അഞ്ച് പാര്‍ട്ടികളില്‍ മാറി മാറി നടന്ന  ഭിക്ഷാംദേഹിയുടെ ഉപദേശം പ്രതിപക്ഷ നേതാവിന് വേണ്ട; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല

0
219

കൊച്ചി:കേന്ദ്രത്തിലെ സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന ഉപദേശമാണ് പ്രതിപക്ഷ നേതാവിന് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ജീവശ്വാസം നിലയ്ക്കുന്നത് വരെ കോണ്‍ഗ്രസുകാരനായിരിക്കും. മഹാത്മാ ഗാന്ധിയും നെഹ്‌റുവും തുടങ്ങി കോണ്‍ഗ്രസിന്റെ പല കാലത്തുമുള്ള നേതാക്കളുടെ നല്ല വശങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നയാളാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം കേള്‍ക്കാന്‍ എനിക്ക് മടിയില്ല. പക്ഷേ ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല. ഗവര്‍ണര്‍ ആകുന്നതിന് മുന്‍പ് ഒരു ഭിക്ഷാംദേഹിയെ പോലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ മാറി മാറി നടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഒരു രാഷ്ട്രീയ സ്ഥിരതയുമില്ലാത്ത, പ്രവര്‍ത്തിച്ച പാര്‍ട്ടികളോട് കൂറില്ലാത്ത ഒരാളുടെ ഉപദേശം കേട്ടുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്ന പ്രശ്‌നമില്ല. എല്ലാ സ്ഥാനവും നഷ്ട്ടപ്പെട്ട് വെറുതെ നടന്നാലും ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളുടെ ഉപദേശം കേള്‍ക്കില്ല. കാര്യസാധ്യത്തിന് വേണ്ടി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം പ്രതിപക്ഷത്തിന് വേണ്ട. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. ഗവര്‍ണര്‍ ഇങ്ങനെ പോയാല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പണിയില്ലാതാക്കും. കാരണം സംഘപരിവാര്‍ നേതാക്കള്‍ ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല. ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഗവര്‍ണറോട് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളും കേരളത്തിലെ സി.പി.എം നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. ഇവരും ഇവര്‍ക്കിടയിലുള്ള ഇടനിലക്കാരും ചേര്‍ന്നാണ് കേരളത്തെ അപമാനിക്കുന്ന ഈ നാടകം കഴിഞ്ഞ കുറേക്കാലമായി നടത്തുന്നത്. ആദ്യം കണ്ണൂര്‍ വി.സി നിയമനത്തില്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിന് ഗവര്‍ണര്‍ കൂട്ടു നിന്നു. രണ്ടാമതായി ലോകായുക്ത ഭേഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ഇപ്പോള്‍ നയപ്രഖ്യാപനം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടിച്ചു. ഭരണഘടനാ വിരുദ്ധമായ ഒരു തീരുമാനം ഗവര്‍ണര്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ അതിന് വഴങ്ങി. ഗവര്‍ണറെന്ന നിലയില്‍ നിങ്ങള്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്താന്‍ ബാധ്യതയുള്ള ആളാണെന്നു പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഇല്ലാതെ പോയി. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ തയാറല്ല. അതുകൊണ്ടാണ് ഗവര്‍ണറുടെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സന്ധി ചെയ്യുന്നത്. നിയമസഭ പാസാക്കിയ കണ്ണൂര്‍ സര്‍വകലാശാല നിയമത്തെ നോക്കുകുത്തായാക്കി സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം നല്‍കി. പിന്നീട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തെറ്റു പറ്റിയെന്നു പറഞ്ഞു. എന്നാല്‍ വി.സിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ പുറത്താക്കാന്‍ തയാറാകുകയോ ചെയ്തില്ല. നിയമസഭ കൂടുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓര്‍ഡിന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കാതെ ഒപ്പുവച്ച ഗവര്‍ണറെ പ്രതിപക്ഷമല്ലാതെ മറ്റാര് വിമര്‍ശിക്കും? ഗവര്‍ണറുടെ നിയമലംഘനത്തെയും ഭരണഘടനാ ലംഘനത്തെയുമാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. കൈ ബോംബുമായി വിമാനം ഹൈജാക്ക് ചെയ്യുന്നവരെ പോലെ നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്നാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പൊതുഭരണ സെക്രട്ടറിയെ ബലിയാടാക്കി. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വന്നേനെ. പൊതുഭരണ സെക്രട്ടറിയെ ബെലി കൊടുത്ത മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനമാണ് പൊതുഭരണ സെക്രട്ടറി നടപ്പാക്കിയതെന്നു പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഇത്തരം നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ പോലെ ഒത്തുതീര്‍പ്പുകളില്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഉപയോഗിക്കേണ്ട ഭാഷയല്ല ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് മറുപടി കൊടുക്കേണ്ടതും അതേ ഭാഷയിലാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ ഒപ്പുവയ്‌ക്കേണ്ടത് തന്റെ ബാധ്യതയാണെന്നു പറഞ്ഞ ഗവര്‍ണര്‍ തന്നെയാണ് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കില്ലെന്ന് പറഞ്ഞതും. പൂര്‍വാശ്രമത്തിലെ പോലെ ഗവര്‍ണര്‍ക്ക് ഇപ്പോഴും ഒരു സ്ഥിരതയുമില്ല. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അഞ്ചു തവണ പാര്‍ട്ടി മാറിയൊരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വമായിരിക്കും.

Leave a Reply