കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കലക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു.
സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണ് .അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളത് ,അതില്‍ത്തന്നെ രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട്ടു ആരംഭിച്ചു. കൂടാതെ മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട് .കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്-നിപ മരണവുമായി ആദ്യ അവലോകന വിവരങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു
നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള എല്ലാവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. ഉറവിടം കണ്ടെത്താനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കത്തില്‍ വന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി സഞ്ചരിച്ച സ്ഥലങ്ങള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തി. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളില്‍ ആദ്യം കാണിച്ചെങ്കിലും രോഗം ഗുരതരമായതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കല്‍ കോളജില്‍ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റര്‍ ലഭ്യതയുടെ പ്രശ്‌നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു.ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബില്‍ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.