Pravasimalayaly

ലഹിമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ

ലഹിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യന്‍ഖാന്‍ കൈവശം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങള്‍ക്കകം എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആര്യന്‍ ഖാന്‍ എന്ന വാദം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവില്ല. ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്.

ആര്യന്‍ ഖാന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. എന്‍സിബി ചട്ടം അനുസരിച്ച് റെയ്ഡ് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. എന്നാല്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡില്‍ അതുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മുംബൈ സോണല്‍ യൂണിറ്റ് ഡയറക്ടറായിരുന്ന സമീര്‍ വാഖഡെയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version