കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്‌സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
മഹിലാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാങ്ങാനംകുഴി എന്ന സ്ഥലത്താണ് ഷെല്‍ട്ടര്‍ ഹോം സ്ഥിതി ചെയ്യുന്നത്. ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത്.
പോക്‌സോ കേസ് ഇരകള്‍, ലഹരിമരുന്ന് കേസിലെ ഇരകളായ പെണ്‍കുട്ടികള്‍, കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന കുട്ടികള്‍ തുടങ്ങിയവരെയാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചു വന്നിരുന്നത്. രാവിലെ അഞ്ചരയ്ക്ക് ജീവനക്കാര്‍ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികളെ കാണാതായ കാര്യം അറിയുന്നത്.