ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വിരമിക്കല്‍ സൂചനയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. തോല്‍വി തന്നെ തകര്‍ത്തുകളഞ്ഞെന്നും ദേശീയ ടീമില്‍ ഇനി കളിക്കുമോ എന്ന് ഉറപ്പില്ലെന്നും നെയ്മര്‍ പറഞ്ഞതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
”ഒരുപാട് സങ്കടമുണ്ട്. ഇതൊക്കെ സഹിക്കുകയെന്നത് വിഷമകരമാണ്. ഒരു ദുസ്വപ്നം പോലെ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാനാവുന്നില്ല. ദേശീയ ടീമിനെപ്പറ്റിയും എനിക്കെന്താണ് വേണ്ടത് എന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ദേശീയ ടീമിന്റെ വാതിലുകള്‍ അടയ്ക്കുന്നില്ല. പക്ഷേ, തിരികെവരുമെന്ന് 100 ശതമാനം ഉറപ്പിച്ചുപറയാന്‍ എനിക്കാവില്ല.”- നെയ്മര്‍ വ്യക്തമാക്കി.
തോല്‍വിക്ക് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നെയ്മര്‍ വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവച്ചിരുന്നു. ”ഞാന്‍ മാനസികമായി തകര്‍ന്നു. ഈ തോല്‍വി എന്നെ വല്ലാതെ നോവിക്കുന്നു. അത് 10 മിനിട്ടോളം എന്നെ മരവിപ്പിച്ചു. ശേഷം ഞാന്‍ ഒരുപാട് കരഞ്ഞു. ഇതെന്നെ ഏറെക്കാലം നോവിയ്ക്കും. ഞങ്ങള്‍ അവസാനം വരെ പൊരുതി. എന്റെ ടീം അംഗങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ബ്രസീല്‍ ലോകകപ്പ് അര്‍ഹിച്ചിരുന്നു. പക്ഷേ, അത് ദൈവത്തിന്റെ തീരുമാനത്തില്‍ ഉണ്ടായിരുന്നില്ല.”- നെയ്മര്‍ കുറിച്ചു.
ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (42) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോള്‍രഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.