തിരുവനന്തപുരം
സംഗീത സംവിധായകൻ മുരളി സിതാര (65) അന്തരിച്ചു. വട്ടിയൂർക്കാവിലെ വീട്ടിൽ ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. 1987 ൽ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും.
ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. 1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.
ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.
ശോഭനകുമാരിയാണ് ഭാര്യ. കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുൻ മുരളി, വിപിൻ എന്നിവർ മക്കളാണ്.