കൊച്ചി: വധഗൂഢാലോചന കേസ് സിബിഐയ്ക്കു വിടണമെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേസിലെ പ്രതികള്‍ക്കു നിശ്ചയിക്കാനാവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു. എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐയ്ക്കു വിടണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം.
നിഷ്പക്ഷമായ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കും പരാതിയില്ല. പരമാവധി വസ്തുതകള്‍ സമാഹരിച്ച്, തുറന്ന മനസ്സോടെയുള്ള അന്വേഷണമാണ് നടത്തുന്നത്. നിയമാനുസൃതമുള്ള കാര്യങ്ങള്‍ മാത്രമാണ് പിന്തുടരുന്നത്. ഇക്കാര്യം പ്രതികള്‍ക്ക് ഉറപ്പുനല്‍കുന്നതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞയാളാണ് ദിലീപ് എന്ന പ്രോസിക്യൂഷന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏഴ് മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതില്‍ ആറു ഫോണുകളാണ് കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയത്. ഹാജരാക്കിയവയില്‍നിന്നു തന്നെ വന്‍തോതില്‍ വിവരങ്ങള്‍ മായ്ചുകളഞ്ഞിരുന്നു. ഒരു ഫോണില്‍നിന്ന് 32 കോണ്‍ടാക്റ്റുകള്‍ മായ്ചുകളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ തെളിവു നശിപ്പിക്കലാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
മായ്ചുകളഞ്ഞ വിവരങ്ങള്‍ തെളിവുകള്‍ ആവണമെന്നു നിര്‍ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍, കോടതി ഉത്തരവിനു ശേഷവും ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാമോയെന്ന് പ്രോസിക്യൂഷന്‍ ആരാഞ്ഞു. അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി.
സാധാരണ ഗൂഢാലോചന കേസില്‍ നിന്നു വ്യത്യസ്തമായി ഈ കേസില്‍ കൃത്യമായ ദൃക്‌സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷന്‍ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തി. അതു നടപ്പാക്കിയില്ലെന്നതു ശരിയാണ്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ 2013ല്‍ നടത്തിയ ഗൂഢാലോചന 2017ലാണ് നടപ്പാക്കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആ പാറ്റേണ്‍ തന്നെയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.