വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയുടെ ജയം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി നിഖത് മാറി.
ഏകപക്ഷീയമായ മത്സരത്തിൽ തായ്‌ലൻഡിന്റെ ബോക്‌സർ ജിത്‌പോങ് ജുതാമസിനെ 5-0ന് പരാജയപ്പെടുത്തിയാണ് 25-കാരിയായ നിഖാത് സ്വർണം നേടിയത്. സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ തോൽപ്പിച്ചാണ് നിഖാത് സരീൻ ഫൈനലിലെത്തിയത്. ആറ് തവണ ലോക ചാമ്പ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ബോക്സർമാർ.
സ്ഥിരതയാർന്ന പ്രകടനമാണ് നിഖാത് സരീൻ കാഴ്ചവയ്ക്കുന്നത്. 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നിഖത് നേടിയിരുന്നു. സ്ട്രാൻഡ്ജ മെമ്മോറിയലിൽ അടുത്തിടെ മെഡൽ നേടിയ നിഖത് സരീൻ ഇവിടെ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി.