Sunday, November 24, 2024
HomeNewsതിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്

തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവരെ പരിശോധിച്ചപ്പോഴാണ് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. 

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 42 കുട്ടികളാണ് ചികിത്സ തേടിയത്. ഇതില്‍ വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് നോറോ വൈറസ് ബാധ ഉണ്ടാവുന്നത്.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒആര്‍എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്.

ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ വരെ രോഗിയില്‍ നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും നന്നായി കഴുകണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക തുടങ്ങി രോഗം വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments