ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രം നൽകുന്നത് ശരിയായ നടപടിയല്ലെന്ന് നടി നിഖില വിമൽ. പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ലയെന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നും നിഖില പറയുന്നു. തന്റെ പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രമോഷനിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ടൊരു സെഗ്മെന്റിനിടെ, ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? എന്നായിരുന്നു അവതാരകന്റെ ചോദ്യം. കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന് പിന്നീട് അവതാരകൻ തന്നെ മറുപടിയും നൽകി. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ല എന്നുമായിരുന്നു നിഖിലയുടെ മറുപടി.
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്,” നിഖില കൂട്ടിച്ചേർത്തു. എന്തായാലും നിഖിലയുടെ മറുപടി ഇതിനകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.