സ്റ്റീഫനെ നിര്‍മ്മല വെട്ടുമോ? കടുത്തുരുത്തിക്കായി നിര്‍മലാ ജിമ്മിയും സഖറിയാസ് കുതിരവേലിയും

0
21

കോട്ടയം: കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍  പ്രിസ്റ്റീജ് മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന സീറ്റുകളിലൊന്നാണ് കടുത്തുരുത്തി. ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാവും വിജയിക്കുകയെന്നതു പ്രവചനാതീതം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി നിലവിലെ എംഎല്‍എ മോന്‍സ് ജോസഫ് വരുമെന്ന് ഉറപ്പായി. എതിരാളിയായി മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജിന്റെ പേരാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്.  എന്നാല്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ ചില അണിയറ നീക്കങ്ങളും വെട്ടിത്തിരുത്തലുകളും നടക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.  ഇതില്‍ പ്രധാനപ്പെട്ട ഒരുവാര്‍ത്തയാണ് കടുത്തുരുത്തിയിലേക്ക് ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിര്‍മലാ ജിമ്മിയുടെ ബന്ധുവും കത്തോലിക്കാ സഭയിലെ പ്രധാനിയുമായ ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ചരടുവലികള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ജോസ് കെ മാണിയും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ സ്ഥാനാര്‍ഥി ഉണ്ടാവണമെന്ന നിര്‍ദേശം എല്‍ഡിഎഫ് നല്കിയിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണച്ചാണ് നിര്‍മലാ ജിമ്മിയുടെ പേര് കടുത്തുരുത്തി സീറ്റില്‍ സജീവ ചര്‍ച്ചയിലുള്ളത്. ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍മ്മലയ്ക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യതയുമേറെയാണ്. കൂടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയുടെ പേരും ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇതോടെ സ്റ്റീഫന്‍ ജോര്‍ജിന്റെ കാര്യത്തില്‍ ആശങ്കയും ഉടലെടുത്തുകഴിഞ്ഞു.

Leave a Reply