മൂന്നാം സാമ്പത്തിക ഉത്തേജക പാക്കേജ് വെറും ദീപാവലി വെടിക്കെട്ട് മാത്രം.

0
89

കോവിഡ് മഹാമാരി രൂക്ഷമാക്കിയ ഇന്ത്യന്‍ സമ്പദ്‌ഘടനയിലെ വൈരുധ്യങ്ങൾ അനാവരണം ചെയ്യുന്നവയായി വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്റെ മൂന്നാം ഉത്തേജ പാക്കേജും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട “നൗകാസ്റ്റ്’ റിപ്പോര്‍ട്ടും. 2,65,080 കോടി രൂപയുടെ സാമ്പത്തിക സമാശ്വാസ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അതുള്‍പ്പെടെ മൂന്നു ഘട്ടങ്ങളിലായി ആകെ 29,87,641 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അവ സമ്പദ്‌ഘടനയില്‍ പ്രകടമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും കാരണമാകുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ സര്‍ക്കാരും ആര്‍ബിഐയും നാളിതുവരെ കൈക്കൊണ്ട നടപടികള്‍ക്കൊന്നും സമ്പദ്‌ഘടനയില്‍ അനുകൂലമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ലെന്നാണ് കേന്ദ്ര ബാങ്കിന്റെ നൗകാസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്ഘടന 23.8 ശതമാനം കണ്ട് ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ സമ്പദ്ഘടന വീണ്ടും 8.6 ശതമാനം കണ്ട് ചുരുങ്ങി. സൂക്ഷ്മമായ പരിശോധനയില്‍ കഴിഞ്ഞ ആറുമാസംകൊണ്ട് സമ്പദ്ഘടന യഥാര്‍ത്ഥത്തില്‍ 69.65 ശതമാനമായി ചുരുങ്ങിയെന്നുവേണം മനസിലാക്കാന്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം പ്രവേശിച്ചിരിക്കുന്നതെന്നാണ് ആര്‍ബിഐ നൗകാസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം മോഡി സര്‍ക്കാരിന്റെ മൂന്നാം ഉത്തേജക പാക്കേജും ധനമന്ത്രിയുടെ അവകാശവാദങ്ങളും പരിശോധിക്കപ്പെടാന്‍.

മൂന്ന് പാക്കേജുകളിലായി മൊത്തം ദേശീയ വരുമാന (ജിഡിപി)ത്തിന്റെ 15 ശതമാനം കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതായാണ് ധനമന്ത്രിയുടെ അവകാശവാദം. ആദ്യ രണ്ട് പാക്കേജുകളിലായി പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ ഒന്നുംതന്നെ ഫലം കണ്ടില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഫലത്തില്‍ മൂന്നാം പാക്കേജിന് മോഡി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

പുതിയ തൊഴില്‍ സൃഷ്ടിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത് റോസ്‌ഗാര്‍ യോജന’ തൊഴില്‍ദായകര്‍ക്ക് രേഖകളില്‍ കൃത്രിമം കാണിച്ച് കൊള്ള നടത്താനുള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരം തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴില്‍ദാതാവും തൊഴിലാളിയും അടയ്ക്കേണ്ട തുക സര്‍ക്കാര്‍ നല്കുമെന്നാണ് വിഭാവനം ചെയ്യുന്നത്. തൊഴിലാളി വിരുദ്ധമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അവരുടെ അവകാശസംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ തന്നെ ദുര്‍ബലമാക്കുകയോ നിരാകരിക്കുകയോ ചെയ്ത പശ്ചാത്തലത്തില്‍ വേണം പദ്ധതി വിലയിരുത്തപ്പെടേണ്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം തൊഴില്‍ സംബന്ധിച്ച വ്യാജ കണക്കുകള്‍ സൃഷ്ടിക്കുക മാത്രമായിരിക്കും പദ്ധതി ലക്ഷ്യം.

ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി മൂന്നാം ഉത്തേജക പാക്കേജില്‍ 10,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാര്യക്ഷമമായി നടപ്പാക്കാനായാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജനവഴി കുറെ താല്ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായേക്കും. എന്നാല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപോലെ നിയമാനുസൃതം നിശ്ചിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന പദ്ധതികളെ അവഗണിച്ച് ‘ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന’ തന്ത്രമാണ് ധനമന്ത്രി പ്രയോഗിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ സമ്പദ്ഘടനയെ ഏതാണ്ട് തകര്‍ത്ത നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവ സൃഷ്ടിച്ച പ്രത്യാഘാതങ്ങള മറികടക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള യാതൊരു നടപടിക്കും മോഡി സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല.

അത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും അവയെ നിഷേധിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. മഹാമാരിയും അതിന്റെ പ്രതിവിധിയെന്നോണം അവതരിപ്പിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കാനെ സഹായിക്കൂ. കപട ദേശീയതയുടെയും തീവ്രവര്‍ഗീയതയുടെയും പിന്‍ബലത്തില്‍ ആധികാരം നിലനിര്‍ത്താന്‍ ഉതകുന്ന കപടനാടകമാണ് ഉത്തേജക പാക്കേജിന്റെ യാഥാര്‍ത്ഥ ഉള്ളടക്കം.

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനും വളര്‍ച്ച ഉറപ്പുവരുത്താനും മുതലാളിത്ത സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന നടപടികള്‍ക്കുപോലും മോഡി സര്‍ക്കാര്‍ വിസമ്മതിക്കുന്നു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമാനുസൃതം നടത്തേണ്ട നിയമനങ്ങള്‍ നടത്തിയാല്‍തന്നെ ദശലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്താനുള്ള ഫലപ്രദമായ നടപടികളുടെ അഭാവത്തില്‍ നടത്തുന്ന സാമ്പത്തിക ഉത്തേജക പ്രഖ്യാപനങ്ങള്‍ക്ക് ദീപാവലി വെടിക്കെട്ടിന്റെ നൈമിഷികത മാത്രമേ ഉണ്ടായിരിക്കൂ.

Leave a Reply