Pravasimalayaly

കുട്ടികൾക്ക് മുന്നിൽ ന​ഗ്നത പ്രദർശനം; ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി; പെൺകുട്ടികൾക്കു മുന്നിൽ ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹര്‍ജിയില്‍ പറയുന്നത്.  തുടര്‍ച്ചയായ ജയില്‍വാസം ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത് രവി നിലവിൽ റിമാൻഡിലാണ്. 

കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഏഴാം തിയതിയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം.

പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

Exit mobile version