Saturday, November 23, 2024
HomeNewsKeralaനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം രണ്ട് ദിവസം മുമ്പാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലന്‍സ് രജിസ്ട്രാര്‍ ഇറക്കിയത്.

എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കോടതിയുടെ പരിധിയില്‍ ഇരിക്കേ ദൃശ്യം ചോര്‍ന്നു എന്നുള്ളതാണ് ഗുരുതര ആരോപണം. ഈ വിഷയത്തിലാണ് കോടതി അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ വിദേശത്തുള്ള പലരുടെയും പക്കലുണ്ടെന്നും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍, എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

ഇതിനിടെ പ്രതികളുടെ നീക്കം തടയാന്‍ പരമാവധി തെളിവ് ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. കുസാറ്റ് ആല്‍ഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

കേസില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും അടക്കം അഞ്ച് പ്രതികള്‍ക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments