Pravasimalayaly

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും

കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ കുറ്റപത്രം അടുത്ത വെള്ളിയാഴ്ച സമര്‍പ്പിക്കും. ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലി റിമാ ദേവിനുമെതിരെയാണ് കുറ്റപത്രം. കേസില്‍ മുഖ്യ ആസൂത്രണം നടത്തിയത് അഞ്ജലിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. റോയ് വയലാറ്റും അഞ്ജലി റിമാദേവും സൈജു തങ്കച്ചനും ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മനുഷ്യക്കടത്തിന് സഹായിച്ചതിന് അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിട്ടുണ്ട്.

വയനാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ മൂന്നാംപ്രതിയാണ് അഞ്ജലി. തന്നെയും മകളെയും ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതി.

പോക്‌സോ കേസിലെ പരാതിക്കാരി ഉള്‍പ്പടെയുള്ളവര്‍ കോഴിക്കോട് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയര്‍ത്തുന്നത്. തന്നെ കുടുക്കിയതാണെന്നും അഞ്ജലി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

Exit mobile version