‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

0
24

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിനുു തീരുമാനമെടുത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്. 

ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു – ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നത്. മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.

ബിഹാറിലെ 243 അംഗ നിയമസഭയില്‍ 79 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 45 സീറ്റുകളാണുള്ളത്. ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

Leave a Reply