കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളത്തിൽ യുവതിയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ചാർട്ടഡ് വിമാനത്തിൽ മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്.
രണ്ട് മാലകളാക്കിയും പാദസരത്തിൻ്റെ രൂപത്തിലും ദേഹത്ത് അണിഞ്ഞാണ് യുവതി സ്വർണം കടത്തിയത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് യുവതിയെത്തിയത്. സന്ദർശക വിസയിൽ മസ്ക്കറ്റിൽ പോയ ശേഷം മാസങ്ങളോളം വിദേശത്ത് കുടുങ്ങിക്കിടന്ന ശേഷമുള്ള മടക്കയാത്രയിലായിരുന്നു സ്വർണക്കടത്ത്.
കൊവിഡ് വ്യാപനം ശക്തമായതിനിടെ, മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതിനിടെ, മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ചെക്യാട് സ്വദേശി അബൂബക്കറിന് എതിരെയാണ് കേസെടുത്തത്. കോഴിക്കോട് വളയത്താണ് സംഭവം നടന്നത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹ ചടങ്ങിലാണ് കൊവിഡ് മാനദണ്ഡം പാലിക്കാതിരുന്നത്. ഡോക്ടർ കൂടിയായ വരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പിതാവിനെതിരെ കേസെടുത്തത്.
ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച വരെയാകും അവധിയെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വ്യക്തമാക്കി.
ജൂലൈ 29 ബുധനാഴ്ച അടയ്ക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഓഗസ്റ്റ് നാല് ചൊവ്വാഴ്ചയാണ് പിന്നീട് തുറന്നു പ്രവര്‍ത്തിക്കുക. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പുറമെ മൂന്നു ദിവസം കൂടിയാണ് ഇത്തവണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
കൊച്ചി: തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ കൊവിഡ് ബാധിച്ച് മരിച്ച കന്യാസത്രീയുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. സിസ്റ്റർ ക്ലെയറിൽ നിന്നാകാം ഇവർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി, വൃദ്ധരടക്കം 140 അന്തേവാസികൾ കരുണാലയത്തിൽ താമസിക്കുന്നുണ്ട്. കരുണാലയം ഉൾപ്പെടെ ജില്ലയിലെ വയോജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കും.
മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കത്തിലേർപ്പെട്ട ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ 18 കന്യാസ്ത്രീകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീരിച്ചിരുന്നു.
ഈ മാസം 15നാണ് എറണാകുളം കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയർ മരിച്ചത്. മരണ ശേഷം ജൂലൈ 17നാണ് ഇവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സിസ്റ്റർ ക്ലെയറിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. പനിയെ തുടർന്ന് 15ന് ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി ഒമ്പത് മണിയോടെ മരണം സംഭവിച്ചു. 73 വയസായിരുന്നു.
കോഴിക്കോട്: ജില്ലയില്‍ നിലവില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വളയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണും കണ്ടെയ്ന്‍മെന്റ് സോണാണ്.
കോഴിക്കോട്: ജില്ലയില്‍ നിലവില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വളയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണും കണ്ടെയ്ന്‍മെന്റ് സോണാണ്.
മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായ പഞ്ചായത്തുകള്‍
- പുറമേരി
- ഏറാമല
- എടച്ചേരി
- നാദാപുരം
- തൂണേരി
- മണിയൂര്‍
- വില്യാപ്പള്ളി
- പെരുമണ്ണ
- അഴിയൂര്‍
- വാണിമേല്‍
- ചെക്യാട്
വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകള്‍
- പുതുപ്പാടി ഗ്രാമപഞ്ചായത്ത് അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21)
- മൂടാടി ചിങ്ങപുരം (5)
- ഒളവണ്ണ ഗ്രാമപഞ്ചായത്ത് പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4)
- വേളം കൂളിക്കുന്ന് (8)
- വളയം ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍
- ചോറോട് വൈക്കിലശ്ശേരി (7)
- ചെങ്ങോട്ട്കാവ് മാടക്കര (17)
- മൂടാടി വീരവഞ്ചേരി (4)
- പേരാമ്പ്ര ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)
- തലക്കുളത്തൂര്‍ ചിറവക്കില്‍ (16)
- ചങ്ങരോത്ത് പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)
- പെരുവയല്‍ പൂവാട്ടുപറമ്പ് ഈസ്റ്റ് (11)
കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവ സ്ഥലം, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍
കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74).
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്.
സ്വർണ്ണക്കടത്ത് കേസിന്റെ ഗൂഢാലോചനയിലും കള്ളക്കടത്തിലും തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്ത സംജു.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ ഗൂഢാലോചനയിലും കള്ളക്കടത്തിലും തനിക്ക് പങ്കില്ലെന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്ത സംജു. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റമീസിന് നേരത്തെ പണം കടം കൊടുത്തിരുന്നുവെന്നും അത് തിരികെ ചോദിച്ചപ്പോൾ തന്നത് സ്വർണമായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
“വിദേശത്തു നിന്നും വന്നതാണെന്ന് അറിയാതെയാണ് സ്വർണം വാങ്ങിയത്. സ്വർണത്തിൽ വിദേശ മുദ്രയൊന്നും ഉണ്ടായിരുന്നില്ല. ഗൂഢാലോചനയിലോ, കള്ളക്കടത്തിലോ പങ്കില്ല. കേസിൽ അറസ്റ്റിലായ എല്ലാവരുടെയും റിമാൻഡ് റിപ്പോർട്ട് ഒരുപോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് റമീസിന് പണം കടം കൊടുത്തിരുന്നു. അത് തിരികെ ചോദിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കുറച്ച് സ്വർണം തരാമെന്നും പറഞ്ഞു. സ്വർണ്ണം വിറ്റ് പണം എടുക്കാനാണ് പറഞ്ഞത് എന്നുമായിരുന്നു സംജുവിന്റെ വാദം.
മുഹമ്മദ് ഷാഫിക്ക് 50 ലക്ഷം രൂപ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഹംജത് അലിയുടെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. സ്വർണം വാങ്ങുകയോ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ് ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിൽ കസ്റ്റംസ് വിഭാഗം റെയ്‌ഡ് നടത്തുന്നു.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിൽ കസ്റ്റംസ് വിഭാഗം റെയ്‌ഡ് നടത്തുന്നു. ഇദ്ദേഹത്തിന്റെ തുമ്പയിലെ കുടുംബ വീട്ടിൽ നിന്നും ജയഘോഷിനെ കസ്റ്റംസ് സംഘം വട്ടിയൂർക്കാവിലെത്തിച്ചു. അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി.
മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിൽ ആയത്. കസ്റ്റംസ് അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി പ്രതിയെ ആഗസ്റ്റ് അഞ്ച് വരെ റിമാൻഡ് ചെയ്തു. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടി. എൻഐഎ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ് ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.
ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
തിരുവനന്തപുരം: ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബോര്‍ഡ് തീരുമാനം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ദേവസ്വ ബോര്‍ഡ് ക്ഷേത്രങ്ങള്‍ തുറന്നിരിക്കുന്ന സമയങ്ങളില്‍ ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താന്‍ അനുവാദം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ജൂൺ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 30 ന് ശേഷവും ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത് ബോര്‍ഡിന്‍റെ തീരുമാനം. അതേസമയം, നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണവും ഉണ്ടായിരുന്നില്ല. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രങ്ങളിലെ ബലിതർപ്പണം ഒഴിവാക്കിയത്.
ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ സമിതിയെ പുനസംഘടിപ്പിച്ചു.
ലഖ്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ സമിതിയെ പുനസംഘടിപ്പിച്ചു. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി ബിഎസ് ചൗഹാനെ അന്വേഷണ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശികാന്ത് അഗർവാൾ, ഉത്തർപ്രദേശ് പൊലീസ് മുൻ മേധാവി കെഎൽ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി യു.പി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസംഘടിപ്പിക്കാൻ യു.പി. സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് റിട്ട ജഡ്ജിയെയും മുൻ ഡിജിപിയെയും സമിതിയിൽ ഉൾപ്പെടുത്തിയത്. ഒരാഴ്‌ചക്കുള്ളിൽ കമ്മീഷൻ അന്വേഷണം ആരംഭിക്കണം. രണ്ട് മാസത്തിനകം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി ഉത്തരവിട്ടിരുന്നു. 65 കേസുകളിൽ പ്രതിയായിരുന്ന ദുബെക്ക് പല കേസുകളിലും എങ്ങിനെയാണ് ജാമ്യം കിട്ടിയതെന്നും കമ്മീഷൻ അന്വേഷിക്കും.
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്.
ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു. ഗാസിയാബാദിലാണ് 35കാരനായ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാംരാജ് വാഗ്ദാനം ചെയ്ത രാമരാജ്യത്തിന് പകരം ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തുടര്‍ന്നാണ് മായാവതി വിമര്‍ശനവുമായി എത്തിയത്. വിക്രം ജോഷിയുടെ കുടുംബത്തിന് മായാവതി അനുശോചനമറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല. നിയമത്തേക്കാള്‍ ജംഗിള്‍ രാജാണ് ഇവിടെ നടക്കുന്നത്-മായാവതി ട്വീറ്റ് ചെയ്തു. കോറോണവൈറസിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ വൈറസാണ് ഉത്തര്‍പ്രദേശിനെ ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗാസിയാബാദില്‍ മക്കളുടെ മുന്നില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.
ആന്ധ്രാപ്രദേശില്‍ എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ദളിത് യുവാവിന്റെ തലയും മീശയും വടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ദളിത് യുവാവിന്റെ തലയും മീശയും വടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലൊന്നില്‍ ക്രൂരത നടന്നത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തില്‍ അപലപിച്ച ഡിജിപി ഗൗതം സവാങ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണത്തിന് ഇരയായ വെടുല്ലപ്പള്ളി ഗ്രാമത്തിലെ ഐ വാര പ്രസാദിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അമ്മയുടെ മുന്നില്‍ വച്ചാണ് പ്രസാദിനെ അപമാനിച്ചത്. നാട്ടില്‍ ഒരാളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരു മണല്‍ വണ്ടി തടഞ്ഞതുമുതലാണ് സംഭവത്തിന്റെ ആരംഭമെന്ന് പ്രസാദ് പറഞ്ഞു. ഇതിന് പിന്നാലെ പ്രദേശത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അയാളുടെ കാറുകൊണ്ട് തന്നെ ഇടിച്ചു. ഇതോടെ വൈഎസ്ആര്‍സിപി എംഎല്‍എ ഇടപെടുകയായിരുന്നു.
പ്രസാദിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് എംഎല്‍എ പൊലീസ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. ട്രെയിനിംഗിലിരിക്കുന്ന എസ്‌ഐയോട് ജോലി സ്ഥിരപ്പെടുത്തി നല്‍കാം എന്നും എംഎല്‍എ വാഗ്ദാനം ചെയ്തു. ”തുടര്‍ന്ന് രണ്ട് പൊലീസുകാരും എസ്‌ഐയും ചേര്‍ന്ന് ഞങ്ങളുടെ ഗ്രാമത്തിലെത്തുകയും അന്വേഷണത്തിനെന്ന പേരില്‍ എന്നെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബെല്‍റ്റ് ഉപയോഗിച്ച് എന്നെ തല്ലി, മര്‍ദ്ദിച്ചു. ഒരു ബാര്‍ബറെ വിളിച്ച് വരുത്തുകയും എന്റെ തല മുണ്ഡനം ചെയ്യുകയും മീശ വടിക്കുകയും ചെയ്തു. അരുതെന്ന് ഞാന്‍ അപേക്ഷിച്ചിട്ടും അവര്‍ കേട്ടില്ല” പ്രസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം എസ്‌ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് ഡിഐജി കെ വി മോഹന്‍ റാവു അറിയിച്ചു. സംഭവത്തെ അപലപിച്ച് ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍ ജംഗിള്‍ രാജ് തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വിഷമത്തിൽ യുവാവ് ജീവനൊടുക്കി.
അഗർത്തല ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തൃപുര ഗൗതം നഗർ സ്വദേശി പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാളുടെ മരണ വാർത്ത അറിഞ്ഞ ഭാര്യ സുപ്രിയ ദാസ് (23) ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സുപ്രിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനായി കാത്തിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് സങ്കടത്തിലായ പ്രാൺ, ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുകയും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭർത്തൃവീട്ടിലെ മാനസിക പീഡനങ്ങൾ കൊണ്ട് തകർന്നിരുന്ന സുപ്രിയയ്ക്ക് ഭർത്താവിന്‍റെ മരണവാർത്ത കൂടി താങ്ങാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാൺ മരിച്ച വിവരം അറിഞ്ഞ് കുറച്ച് സമയങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് സുപ്രിയയും മരണത്തിന് കീഴടങ്ങി. പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ അമ്മായി അമ്മ നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.
ദില്ലി: ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ ഗുണ്ടാരാജാണ് നടക്കുന്നത്. രാമരാജ്യമാണ് യോഗി ആദിത്യനാഥ് സർക്കാർ വാഗ്ദാനം ചെയ്തത്, എന്നാൽ നൽകിയത് ഗുണ്ടാരാജാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഗാസിയാബാദിൽ അക്രമി സംഘത്തിൻ്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ വിക്രം ജോഷി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടർന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മർദ്ദിച്ചു. തുടർന്ന് കാറിനോട് ചേർത്ത് വച്ച് തലയ്ക്ക് വെടിവച്ചു. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടികൾ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല. ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് പേരെ യുപി പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർ ഉൾപ്പടെ ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി യുപി പൊലീസ് അറിയിച്ചു.
ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം എഴുപതിനായിരം കടന്നു.
മസ്കറ്റ്
ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം എഴുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്1660 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി ഉയര്‍ന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1364 പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 47922 കൊവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
അതേസമയം ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് 12 പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ മരണസംഖ്യ 349 ആയി ഉയര്‍ന്നു. ഇതില്‍ 202 ഒമാന്‍ സ്വദേശികളും147 വിദേശികളുമാണുള്ളത്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊവിഡ് മൂലം 20 മലയാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ള 72കാരനായ ഒമാന്‍ സ്വദേശി ഏപ്രില്‍ ഒന്നിന് മരിച്ചതായിരുന്നു ഒമാനിലെ ആദ്യ കൊവിഡ് മരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത്; നാലുപേര്‍ അറസ്റ്റില്‍
മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗം അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് 126 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. പ്രതിയുമായി ബന്ധമുള്ള ഏഷ്യന്‍ വംശജയായ സ്ത്രീയെയും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മയക്കുമരുന്ന് കൈവശം സൂക്ഷിച്ച രണ്ട് ഏഷ്യക്കാരെ വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങളറിയുന്നവര്‍ 1444 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
വ്യോമസേന കമാന്‍ഡര്‍മാരുടെ സമ്മേളനം തുടങ്ങി: റഫാല്‍ വിമാനങ്ങളുടെ സ്ഥാനം നിശ്ചയിക്കും
ദില്ലി: വ്യോമസേനയിലെ ഉന്നത തല കമാന്റര്‍മാരുടെ സമ്മേളനം ദില്ലിയില്‍ തുടങ്ങി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മൂന്ന് ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ വ്യോമസേന രാജ്യത്തിന് നല്‍കിയ സേവനം പ്രശംസനീയമാണെന്ന് രാജ്‍നാഥ് സിംഗ് പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്താലത്തില്‍ സംസ്ഥാനങ്ങളിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കുന്നതില്‍ വ്യോമസേന വലിയ പങ്ക് വഹിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിലയിരുത്തലാണ് സമ്മേളനത്തില്‍ പ്രധാനമായും നടക്കുക.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക യുദ്ധവിമാനമായ റഫാലിന്റെ ആദ്യ ബാച്ച് ജൂലൈ – 29 ന് ഇന്ത്യയിലെത്തുന്നുണ്ട്. ഇവ എവിടെ വിന്യസിക്കണം എന്നതിലും സമ്മേളനത്തില്‍ തീരുമാനമുണ്ടായേക്കും. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളും ചര്‍ച്ചയാകും.
പ്രവാസികള്‍ തിരിച്ചു പോകുമ്ബോള്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ ലാബുകള്‍ കൊള്ള ലാഭം നേടാനുള്ള അവസരമായി അതിനെ മാറ്റിയെന്ന് മുസ്ലിം യൂത്ത് ലീഗ്
തളങ്കര: ( 22.07.2020) വിദേശത്തു നിന്ന് വന്ന പ്രവാസികള്‍ തിരിച്ചു പോകുമ്ബോള്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ ലാബുകള്‍ കൊള്ള ലാഭം നേടാനുള്ള അവസരമായി അതിനെ മാറ്റിയെന്ന് മുസ്ലിം യൂത്ത് ലീഗ് ഖാസിലൈന്‍ -പള്ളിക്കാല്‍ ശാഖ കമ്മിറ്റി ആരോപിച്ചു. പല ലാബുകളും പല തരത്തിലുള്ള ഫീസാണ് കോവിഡ് ടെസ്റ്റിന് പ്രവാസികളില്‍ നിന്നും ഈടാക്കുന്നത്. കോവിഡ് ടെസ്റ്റിന് 2,500 രൂപ മുതല്‍ 5,000 രൂപ വരെ വാങ്ങുന്ന ലാബുകള്‍ കാസര്‍കോട്ടുണ്ട്. അമിത ഫീസ് വാങ്ങുന്ന ലാബുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ടെസ്റ്റ് ഫീസ് ഏകീകരണത്തിന് നേതൃത്വം കൊടുക്കണം. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ലാബുകളില്‍ സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ടെസ്റ്റ് സൗകര്യം ചെയ്തു കൊടുക്കാന്‍ മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കി. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശിഹാബ് ഊദ് പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം ഖാസിയാരകം, മനാഫ് ഊദ്, യാസര്‍ സിറാമിക്സ് റോഡ്, ഹംസ അങ്കോല, ഇംത്യാസ് പി എം, സബീര്‍ കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ഇംത്യാസ് എന്‍ എ സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.
പൊന്നാനിയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസ് വഴി യോഗം ചേര്‍ന്നു
മലപ്പുറം ;പൊന്നാനിയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസ് വഴി യോഗം ചേര്‍ന്നു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സജ്ജീകരണങ്ങളും ജീവനക്കാരെയും ഉറപ്പു വരുത്തും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പട്ടാമ്ബിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടക്കും. ലോക്ക് ഡൗണ്‍ കാലാവധി 23 ന് തീരുന്നതിനു മുമ്ബ് തുടര്‍ നടപടികള്‍ക്കായി ഗൈഡ് ലൈന്‍ തയ്യാറാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി.
കടല്‍ക്ഷോഭത്തില്‍ വീടുകളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാത്തവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കാനും ആവശ്യമായ സൗകര്യങ്ങളൊരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ക്വാറന്റൈയിനില്‍ കഴിയുന്നവരുണ്‍െങ്കില്‍ അവര്‍ക്ക് പ്രത്യേകം ഷെല്‍ട്ടറുകള്‍ ഒരുക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
വെളിയങ്കോട് കിഴക്ക്പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അടച്ചത് പുന:പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അക്ഷയ സെന്ററുകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കും. തീരദേശ സൗജന്യ റേഷന്‍ പൊന്നാനി നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും നല്‍കാനും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡി.വൈ.എസ്.പി സുരേഷ് ബാബു, നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്ബടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.പി മോഹന്‍ദാസ്, തഹസില്‍ദാര്‍ വിജയന്‍, താലൂക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്‍് ഡോ. ഷാജ് കുമാര്‍, താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍, പി എച്ച് സി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഈ രണ്ട് കൗണ്‍സിലര്‍മാരും. ഇവര്‍ക്ക് നിരവധി പേരുമായി സമ്ബര്‍ക്കമുണ്ടെന്നാണ് വിവരം. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ ഫലം പുറത്തുവരാനുണ്ട്.
കൗണ്‍സിലര്‍മാരുമായി സമ്ബര്‍ക്കത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്ക് അടക്കം കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു.
തിരുവനന്തപുരം: കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈ മാസം പതിനാലിന് ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. മൂന്ന് ദിവസം മുമ്ബാണ് അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.
ഇതേ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ സര്‍വീസിന് പോയിരുന്നു. അതേസമയം കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയേറുകയാണ്.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സമൂഹവ്യാപന ഭീതിയും ഉയര്‍ത്തുന്നുണ്ട്.
തൃശൂര്‍; കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍.
തൃശൂര്‍; കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും യാത്രകളും കച്ചവടങ്ങളും നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ റൂറല്‍, ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗ വ്യാപന പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ അയ്യന്തോള്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കണ്ടയിന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കൃത്യമായി പരിശോധിക്കും. ശക്തന്‍ മാര്‍ക്കറ്റിലെയും മത്സ്യമാര്‍ക്കറ്റിലെയും സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
തെരുവിലലയുന്നവരെ ബില്‍ഡിങ് അസോസിയേഷന്റെ സഹായത്തോടെ വിവിധ സെന്ററുകളില്‍ പാര്‍പ്പിക്കുകയും അവരുടെ തൊഴിലിനുളള സാധ്യതകള്‍ തേടുകയും ചെയ്യും.
പുറമേ നിന്ന് കൊണ്ടുവന്നുള്ള മത്സ്യ കച്ചവടം ഒരാഴ്ച താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. തീരമേഖലയിലുള്ള അതിഥിതൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. തീരപ്രദേശങ്ങളില്‍ പുറമേ നിന്നുള്ള യാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ക്കറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കച്ചവടക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങള്‍ അനുവദിക്കും. മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമാക്കി. അനധികൃത വില്‍പനക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ഞായറാഴ്ചകളില്‍ കടകള്‍ പൂര്‍ണമായി അടച്ചിടും. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ മിന്നല്‍ പരിശോധന ടീമിനെ ചുമതലപ്പെടുത്തി.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പാനല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് ലഭ്യത ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി.
ചീഫ് വിപ്പ് കെ. രാജന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ, റൂറല്‍ എസ് പി ആര്‍. വിശ്വനാഥ്, ഡിഎംഒ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.