മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ മേുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ ശബരിനാഥിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരീനാഥൻ ആണെന്ന് വവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തെ തുടർന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തേക്ക്് വിമാനയാത്രക്ക് വിലക്കേർപ്പെടുത്തി. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. ഇതേ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് രണ്ടാഴ്ചയാണ് വിലക്കേർപ്പെടുത്തിയത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പിണറായി വിജയന്റെ യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരാണ് പ്രതിഷേധിച്ചത്.