇന്നലെ 119 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,880 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 10,171 പേരും കര്‍ണാടകത്തില്‍ 6,670 പേരും ഇന്നലെ രോഗബാധിതരായി.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി പ്രഫ. പ്രദീപ് കുമാര്‍ ജോഷിയെ നിയമിച്ചു. നിലവില്‍ യു.പി.എസ്.സി അംഗമാണ്. ചണ്ഡീഗഡ് പിഎസ്.സി ചെയര്‍മാനായിരുന്നു. യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്സേനയുടെ കാലാവധി അവസാനിച്ചതിനാലാണ് 2021 മേയ് 12 വരെ പ്രഫ. പ്രദീപ് കുമാര്‍ ജോഷിയെ നിയമിച്ചത്.

ജമ്മു കാഷ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. ഓഗസ്റ്റ് 11നകം മറുപടി വേണം. 4ജി പുനസ്ഥാപിക്കാമെന്നു മുന്‍ ലഫ്. ഗവര്‍ണര്‍ ജി.സി മുര്‍മു നേരത്തെ അറിയിച്ചിരുന്നു.

രണ്ടു മാസം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നു ജാമ്യവ്യവസ്ഥ. മധ്യപ്രദേശ് ഹൈക്കോടതിയാണ്‌ വിചിത്രമായ വ്യവസ്ഥകളോടെ ജാമ്യമനുവദിച്ചത്. കൈയേറ്റശ്രമത്തിന് ജൂണ്‍ 24 മുതല്‍ ജയിലില്‍ കഴിയുന്ന അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ഥിയായ 18 കാരനാണ് ഇങ്ങനെ ജാമ്യം കിട്ടിയത്.

കോവിഡ് 19 ബാധിച്ച് ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഉന്നാവോ സ്വദേശിയായ ഇന്‍സ്പെക്ടര്‍ ഇന്ദ്രജിത്ത് സിങ് ഭദൗരിയ (47)യാണ് മരിച്ചത്. ആദ്യ രണ്ടു പരിശോധനയില്‍ നെഗറ്റീവ് ഫലം വന്ന ഇന്ദ്രജിത്തിന് മൂന്നാമത്തെ പരിശോധനയിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.

രാജസ്ഥാനിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്ക് ഔദ്യോഗിക വസതിയില്‍തന്നെ തുടരാന്‍ അശോക് ഗെഹ്ലോതിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കി. 2018ല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഹൈക്കോടതി വിധിച്ചിട്ടും അവര്‍ ഈ വസതി ഒഴിഞ്ഞിരുന്നില്ല.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,196 പേര്‍കൂടി മരിച്ചു. 2,73,382 പേര്‍കൂടി രോഗികളായി. ഇതുവരെ 7,22,932 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 1.95 കോടിയായി. ഇന്നലെ അമേരിക്കയില്‍ 1,271 പേരും ബ്രസീലില്‍ 1,058 പേരുമാണ് മരിച്ചത്.  

ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ അമേരിക്ക നിരോധിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വീചാറ്റുമായുള്ള ഇടപാടുകളും നിരോധിച്ചു. നിരോധനം 45 ദിവസത്തിനകം പ്രാബല്യത്തിലാകും.

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ നാളെ സത്യപ്രതിജ്ഞ ചെയ്യും. സഹോദരന്‍ കൂടിയായ പ്രസിഡന്റ് ഗോതബയ രാജപക്‌സെയും പ്രധാനമന്ത്രിയാകുന്ന മഹീന്ദ രാജപക്‌സെയും ചേര്‍ന്നു നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി തകര്‍പ്പന്‍ വിജയമാണു നേടിയത്. നാലാം തവണയാണ് മഹീന്ദ പ്രധാനമന്ത്രിയാകുന്നത്.

പാക്കിസ്ഥാൻ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌ ആവേശത്തിലേക്ക്‌. മഴമൂലം മത്സരം കുറച്ചുസമയം തടസപ്പെട്ട മൂന്നാം ദിനം പാക്കിസ്ഥാൻ രണ്ടാമിന്നിംഗ്‌സിൽ 8 വിക്കറ്റ്‌ നഷ്‌ടത്തിൽ 137 റൺസ്‌ എന്ന നിലയിലാണ്. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്‌സ്‌ സ്‌കോറായ 327 ന്‌ മറുപടിയായി ഇംഗ്ലണ്ട് 219 റൺസിന്‌ പുറത്തായിരുന്നു. രണ്ട്‌ ദിവസവും രണ്ട്‌ വിക്കറ്റും ശേഷിക്കേ പാക്കിസ്ഥാന്‌ 244 റൺസിന്റെ ലീഡ്‌ മാത്രമാണുള്ളത്‌.

ഐവറികോസ്റ്റിന്റെ സൂപ്പര്‍ മിഡില്‍ ഫീല്‍ഡര്‍ യായാ ടൂറെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. ബാഴ്‌സലോണയ്ക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി കളിക്കുന്ന സൂപ്പര്‍താരം ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കാന്‍ പ്രതിഫലത്തുക കുറച്ചു. എഫ്‌സി ഗോവ, ബംഗളൂരു, മുംബൈ സിറ്റി എന്നീ ടീമുകളാണ് യായാ ടൂറെയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2020 ജൂണ്‍ പാദത്തില്‍ 54.64 കോടി ഏകീകൃത ലാഭം നേടി. 94 ശതമാനത്തിന്റെ വന്‍ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കൊവിഡ് -19 പകര്‍ച്ചവ്യാധിയാണ് പ്രതികൂലമായി കമ്പനിയെ ബാധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 894.11 കോടി നികുതിയ്ക്ക് ശേഷം കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു.

ടെക് ഭീമന്മാരായ ആപ്പിള്‍ ആറ് നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതോടെയുണ്ടാവാന്‍ പോകുന്നത് നിരവധി തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്. 500 കോടിയുടെ നിക്ഷേപമാണ് ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റുകളിലേക്ക് നടത്തുന്നത്. ഐഫോണ്‍, ഐപാഡ്, ഐമാക് എന്നീ ഉത്പന്നങ്ങളുടെ ഉത്പാദനവും രാജ്യത്ത് ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. തദ്ദേശീയമായി 55000ത്തോളം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരം നല്‍കും.

മണിരത്നത്തിന്റെ സ്വപ്നചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ബാലതാരം സാറ അര്‍ജുനും വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഐശ്വര്യ റായുടെ കുട്ടിക്കാലം സാറ അവതരിപ്പിക്കും. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാകും ഐശ്വര്യയുടേത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്.

സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാനവേഷങ്ങളിലെത്തി വന്‍ജയം നേടിയ ബോളിവുഡ് റൊമാന്റിക് ത്രില്ലറായിരുന്നു സഡക്. 1991ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാം ഭാഗം ‘സഡക് 2’ ഒടിടി റിലീസ് ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സില്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ് അറിയിച്ചിരിക്കുകയാണ്.

ഓസ്ട്രിയന്‍ ബ്രാന്‍ഡായ ഹോര്‍വിന്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ വിപണിക്കായി ഇകെ3 എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോര്‍വിന്‍ ഇകെ3 എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ (ഏകദേശം 3.97 ലക്ഷം രൂപ), ഡീലക്സ് വേരിയന്റിന് 4,690 യൂറോ (ഏകദേശം 14 4.14 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments