ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് പാക് ബന്ധമെന്ന് എന്‍ഐഎ. പാകിസ്ഥാനില്‍ നിന്നുള്ള രണ്ടുപേരാണ് കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ഏജന്‍സിക്കു ലഭിച്ചു. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് ഇവര്‍ നിര്‍ദ്ദേശിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ട
കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള സല്‍മാന്‍ ഹൈദര്‍, അബു ഇബ്രാഹിം എന്നിവര്‍ കൊലപാതകം നടത്താനായി നിര്‍ദേശം നല്‍കുകയായിരുന്നു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് സല്‍മാന്‍ ഭായ് പ്രതികളില്‍ ഒരാള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂര്‍ കേസിന് ബന്ധമുള്ളതായാണ് ഏജന്‍സിയുടെ നിഗമനം.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ച നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ കടയില്‍ കയറി കനയ്യലാലിനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.