കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സംസ്ഥാന വ്യാപകമായി നടന്ന വനം കൊള്ളയുടെ അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കേരളത്തിലെ ഏറ്റവും മികച്ച അഴിമതി മന്ത്രിക്കുള്ള വീരപ്പൻ അവാർഡ് നൽകി നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ യുവജനവിഭാഗമായ എൻ സി വൈ കെ യുടെ എറണാകുളം ജില്ലാ കമ്മിറ്റി.
സംസ്ഥാന വ്യാപകമായി നടന്ന വനം കൊള്ളയിൽ അന്വേഷണം അട്ടിമറിക്കാൻ വകുപ്പ് മന്ത്രി ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചും ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോടികളുടെ വനം കൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, മുൻ റവന്യൂ വനം വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലാരിവട്ടം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് മുമ്പിൽ നടത്തിയ ധർണയിലാണ് പ്രതീകാത്മക അവാർഡ് കൈമാറിയത്.
പ്രക്ഷോഭ സമരം എൻ സി കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വന സമ്പത്തിന്റെയും വന്യജീവികളെയും പരിപാലനത്തിനായി നിലകൊള്ളുന്ന കേരള വനം വന്യജീവി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് എൻ സി കെ യുടെ യുവജനവിഭാഗമായ എൻ സി വൈ കെ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.
എൻ സി കെ സംസ്ഥാന ട്രഷറർ സിബി തോമസ്, എൻ വൈ സി കെ ജില്ലാ പ്രസിഡന്റ് അൽത്താഫ് സലീം, ജിപ്സൺ ജോൺ ടി എം സൂരജ് സലിം ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു